Asianet News MalayalamAsianet News Malayalam

മുഗ പട്ടുനൂല്‍പ്പുഴുവിനെ സംരക്ഷിക്കാന്‍ ജിതുല്‍; നേടുന്നത് മികച്ച വരുമാനവും

കര്‍ഷകര്‍ വ്യത്യസ്ത ഇനം സസ്യങ്ങളെ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്താനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വ്യത്യസ്ത ജീവിത ചക്രത്തില്‍ അനുയോജ്യമായ ചെടികളെ മാറ്റി ആതിഥേയ സസ്യമാക്കി ഉപയോഗിക്കാനുള്ള പ്രായോഗികത ആരും കാണിക്കാറില്ലെന്ന് ജിതുല്‍ പറയുന്നു. ലാര്‍വയുടെ വളര്‍ച്ചാഘട്ടത്തില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണമാണ് വ്യത്യാസപ്പെടുന്നത്.

Jitul Saikia fighting to save Muga Silk Worms
Author
Assam, First Published Feb 3, 2020, 3:49 PM IST

മുഗ പട്ടുനൂല്‍പ്പുഴു ഉത്പാദിപ്പിക്കുന്ന ഗോള്‍ഡന്‍ ഷേഡിലുള്ള പട്ട് കണ്ടിട്ടുണ്ടോ? ആസാം സ്വദേശിയായ ജിതുല്‍ സൈക്യ സ്വയം കണ്ടുപിടിച്ച വഴിയിലൂടെ മുഗ പട്ടുനൂലിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും കൂടുതല്‍ വരുമാനം നേടുകയും ചെയ്തൊരാളാണ്. ഒരേ സമയം കര്‍ഷകന്റെയും ശാസ്ത്രജ്ഞന്റെയും പ്രകൃതി സംരക്ഷകന്റെയും റോള്‍ മനോഹരമാക്കുന്ന ജിതുലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്‍പ്പം കാര്യം.

വില പിടിപ്പുള്ളതും മനോഹരവുമായ പട്ടുവസ്ത്രങ്ങള്‍ നെയ്യുന്നത് ഈ പ്രത്യേകത തരം പട്ട് ഉപയോഗിച്ചാണ്. മുഗാ പട്ടുനൂല്‍പ്പുഴുവിന് വളരാനുള്ള 12 ഇനത്തില്‍പ്പെട്ട ചെടികളെ സംരക്ഷിക്കുക കൂടിയാണ് ജിതുല്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഫാമില്‍ രണ്ട് ഹെക്ടറില്‍ ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്നു. നൂതനവും വിപുലമായതുമായ രീതിയില്‍ സസ്യജാലങ്ങളെ ഉപയോഗപ്പെടുത്തി ഗോള്‍ഡന്‍ സില്‍ക്കിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി ലാഭമുണ്ടാക്കാനും കഴിഞ്ഞു.

മുഗ പട്ടുനൂല്‍പ്പുഴുവിന്റെ മുട്ടകള്‍ ഉത്പാദിപ്പിക്കാനായി നൂതനമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയും അതുവഴി ദുര്‍ബലമായ പുഴുക്കളെ സംരക്ഷിക്കാനും ജിതുലിന്  കഴിഞ്ഞിട്ടുണ്ട്.

പട്ടുനൂല്‍പ്പുഴുവിനെ വളര്‍ത്താനുള്ള 12 ഇനം ചെടികള്‍

ചില പ്രത്യേക തരം സസ്യങ്ങളെ മാത്രം ആശ്രയിച്ചാണ് മുഗ പട്ടുനൂല്‍പ്പുഴുക്കള്‍ വളരുന്നത്. ഇത്തരത്തിലുള്ള 12 ഇനത്തില്‍പ്പെട്ട ചെടികളില്‍ ഔഷധഗുണമുള്ളവയുമുണ്ട്. സില്‍ക്കിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നൂതനമായ മാര്‍ഗവും ജിതുല്‍ സൈക്യ കണ്ടെത്തിയിട്ടുണ്ട്. അതായത് പട്ടുനൂല്‍പ്പുഴുക്കളെ അവയുടെ ജീവിതചക്രത്തിന്റെ വ്യത്യസ്ത അവസ്ഥകളില്‍ വ്യത്യസ്തമായ ചെടികളിലേക്ക് മാറ്റി വളര്‍ത്തുകയാണ് ചെയ്യുന്നത്.

