Asianet News MalayalamAsianet News Malayalam

ബൈക്കപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റു, അരയ്ക്ക് താഴെ ചലനശേഷിയില്ലാതായി, പക്ഷേ ഈ കര്‍ഷകന്‍റെ ജീവിതം മാതൃകയാണ്

അങ്ങനെയാണ് ജീവിതച്ചെലവുകള്‍ കണ്ടെത്താനായി നാട്ടില്‍ത്തന്നെ ഒരു കുഞ്ഞ് തുണിക്കട തുടങ്ങുന്നത്. പക്ഷേ, മണ്ണിന്‍റെ മണമില്ലാത്ത ആ ജീവിതമൊന്നും ആ കൃഷിക്കാരന് ഒരു ജീവിതമേ ആയിരുന്നില്ല. നിലവും മണ്ണും അദ്ദേഹത്തെ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. 

life of Karnail Singh a farmer from Bassi Ghulam Hussain
Author
Punjab, First Published Mar 24, 2020, 3:03 PM IST

ഇതൊരു മനുഷ്യന്‍റെ അപ്രതീക്ഷിതമായ തിരിച്ചുവരവിന്‍റെ കഥയാണ്. ഒരിക്കലും പഴയപോലൊരു ജീവിതമുണ്ടാകില്ല എന്നു കരുതിയിരുന്നിടത്തുനിന്ന് തന്‍റെ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കര്‍ഷകന്‍റെ അനുഭവം കൂടിയാണിത്. 

2018 മെയ് മാസം... എങ്ങും കനത്ത ചൂടാണ്. ബാസി ഗുലാം ഹുസൈൻ ഗ്രാമത്തില്‍ നിന്നുള്ള കര്‍ണേല്‍ സിങ് എന്ന കര്‍ഷകന്‍ തന്‍റെ ഫാമില്‍ വിളയിച്ചെടുത്ത ശുദ്ധമായ പച്ചക്കറികള്‍ ഹോഷിയാപൂരിൽ വിറ്റശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

പെട്ടെന്നാണ് അദ്ദേഹത്തിന്‍റെ സ്കൂട്ടര്‍ ബ്രേക്ക് ഡൗണായത്. എത്രയോ കാലമായി സിങ് ഉപയോഗിച്ചുവരുന്ന സ്കൂട്ടറായിരുന്നു അത്. അതുകൊണ്ടുതന്നെ അതു ശരിയാക്കി അദ്ദേഹം തന്‍റെ യാത്ര തുടര്‍ന്നു. എന്നാല്‍, പെട്ടെന്ന് വഴിയരികിലെ ഒരു വലിയ മരത്തിന്‍റെ കൊമ്പൊടിഞ്ഞ് അദ്ദേഹത്തിന്‍റെ മുകളിലേക്ക് വീണു. സിങ് വണ്ടിയടക്കം താഴേക്ക് പതിച്ചു. വീഴ്ചയില്‍ സിങ് താഴെയും വണ്ടി അദ്ദേഹത്തിന്‍റെ മുകളിലുമായി. കനത്ത ഭാരം മാത്രമാണ് അദ്ദേഹത്തിനപ്പോള്‍ അനുഭവപ്പെട്ടത്. 

''ഞാനെന്‍റെ കൈകളുപയോഗിച്ച് ആ ഭാരം തള്ളിമാറ്റാന്‍ ശ്രമിച്ചു. പക്ഷേ, എന്‍റെ കാലിന് താഴോട്ട് വേദനയോ മറ്റെന്തെങ്കിലുമോ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അത് മരിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. അപ്പോഴെനിക്ക് ഒന്നേ ചെയ്യാനാവുമായിരുന്നുള്ളൂ, കരയുക... ഞാനുറക്കെ കരഞ്ഞു...'' - സിങ് പറയുന്നു. 

ഏതൊക്കെയോ ചില മനുഷ്യരെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്‍റെ ബന്ധുക്കളോട് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത് സിങ്ങിന്‍റെ സ്പൈനല്‍ കോഡിന് ഗുരുതരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. കൂടാതെ താഴോട്ട് 70 ശതമാനവും തളര്‍ന്നുപോയിട്ടുണ്ട് എന്നാണ്. അവര്‍ സര്‍ജറി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, അത് എത്രത്തോളം ശരിയാകും എന്നറിയാത്തതുകൊണ്ട് സിങ് സര്‍ജറി ചെയ്യാതെ ഫിസിയോ തെറാപ്പിയുമായി മുന്നോട്ട് പോകാമെന്ന് കരുതി. ഒരുപാട് കാലമെടുക്കും ചിലപ്പോള്‍ ഒരു ചെറിയ ചലനത്തിനുപോലും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 

