ലോകത്തിലെ ഏറ്റവും സവിശേഷമായ റോസ് ആയതിനാൽ തന്നെ ഇവയെ എല്ലായിടത്തും പരിപാലിക്കുക സാധ്യമല്ല. തീർച്ചയായും പ്രത്യേകമായ പരിചരണം ഈ ചെടിക്ക് ആവശ്യമാണ്.

ഫെബ്രുവരി പ്രണയത്തിൻ്റെ മാസമാണ്, വർഷത്തിലെ രണ്ടാം മാസത്തിന്റെ പുതുമ ഒട്ടും കുറയ്ക്കാതെ ആദ്യ ആഴ്ചയിൽ തന്നെ തുടങ്ങും ആഘോഷങ്ങളുടെ ദിനങ്ങൾ. ഫെബ്രുവരി 7 -ലെ റോസ് ഡേയിൽ തുടങ്ങുന്ന ആഘോഷങ്ങൾ പ്രൊപ്പോസ് ഡേയും ചോക്ലേറ്റ്‍ ഡേയും ടെഡി ഡേയും പ്രോമിസ് ഡേയും ഹഗ്ഗിംഗ് ഡേയും കിസ്സിങ് ഡേയും കഴിഞ്ഞ് എത്തിനിൽക്കുക ഫെബ്രുവരി 14 -ലെ വാലന്റൈൻസ് ദിനത്തിലാണ്. അതുകൊണ്ടുതന്നെ സ്നേഹത്തിന്റെയും കരുതലിന്റെയും ഒക്കെ മാസമായിക്കൂടി ഫെബ്രുവരിയെ വിശേഷിപ്പിക്കാം. 

പ്രണയിക്കുന്നവരുടെ മാസമായ ഫെബ്രുവരിയിൽ പുഷ്പങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് റോസാ പുഷ്പങ്ങൾ. പരസ്പരം പ്രണയിക്കുന്നവർ തമ്മിൽ ഒരു തവണയെങ്കിലും പരസ്പരം ഒരു റോസാപ്പൂ എങ്കിലും കൈമാറിയിട്ടുണ്ടാവും. വാലന്റൈൻസ് ദിനത്തിലെ ഏറ്റവും മനോഹരമായ ഒരു സമ്മാനം കൂടിയാണ് ഇത്. പരസ്പരം കൈമാറുന്ന ഈ റോസാപ്പൂ ഒരു പുഷ്പം മാത്രമല്ല, പരസ്പര സ്നേഹത്തിൻറെ ആഴവും ഊഷ്മളതയും ഒക്കെ പ്രകടമാക്കുന്ന ഒന്നുകൂടിയാണ്.

ഇനി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള റോസാപ്പൂ ഏതാണെന്ന് അറിയാമോ? ജൂലിയറ്റ് റോസ് എന്നാണ് ഇതിന്റെ പേര്, പേര് കേൾക്കുമ്പോൾ ഒരു ഷേക്സ്പിരിയൻ ബന്ധം മണക്കുന്നത് സ്വാഭാവികം. ലോകത്തിലെ ഏറ്റവും സവിശേഷമായ റോസ് ആയതിനാൽ തന്നെ ഇവയെ എല്ലായിടത്തും പരിപാലിക്കുക സാധ്യമല്ല. തീർച്ചയായും പ്രത്യേകമായ പരിചരണം ഈ ചെടിക്ക് ആവശ്യമാണ്. ഈ വിശേഷപ്പെട്ട റോസാപുഷ്പം വിഖ്യാത ഫ്ലോറിസ്റ്റായ ഡേവിഡ് ഓസ്റ്റിൻ രൂപകല്പന ചെയ്‌തതാണ്. അദ്ദേഹം ഏകദേശം 15 വർഷമെടുത്ത് വിവിധ റോസ് ഇനങ്ങളെ ക്രോസ് ബ്രീഡിംഗ് നടത്തി സൃഷ്ടിച്ചതാണ് ജൂലിയറ്റ് റോസ്.

ആപ്രിക്കോട്ട് നിറമുള്ള ഈ റോസ് അസാധാരണമായ സൗന്ദര്യത്തിന് പേരുകേട്ടതാണ്. 2006 -ൽ, ലോകത്തിലെ ഏറ്റവും വിലകൂടിയ റോസാപ്പൂവ് എന്ന വിശേഷണം ജൂലിയറ്റ് റോസ് നേടി. ആ വർഷം 10 ദശലക്ഷം ഡോളറിന് (ഏകദേശം 90 കോടി രൂപ) ആണ് ഒരു ജൂലിയറ്റ് റോസ് വിറ്റുപോയത്.

ഏകദേശം 15.8 മില്യൺ ഡോളർ മൂല്യമുണ്ട് ഇപ്പോൾ ഈ പൂവിന്. മാത്രമല്ല മറ്റൊരു സവിശേഷത കൂടിയുണ്ട് ജൂലിയറ്റ് റോസിന്. കുറഞ്ഞത് മൂന്നുവർഷമെങ്കിലും ഇത് ഉണങ്ങുകയോ വാടുകയോ ചെയ്യാതെ പൂവിടുന്ന സമയത്തെപ്പോലെ മനോഹരമായി നിലനിൽക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം