Asianet News MalayalamAsianet News Malayalam

കത്തുന്ന ചുവപ്പ് വസ്ത്രത്തിൽ അതിസുന്ദരിയായി മലാല, വോ​ഗിന്റെ പുതിയ കവറായി ആക്ടിവിസ്റ്റ്

'വോഗിന്‍റെ കവറാവാന്‍ കഴിഞ്ഞതില്‍ തനിക്ക് ആവേശവും വിനയവുമുണ്ട്. ഇത് കാണുന്ന ഓരോ പെണ്‍കുട്ടിക്കും അവള്‍ക്ക് ലോകം മാറ്റാനാവുമെന്ന വിശ്വാസമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്ന് മലാല ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 

Malala Yousafzai as vogue magazine cover
Author
New York, First Published Jun 2, 2021, 4:09 PM IST

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ താലിബാന്‍ ആക്രമിച്ച ആക്ടിവിസ്റ്റാണ് മലാല യൂസഫ്സായി. ഇപ്പോഴിതാ വോഗ് മാഗസിന്‍റെ ഏറ്റവും പുതിയ ലക്കത്തിലെ കവറാവുകയാണ് മലാല. ചുവന്ന വസ്ത്രത്തിലും സ്കാര്‍ഫിലുമുള്ള മലാലയുടെ അതിമനോഹരമായ കവര്‍ചിത്രം മലാല തന്നെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുമുണ്ട്. 

അടുത്തിടെയാണ് മലാല ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയത്. ഇരുപത്തിമൂന്നുകാരിയായ മലാല 'ട്വിറ്റര്‍ ആക്ടിവിസ'ത്തെ കുറിച്ചും ആപ്പിള്‍ടിവി പ്ലസുമായുള്ള പുതിയ പങ്കാളിത്തത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുന്നു. പതിനേഴാമത്തെ വയസില്‍ നൊബേല്‍ പുരസ്കാരം നേടിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്കാര ജേതാവായിത്തീര്‍ന്നു മലാല. മറ്റ് ആക്ടിവിസ്റ്റുകളായ ഗ്രേറ്റ തുംബെര്‍ഗ്, എമ്മ ഗോണ്‍സാലെസ് എന്നിവരുമായുള്ള ബന്ധത്തെ കുറിച്ചും മലാല വിവരിക്കുന്നുണ്ട്. 'ഒരു പെൺകുട്ടി അവളുടെ ഹൃദയത്തിൽ വഹിക്കുന്ന ശക്തി എനിക്കറിയാം' എന്നാണ് മലാല പറഞ്ഞത്. 

വോഗിന്‍റെ ജൂലൈ മാസത്തിലെ ലക്കത്തിലാണ് മലാല സംസാരിക്കുന്നത്. മലാലയെ കുറിച്ച് മിഷേല്‍ ഒബാമ, ആപ്പിള്‍ സിഇഒ ടിം കുക്ക് തുടങ്ങിയവരുടെ വാക്കുകളും ഇതില്‍ പ്രസിദ്ധീകരിക്കുന്നു. 'ശരിക്കും അസാധാരണയായ' എന്നാണ് മിഷേല്‍ ഒബാമ മലാലയെ വിശേഷിപ്പിക്കുന്നത്. 'അവളെപ്പോലെ മറ്റൊരാളുണ്ട് എന്ന് കരുതുന്നില്ല' എന്നാണ് ടിം കുക്ക് പറഞ്ഞത്. 

ഫോട്ടോഗ്രാഫറായ നിക്ക് നൈറ്റാണ് മലാലയുടെ അതിമനോഹരമായ ചിത്രം പകര്‍ത്തിയിരിക്കുന്നത്. കവറില്‍ സ്റ്റെല്ല മക്കാർട്ട്‌നി ഡിസൈന്‍ ചെയ്ത തിളക്കമുള്ള ചുവന്ന വസ്ത്രമാണ് മലാല ധരിച്ചിരിക്കുന്നത്. ഒപ്പം ഹെഡ്സ്കാര്‍ഫും ധരിച്ചിരിക്കുന്നു. ഉള്‍പ്പേജില്‍ മലാലയുടെ മറ്റൊരു ചിത്രത്തില്‍ ചുവന്ന ഷര്‍ട്ട്ഡ്രസും ലിനന്‍ പാന്‍റും ധരിച്ചിരിക്കുന്നത് കാണാം. ഉറുഗ്വേ ഡിസൈനർ ഗബ്രിയേല ഹെയർസ്റ്റാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ നീലനിറത്തിലുള്ള ഹെഡ്സ്കാര്‍ഫാണ് മലാല ധരിച്ചിരിക്കുന്നത്. 