എന്നാൽ ഇന്ന്, സിങ് ബാറ്ററി ഘടിപ്പിച്ച ഒരു ട്രൈസൈക്കിളില്‍ ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ തന്‍റെ പാടത്ത് ചെലവഴിക്കുന്നു. മണ്ണിലിറങ്ങി പണി ചെയ്യാനാവുന്നില്ലെങ്കിലെന്താ, എപ്പോ, എങ്ങനെ, ഏത് വിത്തിടണം, എങ്ങനെ വിളകള്‍ പരിചരിക്കണം എന്നതടക്കം എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്യുന്നു. തീര്‍ന്നില്ല, ജീവാമൃത് അടക്കം ജൈവകീടനാശിനികളുണ്ടാക്കുന്നതിന് ചുമതല നല്‍കുന്നു, മാര്‍ക്കറ്റില്‍ പോവുകയും മറ്റ് കര്‍ഷകര്‍ക്ക് ക്ലാസ് നല്‍കുകയും ചെയ്യുന്നു. 

ആ തിരിച്ചുവരവ് ഇങ്ങനെ 

അപകടത്തിനുശേഷം എട്ട് മാസം അദ്ദേഹം മുറിയില്‍ തന്നെയായിരുന്നു. തനിച്ച് ഒന്നും ചെയ്യാനാകില്ല. മാത്രവുമല്ല, ശരിയായി ശ്വാസമെടുക്കാനാവാതെ മരണത്തെ മുന്നില്‍ കണ്ട മാസങ്ങള്‍ കൂടിയായിരുന്നു സിങ്ങിനത്. അങ്ങനെയാണ് ജീവിതം തിരിച്ചുപിടിക്കണമെന്നും അതിനായി കൃഷിയിലേക്ക് തന്നെ മടങ്ങണമെന്നും അദ്ദേഹം തീരുമാനിക്കുന്നത്. അത് മാത്രമായിരുന്നില്ല കാരണം, ഉണ്ടായിരുന്ന നീക്കിയിരിപ്പ് മുഴുവനും അപ്പോഴേക്കും തീര്‍ന്നിരുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സഹായത്തോടെയായിരുന്നു മുന്നോട്ടുള്ള പോക്ക്. അതിനിയും ശരിയാവില്ല എന്ന് തോന്നി.

life of Karnail Singh a farmer from Bassi Ghulam Hussain

 

അങ്ങനെയാണ് ജീവിതച്ചെലവുകള്‍ കണ്ടെത്താനായി നാട്ടില്‍ത്തന്നെ ഒരു കുഞ്ഞ് തുണിക്കട തുടങ്ങുന്നത്. പക്ഷേ, മണ്ണിന്‍റെ മണമില്ലാത്ത ആ ജീവിതമൊന്നും ആ കൃഷിക്കാരന് ഒരു ജീവിതമേ ആയിരുന്നില്ല. നിലവും മണ്ണും അദ്ദേഹത്തെ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് കൃഷിയിലേക്ക് തന്നെ തിരികെ പോകാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. അങ്ങനെ, തന്‍റെയീ സൈക്കിളില്‍ അദ്ദേഹം പിന്നെയും കൃഷിയിലേക്കിറങ്ങി. 

ഇന്ന് തന്‍റെ ജൈവകൃഷി മാത്രമുള്ള ഭൂമിയില്‍ അദ്ദേഹം തന്‍റെ കാലികള്‍ക്കുള്ളത് നട്ടുണ്ടാക്കുന്നു. ഒരേക്കറില്‍ വിവിധതരം പച്ചക്കറികള്‍ നടുന്നു. അരയേക്കറില്‍ ഇലച്ചെടികള്‍ നടുന്നു. അരയേക്കറില്‍ ഗോതമ്പും. 

കര്‍ഷക കുടുംബത്തിലെ അംഗം

ഒരു കര്‍ഷക കുടുംബത്തിലെ അംഗം തന്നെയാണ് സിങ്. പക്ഷേ, തലമുറകള്‍ കൈമാറിയ ആ ഭൂമി 1988 -ല്‍ സത്ലജിലെ വെള്ളം കയറിയപ്പോള്‍ നശിച്ചുപോവുകയായിരുന്നു. അങ്ങനെ സിങ്ങിന്‍റെ പിതാവ് ഒരു മൂന്ന് ഏക്കര്‍ ഭൂമി വാങ്ങി കൃഷി ചെയ്യാന്‍ തുടങ്ങി. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സിങ്ങും അച്ഛനെ കൃഷിയില്‍ സഹായിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഒരു പെയിന്‍ററാവാനായിരുന്നു സിങ്ങിന് ആഗ്രഹം. പ്ലസ് ടു ഫൈന്‍ ആര്‍ട്സ് പൂര്‍ത്തിയാക്കിയ സിങ് തന്‍റെ ചിത്രങ്ങള്‍ വിറ്റുതുടങ്ങി. അതേസമയം തന്നെ ഒരു മുഴുനീള കര്‍ഷകനാവാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെ കൃഷിയിലേക്ക് അദ്ദേഹം പൂര്‍ണമായും ഇറങ്ങി. 

life of Karnail Singh a farmer from Bassi Ghulam Hussain

 

ആദ്യത്തെ ഏഴ് വര്‍ഷം സ്ഥലത്തെ മറ്റ് കര്‍ഷകരെ പോലെ തന്നെ രാസവളങ്ങളാണ് സിങ്ങും കൃഷിസ്ഥലത്ത് ഉപയോഗിച്ചിരുന്നത്. പക്ഷേ, ആ സമയത്താണ് അദ്ദേഹത്തിന്‍റെ സഹോദരന്‍റെ ഭാര്യ മരിക്കുന്നത്. അത് അദ്ദേഹത്തെ രാസവളങ്ങളുപയോഗിച്ച് കൃഷി ചെയ്യുന്നതില്‍ നിന്നും പിന്നോട്ടുവലിച്ചു. കാരണം, അവരുടെ പെട്ടെന്നുള്ള മരണത്തിന് കാരണം കൃഷിക്കുപയോഗിക്കുന്ന കീടനാശിനികളാണ് എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. അവര്‍ക്ക് കാന്‍സറായിരുന്നു. അവര്‍ വലിക്കുകയോ കുടിക്കുകയോ ഇല്ല, ഗ്രാമത്തിലായതിനാല്‍ത്തന്നെ മലിനീകരണവുമില്ല. പിന്നെ എങ്ങനെയാണവര്‍ക്ക് കാന്‍സര്‍ വന്നതെന്നാണ് സിങ് ചിന്തിച്ചത്. ഏതായാലും കാന്‍സറിന്‍റെ കാരണം മനസിലായില്ലെങ്കിലും അന്നത്തോടെ സിങ് പൂര്‍ണമായും ജൈവകൃഷിയിലേക്ക് തിരിഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇന്നൊവേറ്റീവ് ഫാര്‍മേഴ്സ് അസോസിയേഷനില്‍ അദ്ദേഹം ചേര്‍ന്നു പ്രവര്‍ത്തിച്ചു. 

മണ്ണിനും മനുഷ്യനും ദോഷമില്ലാത്ത മാര്‍ഗങ്ങളുപയോഗിച്ചാണ് അദ്ദേഹം കീടങ്ങളെ ഇല്ലാതാക്കുന്നതിന്ന്. അതിനായി, ലൈറ്റ് ട്രാപ്പ്, വേപ്പെണ്ണ തുടങ്ങി പലതും ഉപയോഗിക്കുന്നു. അതുപോലെ തന്നെ ജീവാമൃതം പോലെയുള്ള ജൈവവളങ്ങളും ചാണകവും മറ്റുമാണ് അദ്ദേഹം കൃഷിസ്ഥലത്ത് ഉപയോഗിക്കുന്നത്. മണ്ണിനെ ഒരു തരത്തിലും നോവിക്കരുത് എന്നത് അദ്ദേഹത്തിന്‍റെ നയമാണ്.

അരയ്ക്ക് കീഴ്പോട്ട് തളര്‍ന്നുപോയിട്ടും മനസ് തളരാതെ ജീവിതത്തോട് പോരാടാന്‍ അദ്ദേഹത്തിന് കരുത്തായത് കൃഷിയോടും മണ്ണിനോടുമുള്ള അദ്ദേഹത്തിന്‍റെ ഈ ഒടുങ്ങാത്ത ഇഷ്ടം തന്നെയായിരിക്കാം. തളര്‍ന്നുപോയ മനുഷ്യരോട് അദ്ദേഹത്തിന് പറയാനുള്ളതും അതാണ്. തോറ്റുകൊടുക്കരുത്. പോരാടിയാല്‍ വിജയം സുനിശ്ചിതമാണ്. 

Follow Us:
Download App:
  • android
  • ios