കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന പലരും തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെ വന്നിട്ടുണ്ട്. അതില്‍ പലര്‍ക്കും ഇത് തങ്ങളുടെ വേരുകളിലേക്കുള്ള തിരിച്ചുപോക്കായിട്ടുമുണ്ട്. അവരില്‍ കൃഷിയിലേക്ക് തിരിഞ്ഞവരും കുറവല്ല. എന്നാല്‍, ലക്ഷ്മി നരസിംഹ ഇക്കുര്‍ത്തി എന്ന മുപ്പത്തിയാറുകാരന്‍ നാട്ടിലേക്ക് തിരികെ വരാനുള്ള തീരുമാനം അതിനും ഒരുപാട് നാളുകള്‍ക്ക് മുമ്പേ എടുത്തതാണ്. യുഎസ്സിലേക്ക് പോകാനുള്ള അവസരം ഉപേക്ഷിച്ച് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള തന്‍റെ വീട്ടിലേക്ക് തന്നെ തിരികെയെത്തിയ നരസിംഹ അവിടെ 'യസാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി' എന്ന പേരില്‍ ഒരു കമ്പനി തുടങ്ങി. അത് ആ ഗ്രാമത്തിലെ നാന്നൂറോളം കര്‍ഷകരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു. 

നാട്ടിലേക്ക് വരാനുള്ള തീരുമാനം നരസിംഹയിലുറക്കുന്നത് രണ്ടായിരത്തിപ്പത്തോട് കൂടിയാണ്. അമ്മയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ നാട്ടിലെ അനേകങ്ങളായ ചെറുപ്പക്കാരുടെ മരണത്തെ കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു അത്. തൊഴിലില്ലായ്മയും നിരാശയും തന്‍റെ നാട്ടിലെ ചെറുപ്പക്കാരെ എത്രമാത്രം അലട്ടുന്നുണ്ടെന്ന് നരസിംഹ ചിന്തിച്ചു തുടങ്ങി. ആ സമയത്ത് ഹൈദ്രബാദില്‍ സിഎസ്‍സിക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു നരസിംഹ. അതുപോലെ ജോലിയുടെ ഭാഗമായി യുഎസ്സിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ദേഹം. എന്നാല്‍, ഈ മരണവാര്‍ത്തകള്‍ യു എസ്സിലേക്ക് പോകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് നരസിംഹയെ നയിച്ചു. 

ഞാന്‍ തിരികെ ഹൈദ്രാബാദിലെത്തുകയും അവിടെയുള്ള ജനങ്ങളുമായിചേര്‍ന്ന് തന്‍റെ നാട്ടില്‍ നിന്നും അങ്ങോട്ട് കുടിയേറിയവര്‍ക്കായി യാസില്‍ നാ ജന്മഭൂമി എന്ന പേരില്‍ ഒരു ഗ്രൂപ്പ് തുടങ്ങി. 400 കുടുംബങ്ങള്‍ അതില്‍ അംഗമായിരുന്നു. ഗ്രൂപ്പിന്‍റെ സഹായത്തോടെ 10 ലക്ഷം രൂപ നരസിംഹ സമാഹരിച്ചു. അത് നാട്ടിലെ സ്‍കൂള്‍ നവീകരിക്കുന്നതിനായിട്ടാണ് ഉപയോഗിച്ചത്. മികച്ച ലാബ്, ചുമരുകള്‍, വെര്‍ച്വല്‍ ലൈബ്രറി, 500 പേര്‍ക്കിരിക്കാവുന്ന കഫെറ്റീരിയ എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു. ഒപ്പം തന്നെ പിരിച്ചെടുത്ത തുകയുപയോഗിച്ച് പ്രായമായവര്‍ക്കായി ഒരു ഓള്‍ഡ് ഏജ് ഹോമും പണി കഴിപ്പിച്ചു. 

നരസിംഹയുടെ പ്രവര്‍ത്തനങ്ങള്‍ നാട്ടിലെ യുവാക്കളില്‍ പ്രതീക്ഷയുണ്ടാക്കി. തൊഴിലില്ലാത്ത ചെറുപ്പക്കാരെ കാര്‍ഷികമേഖലയുമായി എങ്ങനെ ബന്ധപ്പെടുത്താമെന്നും നരസിംഹ ചിന്തിച്ചു. “എന്റെ ഗ്രാമത്തിലെ ചെറുപ്പക്കാർക്കും കൃഷിക്കാർക്കും ഗ്രാമത്തിന്റെ വേരുകൾ മനസിലാക്കാനുള്ള അവസരം ലഭിക്കണമെന്നും പരിശീലന പരിപാടികളിലൂടെ നൂതനസാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി എങ്ങനെ മെച്ചെപ്പെടുത്താമെന്ന അറിവ് അവരിലുണ്ടാക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു'' നരസിംഹ പറയുന്നു. 