താന്‍ ധരിച്ചിരിക്കുന്ന ഹെഡ്സ്കാര്‍ഫിനെ താനടങ്ങുന്ന പഷ്തൂണ്‍ വിഭാഗക്കാരുടെ സംസ്കാരത്തിന്‍റെ ഭാഗം എന്നാണ് മലാല വിശേഷിപ്പിച്ചിരിക്കുന്നത്. 'മുസ്ലിം സ്ത്രീകള്‍, പഷ്തൂണ്‍ സത്രീകള്‍ അല്ലെങ്കില്‍ പാകിസ്ഥാനി സ്ത്രീകള്‍ ഒക്കെ സംസ്കാരവുമായി ബന്ധപ്പെട്ട വസ്ത്രം ധരിച്ചാല്‍ അവരെ ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടവരായും, ശബ്ദമില്ലാത്തവരായും, പുരുഷാധിപത്യത്തിന് കീഴില്‍ കഴിയേണ്ടി വന്നവരായിട്ടുമാണ് ചിത്രീകരിക്കുന്നത്. എന്നാല്‍, നിങ്ങളുടെ സ്വന്തം സംസ്കാരത്തില്‍ നിന്നുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ശബ്ദമുയര്‍ത്താം, തുല്യത നേടുകയും ചെയ്യാം എന്നാണ് ഞാന്‍ പറയാനാഗ്രഹിക്കുന്നത്' -മലാല വ്യക്തമാക്കി.

Malala Yousafzai as vogue magazine cover

മലാല യൂസഫ്‍സായി, ഫയൽ ചിത്രം/ ​ഗെറ്റി ഇമേജസ് 

'വോഗിന്‍റെ കവറാവാന്‍ കഴിഞ്ഞതില്‍ തനിക്ക് ആവേശവും വിനയവുമുണ്ട്. ഇത് കാണുന്ന ഓരോ പെണ്‍കുട്ടിക്കും അവള്‍ക്ക് ലോകം മാറ്റാനാവുമെന്ന വിശ്വാസമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്ന് മലാല ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 

പതിനഞ്ചാമത്തെ വയസില്‍ താലിബാന്‍ ആക്രമിച്ചതോട് കൂടിയാണ് മലാല ആഗോളശ്രദ്ധ നേടുന്നത്. ബര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് ചികിത്സിച്ചതിനെ തുടര്‍ന്നാണ് അവള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പിന്നീട് സ്വന്തമായി നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ 'മലാല ഫണ്ട്' തുടങ്ങി. 

കഴിഞ്ഞ വര്‍ഷമാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും മലാല ബിരുദം നേടിയത്. പിന്നീട് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി. ആപ്പിള്‍ടിവി പ്ലസുമായി ചേര്‍ന്നായിരുന്നു ഇത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചുമുള്ള ഡോക്യുമെന്‍ററികള്‍ക്കാണ് ഇത് പ്രാധാന്യം നല്‍കുന്നത്. കൂടാതെ, ആനിമേഷന്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള സീരീസ്, കോമഡി തുടങ്ങിയവയും നല്‍കുന്നു.

Malala Yousafzai as vogue magazine cover

മലാല യൂസഫ്‍സായി, ഫയൽ ചിത്രം/ ​ഗെറ്റി ഇമേജസ് 

ഓക്സ്ഫോര്‍ഡിലെ സമയത്തെ കുറിച്ചും മലാല വാചാലയായി. താലിബാന്‍റെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായി. പിന്നീട്, പലയിടങ്ങളിലും സഞ്ചരിക്കുകയും സംസാരിക്കുകയും ഡോക്യുമെന്‍ററി ചെയ്യുക, പുസ്തകം പ്രസിദ്ധീകരിക്കുക എന്നിവയെല്ലാം ചെയ്യുകയായിരുന്നു താന്‍. അതിനാല്‍, സമപ്രായക്കാരുമായി വേണ്ടപോലെ സമയം ചെലവഴിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ല. ആ സമയങ്ങളുടെ തിരിച്ചെടുക്കല്‍ കൂടിയായിരുന്നു ഓക്സ്ഫോര്‍ഡിലെ പഠനകാലം. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചതിനെ കുറിച്ചും മലാല പറയുന്നു. ആ സമയത്ത് താന്‍ ലോകത്തിലെ ഓരോന്നിനെയും വളരെ കൗതുകത്തോടെയും ആവേശത്തോടെയും കണ്ടു എന്നും മലാല പറഞ്ഞതായി സിഎന്‍എന്‍ എഴുതുന്നു. 

ഒപ്പം തന്നെ ട്വിറ്ററിലെ ആക്ടിവിസത്തെ കുറിച്ചും ഇന്നത്തെ രാഷ്ട്രീയത്തെ കുറിച്ചും മലാല പറയുന്നുണ്ട്. 'ട്വിറ്റര്‍ വളരെ വ്യത്യസ്തമായ ലോകമാണ്. ട്വീറ്റിനെയാണ് ആക്ടിവിസവുമായി ഏറെയും ബന്ധപ്പെടുത്തുന്നത്. അത് മാറേണ്ടതുണ്ട്' എന്നും മലാല പറഞ്ഞു. 

Follow Us:
Download App:
  • android
  • ios