ജിതുല്‍ കണ്ടെത്തിയ വ്യത്യസ്ത ചെടികള്‍ രാസഘടനയിലും രൂപഘടനയിലും വ്യത്യസ്തമാണ്. ഈ വ്യത്യാസമാണ് പട്ടുനൂല്‍പ്പുഴു വളര്‍ത്തലില്‍ കാതലായ അംശം. ചില ആതിഥേയ സസ്യങ്ങള്‍ സില്‍ക്ക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മറ്റു ചിലത് ഉയര്‍ന്ന ഗുണനിലവാരമുള്ള മുട്ട ഉത്പാദനം വര്‍ധിപ്പിക്കുന്നു. എന്നാല്‍ വലിയ ഇലകളുള്ള മറ്റു ചില ചെടികള്‍ മഴക്കാലത്ത് പുഴുക്കള്‍ക്ക് അഭയം നല്‍കുന്നു.

കര്‍ഷകര്‍ വ്യത്യസ്ത ഇനം സസ്യങ്ങളെ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്താനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വ്യത്യസ്ത ജീവിത ചക്രത്തില്‍ അനുയോജ്യമായ ചെടികളെ മാറ്റി ആതിഥേയ സസ്യമാക്കി ഉപയോഗിക്കാനുള്ള പ്രായോഗികത ആരും കാണിക്കാറില്ലെന്ന് ജിതുല്‍ പറയുന്നു. ലാര്‍വയുടെ വളര്‍ച്ചാഘട്ടത്തില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണമാണ് വ്യത്യാസപ്പെടുന്നത്.

സാധാരണ കര്‍ഷകര്‍ 110  മുതല്‍ 115 വരെ പട്ടുനൂല്‍പ്പുഴുക്കളുടെ മുട്ടകള്‍ മാത്രം വിരിയിക്കുന്ന സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പുതിയ ആശയം വഴി 250 മുട്ടകള്‍ വിരിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തന്റെ പരീക്ഷണത്തെക്കുറിച്ചുള്ള ഓരോ നിഗമനങ്ങളും ഇദ്ദേഹം കൃത്യമായി രേഖപ്പടുത്തിയിട്ടുണ്ട്. എന്നിരുന്നാലും മറ്റുള്ള കര്‍ഷകര്‍ ഇതുവരെ ഈ മാര്‍ഗം പിന്തുടര്‍ന്നിട്ടില്ല. പട്ടുനൂല്‍പ്പുഴുക്കളിലെ മറ്റു വര്‍ഗങ്ങളിലും ജിതുല്‍ ഇതേ മാര്‍ഗം പരീക്ഷിച്ചിട്ടുണ്ട്.

സംരംഭകനും ശാസ്ത്രജ്ഞനും സംരക്ഷകനുമായ ജിതുല്‍

പട്ടുനൂല്‍പ്പുഴുക്കളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവിധയിനം മാങ്ങകള്‍ സംരക്ഷിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. ഇപ്പോള്‍  52 ഇനം മാവുകള്‍ വളര്‍ത്തുന്നുണ്ട്.

ഇതുകൂടാതെ രണ്ട് ഹെക്ടര്‍ സ്ഥലത്ത് ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കാനായി പ്രത്യേകം സസ്യജാലങ്ങളെ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ആദിവാസികള്‍ താമസിക്കുന്ന വനപ്രദേശങ്ങളില്‍ നിന്നും ചെടികള്‍ ശേഖരിച്ച് ഈ ഭൂമിയില്‍ കൃഷി ചെയ്യുന്നു.

തന്റെ കൃഷിഭൂമി ലബോറട്ടറി ആക്കിമാറ്റി പരീക്ഷണം നടത്തുകയായിരുന്നു ഇദ്ദേഹം. സ്വന്തം ഭൂമി പരീക്ഷണത്തിനായി ഉപയോഗിക്കുക മാത്രമല്ല, സ്വന്തം സമ്പാദ്യത്തില്‍ നിന്ന് 5 ലക്ഷത്തോളം രൂപ വര്‍ഷത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്.

ഭാഗ്യം വരാനായി കാത്തുനില്‍ക്കാതെ ബുദ്ധിപരമായി കാര്‍ഷിക മേഖലയില്‍ ഇടപെടുകയും ശാസ്ത്രീയമായ അറിവുകള്‍ ഉപയോഗിക്കുകയും ചെയ്ത് മുഗ പട്ടുനൂല്‍ ഉത്പാദനം വിജയകരമാക്കിത്തീര്‍ത്ത ക്രെഡിറ്റ് ഇദ്ദേഹത്തിന് സ്വന്തം. മറ്റുള്ള കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനായി ഈ വഴി പറഞ്ഞുകൊടുക്കാനും പരിശീലിപ്പിക്കാനുമാണ് ജിതുലിന്റെ ശ്രമം.

(കടപ്പാട്: Krishi Jagran)
 

Follow Us:
Download App:
  • android
  • ios