ഞങ്ങളുടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന അരിക്കും പച്ചക്കറിക്കും ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുക. ഒരു ഓര്‍ഗനൈസേഷനുണ്ടാക്കുക എന്നതായിരുന്നു മനസിലെന്നാണ് നരസിംഹ പറയുന്നത്. ഈ പ്രൊജക്ടിന്‍റെ ഭാഗമായി ഗുണ്ടൂരിലെ ആചാര്യ എന്‍ജി രംഗ അഗ്രിക്കള്‍ച്ചറര്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി നരസിംഹ. ഇതേത്തുടര്‍ന്ന് യൂണിവേഴ്സിറ്റിയിലെ 40 പിഎച്ച്ഡി വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും ചേര്‍ന്ന് ഗ്രാമം സന്ദര്‍ശിക്കുകയും കൃഷിരംഗത്തെ നൂതനസാങ്കേതിക വിദ്യകളെ കുറിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. 

എന്നാല്‍, കര്‍ഷകര്‍ ഇതല്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയോ ആ രീതിയില്‍ കൃഷി ചെയ്തു തുടങ്ങുകയോ ചെയ്തില്ല. താന്‍ തന്നെ അത് ചെയ്തു തുടങ്ങേണ്ടി വരും എന്ന് നരസിംഹയ്ക്ക് മനസിലായി. അങ്ങനെ യാസലി നാ ജന്മഭൂമിയുടെ പേരില്‍ കുറച്ച് ഭൂമി വാങ്ങി. മുന്തിരി, തണ്ണിമത്തന്‍, പച്ചക്കറികള്‍ എന്നിവയെല്ലാം നട്ടുവളര്‍ത്തി. അതുകഴിഞ്ഞ് അധികം വൈകാതെ നരസിംഹ ജോലി ഉപേക്ഷിച്ചു. എന്തൊക്കെയാണ് ഗ്രാമത്തില്‍ വളര്‍ത്തുന്നത്, എങ്ങനെയാണ് വളര്‍ത്തുന്നത്, അതെങ്ങനെയൊക്കെയാണ് വിറ്റഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളറിയുന്നതിനായി അദ്ദേഹം നാട്ടിലാകെയുള്ള കര്‍ഷകരോട് സംസാരിച്ചു. 

2018 ഒക്ടോബറില്‍ നരസിംഹ നാട്ടിലെ 400 കര്‍ഷകരുമായി ചേര്‍ന്ന് യാസലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ചു. കൃഷിക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുക്കുക, ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുക, ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് എന്ന് ഉറപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം കമ്പനി നോക്കിനടത്തി. 

“ഞങ്ങൾ ഇപ്പോൾ നെല്ല്, ചോളം, പയർവർഗ്ഗങ്ങൾ, പച്ചമുളക്, ചില പച്ചക്കറികൾ എന്നിവ ഉത്പാദിപ്പിക്കുന്നു. പകർച്ചവ്യാധിയായതോടെ കഷ്ടത്തിലായേക്കാവുന്ന നിരവധി കർഷകരെ അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും അനുയോജ്യമായ വിപണികൾ കണ്ടെത്താനും സഹായിക്കാനും കമ്പനിക്ക് കഴിഞ്ഞു. അവർക്ക് നല്ലൊരു വരുമാനം ഉണ്ടാക്കാനും അതിലൂടെ കഴിയുന്നു” എന്ന് അദ്ദേഹം പറയുന്നു.

ഗ്രാമവികസനം, കൃഷി എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി നിരവധി പുരസ്‍കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. നാലായിരത്തോളം കർഷക കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ അയ്യായിരത്തോളം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. ഭാവിയിൽ, യസാലിയെ ഒരു ഗാർഹിക ബ്രാൻഡ് നാമമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു, അത് ഉപഭോക്താക്കളെ അവർ കഴിക്കുന്ന ഭക്ഷണത്തിനായി പ്രവർത്തിച്ച കർഷകരെ വിലമതിക്കാൻ സഹായിക്കും” എന്നും അദ്ദേഹം പറയുന്നു.

(വിവരങ്ങള്‍ക്ക് കടപ്പാട്: ബെറ്റര്‍ ഇന്ത്യ)