പാല്‍ ഒരു സമീകൃതാഹാരവും നമ്മുടെ ആരോഗ്യത്തിന് അനുപേക്ഷണീയവുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, തോട്ടത്തിലെ ചെടികള്‍ക്ക് വളമായും പാല്‍ ഉപയോഗിച്ചിരുന്നു. ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്നതുകൂടാതെ കാല്‍സ്യത്തിന്റെ അഭാവം പരിഹരിക്കാനും പൗഡറി മില്‍ഡ്യു എന്ന രോഗത്തെ ചെറുക്കാനും പാല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

പാല്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ചാണ് ചെടികള്‍ക്ക് നല്‍കുന്നത്. അതായത് 50 ശതമാനം പാലും 50 ശതമാനം വെള്ളവും. പാലില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നതുകൊണ്ട് ചെടികള്‍ക്ക് ഉപകാരിയാണ്. പാസ്ചുറൈസ് ചെയ്യാത്ത തിളപ്പിക്കാത്ത പശുവിന്‍പാല്‍ ആണ് ചെടികള്‍ക്ക് നല്‍കുന്നത്. വിറ്റാമിന്‍ ബിയും പഞ്ചസാരയും ആവശ്യമായ പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു.

മത്തന്‍ വര്‍ഗത്തില്‍പ്പെട്ട വിളകളിലും തക്കാളിയിലും കാണപ്പെടുന്ന ബ്ലോസം എന്‍ഡ് റോട്ട് (Blossom end rot) എന്ന അവസ്ഥയ്ക്ക് കാരണമായി പറയുന്നത് കാല്‍സ്യത്തിന്റെ അഭാവമാണ്. തക്കാളിയുടെ അടിയിലായി ബ്രൗണ്‍ അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള അടയാളമാണ് ഇത്. പാല്‍ വളമായി നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നതാണ്. 

ടൊബാകോ മൊസൈക് വൈറസിന്റെ വ്യാപനം തടയാനും പാല്‍ സഹായിക്കുന്നു. കുമിള്‍നാശിനിയായും ചെടികളുടെ ഇലകളിലും പൂക്കളിലും പഴങ്ങളിലുമെല്ലാം കാണപ്പെടുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പൊടിപോലെയുള്ള അസുഖത്തിന് പ്രതിവിധിയായും പാല്‍ ഉപയോഗിക്കുന്നു.

ഇലകളില്‍ സ്‌പ്രേ ചെയ്യാനാണെങ്കില്‍ ബോട്ടിലില്‍ നിറച്ച് സ്പ്രേ ചെയ്യണം. ഇലകള്‍ ഈ ദ്രാവകം ആഗിരണം ചെയ്യും. തക്കാളി പോലുള്ള ചില ചെടികളുടെ ഇലകളില്‍ ദീര്‍ഘകാലം പാലിന്റെ അംശമുണ്ടായാല്‍ കുമിള്‍ രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നതും ഓര്‍ക്കണം. നനഞ്ഞ തുണി ഉപയോഗിച്ച് ഇത് തുടച്ചുകളയാം. അല്ലെങ്കില്‍ വെള്ളം തളിച്ച് പാലിന്റെ അംശം ഒഴിവാക്കാം.

അതുപോലെ തന്നെ പാലും വെള്ളവും ചേര്‍ന്ന മിശ്രിതം ചെടികളുടെ ചുവട്ടിലും ഒഴിച്ചുകൊടുക്കാം. വേരുകള്‍ മിശ്രിതം ആഗിരണം ചെയ്യും.

പാല്‍ വളമായി പ്രയോഗിച്ചശേഷം ആ പരിസരത്ത് ഒരു തരത്തിലുമുള്ള രാസകീടനാശിനികളും പ്രയോഗിക്കാന്‍ പാടില്ല. ഇങ്ങനെ രാസവസ്തുക്കള്‍ പ്രയോഗിച്ചാല്‍ പാലിലുള്ള ഉപകാരികളായ ബാക്റ്റീരിയകളെ ദോഷകരമായി ബാധിക്കും.

അമിതമായി പാല്‍ വളമായി ഉപയോഗിക്കുന്നത് ബാക്റ്റീരിയയുടെ പ്രശ്‌നമുണ്ടാക്കും. ദുര്‍ഗന്ധമുണ്ടാക്കാനും ചെടികളുടെ വളര്‍ച്ച മന്ദഗതിയിലാകാനും കാരണമാകും. സ്‌കിം മില്‍ക് ഉപയോഗിച്ചാല്‍ പച്ചക്കറിവിളകളില്‍ ചീയല്‍ ബാധിക്കാനും ഇലപ്പുള്ളിരോഗമുണ്ടാകാനും കാരണമായേക്കാം.