Asianet News MalayalamAsianet News Malayalam

മഹേന്ദ്ര സിങ്ങ് ധോണി ഇപ്പോള്‍ തണ്ണിമത്തന്‍ കൃഷിയിലാണ്...

റാഞ്ചിയിലാണ് പപ്പായയും തണ്ണിമത്തനും കൃഷി ചെയ്യുന്നത്. ആദ്യമായി ഈ രംഗത്തേക്ക് ഇറങ്ങുന്നതിന്റെ കൗതുകവും ആവേശവുമെല്ലാം മുന്‍ ക്യാപ്റ്റന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
 

ms dhoni to organic farming
Author
Ranchi, First Published Feb 29, 2020, 10:15 AM IST

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണി ഇപ്പോള്‍ തന്റെ തട്ടകമായി തെരഞ്ഞെടുത്തിരിക്കുന്നത് കൃഷിയാണ്. നല്ല ഒന്നാന്തരം തണ്ണിമത്തന്‍ തന്നെയാണ് മൂന്ന് തവണ ഐ.സി.സി ട്രോഫി നേടിത്തന്ന ടീമിന്റെ ക്യാപ്റ്റന്‍ നട്ടുവളര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹം തന്റെ ഔദ്യോഗികമായ ഫേസ്ബുക്ക് പേജിലാണ് ജൈവകൃഷി തുടങ്ങിയതായുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

റാഞ്ചിയിലാണ് പപ്പായയും തണ്ണിമത്തനും കൃഷി ചെയ്യുന്നത്. ആദ്യമായി ഈ രംഗത്തേക്ക് ഇറങ്ങുന്നതിന്റെ കൗതുകവും ആവേശവുമെല്ലാം മുന്‍ ക്യാപ്റ്റന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

റാഞ്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് പ്രൊഡക്റ്റിവിറ്റിയിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായ ശംഭുനാഥ് മിശ്ര പറയുന്നത് ക്രിക്കറ്റ് കളിക്കാരന്റെ ഭാഗത്തുനിന്നുള്ള പ്രചോദനം നല്‍കുന്ന നല്ലൊരു തുടക്കമാണ് കാര്‍ഷിക വൃത്തിയിലേക്കുള്ള ഈ മാറ്റമെന്നാണ്. 'ജൈവകൃഷി പരിസ്ഥിതി മലിനീകരണം കുറയ്ക്കും. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും ഫലപ്രദമായി സംരക്ഷിക്കാനും കഴിയുന്നു. മണ്ണൊലിപ്പ് തടയാന്‍ സഹായിക്കുന്നു. അതുകൂടാതെ രാസകീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള കൃഷി, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യവും നല്‍കുന്നു. ആഗോളതാപനത്തിനെതിരെ പോരാടാനുള്ള വലിയൊരു ശ്രമമായി ഇത്തരം കൃഷിരീതിയെ നമുക്ക് കാണാവുന്നതാണ്.'

ധോണി തന്റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം കൃഷി സ്ഥലത്ത് പൂജ നടത്തി തേങ്ങ ഉടച്ച് വിത്ത് വിതയ്ക്കുന്ന വീഡിയോയാണ് കാണാന്‍ കഴിയുന്നത്. കൃഷിയോട് വളരെ താല്‍പര്യമുള്ള വ്യക്തിയാണ് ധോണിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ പോസ്റ്റ് മൂവായിരത്തിലധികം പേര്‍ പങ്കുവെക്കുകയും നിരവധിപ്പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

2019 -ലെ ലോകകപ്പില്‍ ന്യൂസീലന്റുമായുള്ള സെമി ഫൈനല്‍ മാച്ച് നഷ്ടപ്പെട്ട ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. 2007-ലെ  ടി-20 ലോകകപ്പ്, 2011-ലെ ലോകകപ്പ്, 2013 -ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ ജേതാവായ ശേഷം ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും സജീവമായത്. ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഒഴിവുകാലത്ത് പാനി പൂരി ഉണ്ടാക്കുന്ന വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios