സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മകളില്‍ മധുരമൂറുന്ന മാമ്പഴങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും

കാസര്‍കോട്: പതിനാറ് വര്‍ഷം മുമ്പ് മലയാളത്തിന്‍റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാൻറ് പരിസരത്ത് നടുകയും 2022ൽ ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി പറിച്ച് നടുകയും ചെയ്ത മാവ് പൂവിട്ടു. സുഗതകുമാരി ടീച്ചര്‍ നട്ട ശേഷം അളവില്ലാത്ത വിഭവങ്ങള്‍ ചുരത്തുന്നവള്‍ എന്നർത്ഥം വരുന്ന പയസ്വിനി എന്ന് പേരിട്ട മാവാണ് വേരോട് പറിച്ച് നട്ടത്. കാസര്‍കോട് അടുക്കത്ത്ബയല്‍ സ്കൂള്‍ മുറ്റത്തേക്കാണ് മാവ് മാറ്റി നട്ടത്.

മാവിന്‍റെ അതിജീവനത്തിനായി കാസർകോട്ടെ നാട്ടുകാരാണ് മുന്നിട്ടിറങ്ങിയത്. മരമല്ലേ. മാവല്ലേ. ടീച്ചര്‍ നട്ടതല്ലേ, മുറിച്ച് മാറ്റല്ലേ എന്ന് കാസര്‍കോട് നഗരത്തിലെ പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പയസ്വനിയെ പറിച്ച് നടാന്‍ തങ്ങള്‍ തയ്യാറെന്നും ആ കൂട്ടായ്മ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. നഗര കൂട്ടായ്മ ഒത്തുപിടിച്ചപ്പോള്‍ മാവ് മാറ്റിസ്ഥാപിക്കാനുള്ള പൂര്‍ണ്ണ സഹായം റോഡ് നിര്‍മ്മാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയും വാഗ്ദാനം ചെയ്തു. ഒടുവിലാണ് അപൂര്‍വ്വമായ പറിച്ച് നടലിന് നാടും നാട്ടാരും സാക്ഷ്യം വഹിച്ചത്.

ട്രീ ട്രാന്‍സ്പ്ലാന്‍റേഷന്‍ അനുസരിച്ച് കൊമ്പും ശിഖിരവും ആദ്യം മുറിച്ച് മാറ്റി. പിന്നെ പതുക്കെ ക്രൈയിന്‍ വച്ച് പറിക്കാന്‍ നോക്കിയിട്ട് നടക്കാതെ വന്നതോടെ ജെസിബി ഉപയോഗിച്ച് മാവിന്‍ ചുവട്ടിലെ മണ്ണ് മാറ്റി. വേരുകള്‍ക്ക് കൂടുതല്‍ നാശമുണ്ടാക്കാതെ അടിമണ്ണോടു കൂടി മാവിനെ ഉയര്‍ത്തി.രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള അടുക്കത്ത് ബയല്‍ ഗവണ്‍മെന്‍റ് യു പി സ്കൂള്‍ വളപ്പിൽ നടുകയായിരുന്നു. ഏഴ് മണിക്കുറുകള്‍ക്ക് ശേഷമായിരുന്നു ഈ പറിച്ച് നടല്‍ പൂര്‍ത്തിയായത്. 2022 ജൂണ്‍ 15 ന് പയസ്വിനിക്ക് പുനര്‍ജന്മം ലഭിച്ചത്.

സ്കൂള്‍ മുറ്റത്തെത്തിയ മാവ് കുട്ടികളുടെ കലപില കേട്ടു. കഥകളും കവിതകളും. കുട്ടികള്‍ പയസ്വിനിയുടെ കൂട്ടുകാരായി. ആങ്ങനെ മാവ് തളിരിട്ടു. പച്ചപ്പണിഞ്ഞു. ഇപ്പോള്‍ പൂക്കളുമായി. ഇനി കണ്ണിമാങ്ങയ്ക്കായുള്ള കാത്തിരിപ്പാണ്. കണ്ണിമാങ്ങ വലുതാകും. മൂക്കും പഴുക്കും. മധുരമൂറുന്ന മാമ്പഴമാകും. കുട്ടികള്‍ക്കത് ഉത്സവമാകും. സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മകളില്‍ മധുരമൂറുന്ന മാമ്പഴങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം