Asianet News MalayalamAsianet News Malayalam

ഹൈഡ്രോപോണിക്‌സ് കൃഷി ലാഭകരമാണോ? എന്തൊക്കെ ശ്രദ്ധിക്കണം

പച്ചക്കറികള്‍ ഒരു തരത്തിലുമുള്ള അസുഖങ്ങളും ബാധിക്കാതെ വളര്‍ത്തിയെടുക്കാന്‍ മണ്ണില്ലാക്കൃഷിയിലൂടെ കഴിയും. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലത്തും അനുവര്‍ത്തിക്കാവുന്ന മാര്‍ഗമാണിത്. 

Is hydroponics farming profitable?
Author
Thiruvananthapuram, First Published Apr 28, 2020, 9:55 AM IST

മണ്ണില്‍ മാത്രം കൃഷി ചെയ്ത് മടുത്തെങ്കില്‍ ഹൈഡ്രോപോണിക്‌സ് കൃഷി ഒന്ന് പരീക്ഷിക്കാം. പോഷകങ്ങളടങ്ങിയ ലായനിയില്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണിത്. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വിളവുണ്ടാക്കാന്‍ കഴിയുമെങ്കിലും ഹൈഡ്രോപോണിക്‌സ് കൃഷി പൂര്‍ണമായും വിജയമാണോ? എന്തുകൊണ്ടാണ് സാധാരണക്കാരായ കര്‍ഷകര്‍ ഈ രീതി സ്വീകരിക്കാന്‍ മടിക്കുന്നത്?

വെള്ളത്തില്‍ ലയിക്കുന്ന ധാതുക്കളും പോഷക വസ്തുക്കളുമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഹൈഡ്രോപോണിക്സ് കൃഷിരീതിയില്‍ ചെയ്യുന്നത് ചെടികളുടെ വേരുകള്‍ മണ്ണിലല്ലാതെ പെര്‍ലൈറ്റ്, വെര്‍മിക്കുലൈറ്റ് എന്നീ നിഷ്‌ക്രിയ മാധ്യമത്തില്‍ വളര്‍ത്തുകയെന്നതാണ്. പോഷകമൂല്യങ്ങള്‍ അടങ്ങിയ ലായനി വളരെപ്പെട്ടെന്ന് ചെടികളുടെ വേരുകള്‍ വലിച്ചെടുക്കുന്നു.

പച്ചക്കറികള്‍ ഒരു തരത്തിലുമുള്ള അസുഖങ്ങളും ബാധിക്കാതെ വളര്‍ത്തിയെടുക്കാന്‍ മണ്ണില്ലാക്കൃഷിയിലൂടെ കഴിയും. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലത്തും അനുവര്‍ത്തിക്കാവുന്ന മാര്‍ഗമാണിത്. കര്‍ഷകര്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുമെന്നതാണ് ഇതില്‍ നിന്നും പലരും പിന്തിരിയാന്‍ കാരണം.

ഒരു സാധാരണ പോളിഹൗസില്‍ ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാന്‍ രണ്ടു ലക്ഷം രൂപ ആവശ്യമാണ്. പക്ഷേ, കാബേജും കാപ്‌സിക്കവും തക്കാളിയും മറ്റുള്ള ഇലക്കറികളും നട്ടുവളര്‍ത്തിയാല്‍ ഇതേ പോളിഹൗസില്‍ നിന്ന് മുടക്കുമുതലിനേക്കാള്‍ ഇരട്ടി ലാഭം നേടാം. അതുപോലെ മണ്ണ് വഴി പകരുന്ന അസുഖങ്ങള്‍ ഇല്ലാതാക്കാനും കഴിയും. ഒരിക്കല്‍ ചെടികള്‍ നനച്ചാല്‍ പിന്നെ 15 ദിവസത്തോളം വെള്ളം ആവശ്യമില്ല.

