പലതരത്തിലുള്ള ഫേണ്‍ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വളര്‍ത്താറുണ്ട്. പന്നല്‍ച്ചെടി എന്ന് നമ്മള്‍ പറയുന്ന പലതരം ചെടികളും ഈര്‍പ്പം നിലനിര്‍ത്താനും വായുശുദ്ധീകരിക്കാനുമൊക്കെ കഴിവുള്ളവയാണ്. ആസ്പരാഗസ് ഫേണ്‍, ബോസ്റ്റണ്‍ ഫേണ്‍, ഓക്ക് ലീഫ് ഫേണ്‍ എന്നിങ്ങനെ പലയിനങ്ങളുണ്ട്. എന്നാല്‍ ലേഡി ഫേണ്‍ എന്നയിനം യഥാര്‍ഥത്തില്‍ നമുക്ക് സുപരിചിതമാണെങ്കിലും ഈ പേരില്‍ തിരിച്ചറിയപ്പെടുന്നില്ലെന്നതാണ് വാസ്തവം.

അതൈരിയം ഫെലിക്‌സ് ഫെമിന എന്നറിയപ്പെടുന്ന പൂക്കളുണ്ടാകാത്ത ചെടിയെയാണ് ലേഡി ഫേണ്‍ എന്നും വിളിക്കുന്നത്. ഗ്രീക്ക് വാക്കായ അതൈറോസില്‍ നിന്നാണ് അതൈറിയം എന്ന വാക്കുണ്ടായത്.

ലേഡി ഫേണിന്റെ ഇലകളുണ്ടാകുന്ന ഭാഗം കുത്തനെ നിവര്‍ന്ന് നില്‍ക്കുന്നവയും ലഘുപത്രങ്ങളായി മാറുന്നവയുമാണ്. ഓരോ ഇലത്തണ്ടിലും ഇരുപതോ മുപ്പതോ ജോഡി ലഘുപത്രങ്ങള്‍ അഥവാ ചെറിയ ഇലകളുണ്ടാകും. ശിശിരകാലത്ത് ആദ്യത്തെ മഞ്ഞിനുശേഷം ഇലകള്‍ പൊഴിക്കുന്ന സ്വഭാവമുള്ള ചെടിയാണിത്. തണ്ടുകള്‍ക്ക് ഇലകളുടെ അതേ പച്ചനിറമായിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ ചുവപ്പ് കലര്‍ന്നതും പര്‍പ്പിള്‍ നിറവും ആകാറുണ്ട്.

നീര്‍വാര്‍ച്ചയുള്ള മണ്ണുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താം. ഈ ചെടിക്ക് കൃത്യമായ ഈര്‍പ്പം ആവശ്യമാണ്. മറ്റുള്ള ഫേണിന് ആവശ്യമുള്ളത്ര ഈര്‍പ്പം ലേഡി ഫേണിന് വളരാന്‍ ആവശ്യമില്ല. ഈ ചെടി വിഷാംശമില്ലാത്തതാണ്. വന്യജീവികള്‍ ആഹാരമാക്കാറുണ്ട്. എന്നാല്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാറില്ല. ഒരിക്കല്‍ വളര്‍ന്നാല്‍ പെട്ടെന്ന് തന്നെ വ്യാപിച്ച് വളരാന്‍ കഴിവുണ്ട്.