സാമ്പത്തിക  സര്‍വേയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ 70 ശതമാനം പേരും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് പറയുന്നു. അതില്‍ തന്നെ 82 ശതമാനം പേരും ചെറിയ ചെറിയ കര്‍ഷകരാണ്. സ്വതവേ കഷ്ടതകളനുഭവിക്കുന്ന ഇവരെ വരള്‍ച്ച, വെള്ളപ്പൊക്കം, കീടാക്രമണം തുടങ്ങിയവയും പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. ഏതായാലും ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കര്‍ഷകരുടെ അവസ്ഥ മനസിലാക്കിയ ആളാണ് നീല്‍കാന്ത് മിശ്ര. ഝാര്‍ഖണ്ഡില്‍ നിന്നുള്ള സോഷ്യല്‍ എന്‍റര്‍പ്രണറാണ് നീല്‍കാന്ത് മിശ്ര. 2006 മുതല്‍ 2009 വരെ 'ഓക്സ്ഫാമി'ന്‍റെ പ്രോഗ്രാം ഓഫീസറായി ജോലി ചെയ്യവേ മത്സ്യത്തൊഴിലാളികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആളായിരുന്നു നീല്‍കാന്ത്. മത്സ്യകര്‍ഷകരമായി ബന്ധപ്പെട്ട് അവര്‍ക്ക് കൃത്യമായി വരുമാനം നേടിക്കൊടുക്കാനാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനാവുമെന്ന് ആ കാലത്താണ് അദ്ദേഹം മനസിലാക്കുന്നത്. 

അങ്ങനെയാണ് 2013 -ല്‍ അദ്ദേഹം 'ജല്‍ജീവിക' എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആരംഭിക്കുന്നത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ ചിലവു കുറഞ്ഞ സാങ്കേതികവിദ്യയിലൂടെ എങ്ങനെ മികച്ച ലാഭമുണ്ടാക്കാം എന്ന് പരിചയപ്പെടുത്തുകയായിരുന്നു ജല്‍ജീവികയുടെ ലക്ഷ്യം. ചെറിയ ഇന്‍വെസ്റ്റ്മെന്‍റുകളിലൂടെ എങ്ങനെ മത്സ്യബന്ധന ഉപകരണങ്ങളും മറ്റും ഉപയോഗിക്കാം എന്ന് പരിചയപ്പെടുത്തുകയും ചെയ്‍തു ഈ എന്‍ജിഒ. അതുപോലെതന്നെ സ്ത്രീകളെയും മത്സ്യ കൃഷിയിലേക്ക് ഇറങ്ങുന്നതിന് പ്രോത്സാഹിപ്പിച്ചു. 

ഝാർഖണ്ഡ്‌, മധ്യ പ്രദേശ്, ബിഹാര്‍, ഒഡീഷ, വെസ്റ്റ് ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ജല്‍ജീവിക പ്രവര്‍ത്തിച്ചു. ആയിരത്തിലധികം മത്സ്യത്തൊഴിലാളികളെ മൈക്രോസംരംഭകരാക്കി മാറ്റി. രാജ്യത്തെ 25,000 -ത്തിലധികം വരുന്ന ഇങ്ങനെയുള്ള തൊഴിലാളികളുടെ ജീവിതം മാറ്റാന്‍ ജല്‍ജീവികയ്ക്കായി. അതില്‍ത്തന്നെ അയ്യായിരത്തിലധികം വനിതകളുടെ സ്വയം സഹായ സംഘങ്ങളുണ്ടാക്കി. 

സാമൂഹിക പ്രവര്‍ത്തകനില്‍നിന്നും മാറ്റങ്ങളിലേക്ക് 

സ്റ്റീല്‍ വ്യവസായങ്ങളുടെ നാടായ ജംഷദ്‍പൂരിലാണ് നീല്‍കാന്ത് ജനിച്ചത്. 1998 -ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്‍സിറ്റിയില്‍ നിന്നും ഗണിതത്തില്‍ ബിരുദം. അന്നുമുതല്‍ തന്നെ സാമൂഹികമായ എന്തെങ്കിലും മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഒന്നുകില്‍ ജേണലിസം, അല്ലെങ്കില്‍ വികസന മേഖലയുമായി ബന്ധപ്പെട്ട എന്തിലെങ്കിലും പ്രവര്‍ത്തിക്കണം എന്ന് തീരുമാനിച്ചിരുന്നു നീല്‍കാന്ത്. അങ്ങനെ റൂറല്‍ ഡെവലപ്മെന്‍റില്‍ ബിരുദാനന്തരബിരുദമെടുത്തു. പിന്നീട്, ജംഷദ്‍പൂരിലെ ഫ്രീ ലീഗല്‍ എയിഡ് കമ്മിറ്റിയില്‍ ചേരുകയും ഝാര്‍ഖണ്ഡിലും ബിഹാറിലും നിലനിന്നിരുന്ന 'വിച്ച് ഹണ്ടിംഗി'നെതിരെ പ്രവര്‍ത്തിക്കുകയും ചെയ്‍തു. ഇതുമായി ബന്ധപ്പെട്ട് വിച്ച് ഹണ്ടിംഗിന് ഇരകളായ നൂറ്റമ്പതോളം പേരുമായി സംസാരിച്ചു. ബോധവല്‍ക്കരണം നടത്തി. അഭിഭാഷകരും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായ ആളുകളെ കണ്ടു നിയമപരമായ നടപടികളെടുക്കാനായി പ്രവര്‍ത്തിച്ചു. ഇതിന്‍റെയൊക്കെ ഫലമായി 2001 -ല്‍ ഝാര്‍ഖണ്ഡ് ഗവണ്‍മെന്‍റ് വിച്ച് ഹണ്ട് നിയമം മൂലം നിരോധിച്ചു. 

പിന്നീട് രണ്ട് വര്‍ഷത്തോളം ആദിവാസികളുടെ അവകാശം, മനുഷ്യാവകാശം, ദളിതരുടെ അവകാശം, ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പിന്നീടാണ് അദ്ദേഹം ലഖ്‍നൗവിലെ ഓക്സ്ഫാം ഓഫീസില്‍ പ്രോഗ്രാം ഓഫീസറായി ചേരുന്നത്. അത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 

 

എങ്ങനെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉത്പാദനച്ചെലവ് കുറക്കാം എന്നദ്ദേഹം പരിശോധിച്ചു. മത്സ്യബന്ധന ഉപകരണങ്ങളും മത്സ്യങ്ങള്‍ക്കുള്ള തീറ്റയും എങ്ങനെ നിർമ്മിക്കാമെന്ന് അവരെ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പഠിപ്പിച്ചു. അതുപോലെ തന്നെ വിപണിയുമായും കൃഷിക്കാര്‍ ബന്ധം പുലര്‍ത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അതിനായി പരിശീലനങ്ങളും സംഘടിപ്പിച്ചു. മൂന്നുവര്‍ഷം ഈ രംഗത്ത് പ്രവര്‍ത്തിച്ചപ്പോഴാണ് അവര്‍ക്കായി ഒരു ഓര്‍ഗനൈസേഷന്‍ ആവശ്യമാണ് എന്ന് നീല്‍കാന്തിന് തോന്നുന്നത്. അങ്ങനെ 2013 -ല്‍ ജല്‍ജീവിക പിറവിയെടുക്കുകയായിരുന്നു. 

ആദ്യകാലങ്ങളിലൊന്നും തന്നെ അതുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ മത്സ്യകര്‍ഷകരൊന്നും തയ്യാറായിരുന്നില്ല. മീന്‍ പിടിക്കുന്നതിനായി ശരിയായ ഉപകരണം ആവശ്യമായിരുന്നു. യഥാര്‍ത്ഥ ഉപകരണത്തിന് രണ്ട് ലക്ഷം രൂപ വരെ ആകുമായിരുന്നു. എന്നാല്‍, മുളയടക്കമുള്ള സാധനങ്ങളുപയോഗിച്ച് അതെങ്ങനെ സ്വയം നിര്‍മ്മിക്കാമെന്ന് ജല്‍ജീവിക പരിചയപ്പെടുത്തി. മത്സ്യക്കുഞ്ഞുങ്ങളെയും മത്സ്യമുട്ടകളും എങ്ങനെ ഉണ്ടാക്കാമെന്നതിനെക്കുറിച്ചും ജല്‍ജീവിക പരിചയപ്പെടുത്തിയിരുന്നു. വിത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ചും മറ്റും പലപ്പോഴും മത്സ്യകര്‍ഷകര്‍ ബോധവാന്മാരാവാറില്ല. അതിനെകുറിച്ചും അവര്‍ക്ക് ക്ലാസ് നല്‍കി. എല്ലാത്തിലുമുപരിയായി മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുണ്ടാക്കി. അത് ആ സ്ത്രീകളുടെ ജീവിതത്തില്‍ അതുവരെയുണ്ടാക്കാത്ത മാറ്റമാണ് ഉണ്ടാക്കിയത്. സ്വയം പര്യാപ്‍തമായ ജീവിതമാണ് ഇതുവഴി അവര്‍ക്ക് ലഭിച്ചത്. 

പലപ്പോഴും കാലാവസ്ഥയടക്കം പല പ്രതികൂല സാഹചര്യങ്ങളും മറികടന്നാണ് മത്സ്യകര്‍ഷകരും തൊഴിലാളികളും അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. ഈ സാഹചര്യത്തിലാണ് നീല്‍കാന്തും ജല്‍ജീവികയും എങ്ങനെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നേടാനാവുമെന്ന് ആ കര്‍ഷകര്‍ക്ക് മനസിലാക്കി കൊടുത്തത്. കൂടാതെ വെറും മത്സ്യകര്‍ഷകരായിരുന്ന അവരില്‍ പലരെയും സംരംഭകരാക്കി മാറ്റാനും ജല്‍ജീവികയ്ക്ക് കഴിഞ്ഞു.