ഹൈഡ്രോപോണിക്‌സിന്റെ ഗുണഗണങ്ങള്‍

1. മണ്ണില്ലാതെ ചെയ്യുന്ന കൃഷി

ഭൂമി ഇല്ലാത്തവര്‍ക്കും വളരെക്കുറഞ്ഞ ഭൂമിയുള്ളവര്‍ക്കും മലിനീകരിക്കപ്പെട്ട സ്ഥലത്ത് താമസിക്കുന്നവര്‍ക്കുമെല്ലാം സുരക്ഷിതമായി ചെയ്യാന്‍ പറ്റുന്ന കൃഷിയാണിത്. നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഭാവിയില്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ രീതിയില്‍ പച്ചക്കറികള്‍ വളര്‍ത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

2. സ്ഥലത്തിന്റെ ഫലപ്രദമായ ഉപയോഗം

ഹൈഡ്രോപോണിക്‌സ് വഴി നിങ്ങള്‍ക്ക് ചെറിയ അപ്പാര്‍ട്ട്‌മെന്റിലും ബെഡ്‌റൂമിലും അടുക്കളയിലും വരെ കൃഷി ചെയ്യാം. അതായത് നിങ്ങളുടെ ചെടികള്‍ തൊട്ടടുത്ത് തന്നെ വളര്‍ത്താനാകും.

3. വെള്ളം പാഴാകുന്നില്ല

ചെടികള്‍ക്ക് വളരാന്‍ വളരെക്കുറച്ച് മാത്രം വെള്ളം മതി. അതുകൊണ്ട് ജലനഷ്ടം തടയാന്‍ കഴിയുന്നു.

4. ഉയര്‍ന്ന വളര്‍ച്ചാനിരക്ക്

ഒരു ചെടിക്ക് നന്നായി വളരണമെങ്കില്‍ അനുകൂലമായ കാലാവസ്ഥ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഹൈഡ്രോപോണിക്‌സ് വഴി ഒരു ചെടിക്ക് വളരെ പെട്ടെന്ന് വളരാന്‍ കഴിയും. ഇവിടെ താപനിലയും വെളിച്ചവും ഈര്‍പ്പവും പോഷകങ്ങളും ആവശ്യമായ രീതിയില്‍ നമ്മള്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.

ചെടികള്‍ വളരാന്‍ പോഷകമൂല്യങ്ങള്‍ ആവശ്യമാണ്. ഹൈഡ്രോപോണിക്‌സ് വഴി വേരുകളിലൂടെ നേരിട്ട് പോഷകങ്ങള്‍ വലിച്ചെടുക്കപ്പെടുന്നു. മണ്ണില്‍ നിന്നും വലിച്ചെടുക്കാനായി ഉപയോഗിക്കുന്ന ഊര്‍ജനഷ്ടം ഇല്ലാതാക്കി വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ ഈ രീതിയിലുള്ള കൃഷിയിലൂടെ കഴിയും.

ഹൈഡ്രോപോണിക്‌സിന്റെ വെല്ലുവിളികള്‍

വൈദ്യുതി ഉപയോഗിച്ചാണ് നിങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ വൈദ്യുതി ഇല്ലാതാകുമ്പോള്‍ സിസ്റ്റം പണി നിര്‍ത്തും. അങ്ങനെ ചെടികള്‍ വരണ്ടുണങ്ങി നശിച്ചുപോകും. അതുകൊണ്ട് ബാക്ക്അപ്പ് ആയി ഊര്‍ജ്ജത്തിന്റെ ഉറവിടം കണ്ടെത്തണം.

മണ്ണില്‍ വളരുന്ന ചെടികള്‍ക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് അതിജീവിക്കാന്‍ കഴിയും. പ്രകൃതിയും മണ്ണും ചില സന്തുലിതാവസ്ഥ കൈവരിക്കാന്‍ സഹായിക്കും. എന്നാല്‍, ഹൈഡ്രോപോണിക്‌സില്‍ പ്രകൃതിദത്തമായ പരിചരണം നടക്കുന്നില്ല. നിങ്ങളുടെ അധ്വാനത്തെ ആശ്രയിച്ചാണ് ചെടികള്‍ വളരുന്നത്.

പല രീതിയിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഈ സംവിധാനത്തിലൂടെ കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയെന്നത് എളുപ്പമല്ല. ഈ സംവിധാനത്തെക്കുറിച്ചുള്ള അറിവുണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പിഴവ്  ചെടിയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കാം.

വൈദ്യുതിയും വെള്ളവും പ്രയോജനപ്പെടുത്തുന്ന കൃഷി ആയതുകൊണ്ട് സുരക്ഷിതത്വം വളരെ ശ്രദ്ധിക്കണം.


 

Follow Us:
Download App:
  • android
  • ios