കൃത്രിമത്വമില്ലാത്ത സ്വാഭാവികമായ പ്രകൃതി ഉല്പന്നങ്ങൾ കൂടുതലായി ഉപയോ​ഗിക്കുക എന്നതിന്റെ ഭാ​ഗമായാണ് ജൈവകൃഷി കൂടുതൽ പ്രചാരത്തിലായത്. ജൈവകൃഷിപോലെ തന്നെ സ്വാഭാവികരീതിയിൽ, കൃത്രിമമായ പദാർത്ഥങ്ങൾ ഒന്നും കലരാതെ ഉല്പാദിപ്പിക്കപ്പെടുന്ന പാലിനെയാണ് ജൈവപാൽ എന്നു വിളിക്കുന്നത്. കേന്ദ്ര വാണിജ്യവ്യവസായ വകുപ്പിന്റെ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് ഉല്പാദിപ്പിക്കപ്പെടുന്ന പാൽ മാത്രമേ ജൈവപാൽ എന്ന ലേബലോടെ വിൽക്കാൻ പറ്റുകയുള്ളൂ. ജൈവപാലിന്റെ ഉല്പാദനം കുറവാണെങ്കിലും ഇത്തരം പാലിന്റെ വിപണിവില ഉയർന്നതായതിനാൽ കർഷകർക്ക് ഇതു നഷ്ടമാവുകയില്ല. 

ജൈവപാലുൽപ്പാദനത്തിനു തയ്യാറാക്കുന്ന പശുവിന് നൽകുന്ന തീറ്റയിൽ, പശുവിന് അമിതമായി വിശപ്പുണ്ടാക്കുന്ന കൃത്രിമ പദാർത്ഥങ്ങൾ ഒന്നും തന്നെ ചേർക്കുവാൻ പാടില്ല. ജൈവകൃഷിയിലൂടെ ലഭിക്കുന്ന പദാർത്ഥങ്ങൾ മാത്രമേ പശുവിന് തീറ്റയായി നൽകാൻ പാടുള്ളൂ. തീറ്റപ്പുല്ലിനുപോലും രാസവളങ്ങൾ ചേർക്കുകയോ  കൃത്രിമ വളർച്ചാ സഹായികൾ ഉപയോ​ഗിക്കുകയോ പാടില്ല. ജൈവ ഫാമുകളിൽ ഉല്പാദിപ്പിക്കുന്ന പുല്ലിനങ്ങൾ മാത്രമേ ഇത്തരം പശുക്കൾക്ക് തീറ്റയായി നൽകാവൂ.

കേരളത്തിൽ ജൈവകൃഷിരീതി അനുവർത്തിക്കുന്ന നിരവധി കർഷകരുണ്ട്. ഇവരുടെ കൃഷിയിടത്തിൽ വളർത്തുന്ന പശുക്കളിൽനിന്ന് ഉല്പാദിപ്പിക്കുന്ന പാൽ ജൈവ പാൽ ആയി കണക്കാക്കാൻ കഴിയും.

ജൈവ പാലുൽപ്പാദനത്തിനു തെരഞ്ഞെടുക്കുന്ന പശുവിന്റെ തീറ്റയിൽ ഉണ്ടാവരുതെന്നു നിഷ്കർഷിക്കുന്ന ചില ഘടകങ്ങൾ:

* കശാപ്പുശാലയിലെ അവശിഷ്ടങ്ങളും വിസർജ്യവസ്തുക്കളും
* കൃത്രിമ വളർച്ചാസഹായികളും പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും
* ജനിറ്റിക് എൻജിനീയറിങ്ങിലൂടെ ഉണ്ടാക്കിയ തീറ്റകൾ
* യൂറിയയും കൃത്രിമമായി ഉണ്ടാക്കുന്ന പിണ്ണാക്കുകളും

ഇത്തരം പശുക്കൾക്ക് പിന്നെ എന്തൊക്കെ തീറ്റയായി നൽകാം?

* ജൈവ കൃഷിരീതി അനുവർത്തിക്കുന്ന കൃഷിയിടങ്ങളിൽ നിന്നുള്ള ജൈവകൃഷി അവശിഷ്ടങ്ങൾ
* പ്ളാവില, തെങ്ങോല
*ജൈവ രീതിയിൽ കൃഷി ചെയ്യുന്ന മൾബറിയില, വാഴയില, അസോള
*ചക്ക, മഴമരക്കായ, പുളിങ്കുരു
* ജൈവകൃഷിയിടത്തിലെ പൊക്കാളിനെല്ലിൽനിന്നുള്ള വൈക്കോൽ, തവിട്
* ജൈവ കൃഷിയിടത്തിൽ സ്വതന്ത്രമായി മേഞ്ഞുനടന്നു കഴിക്കാവുന്നതെല്ലാം. ഇതിൽ വേലിപ്പത്തലായ ശീമക്കൊന്ന, പീലിവാക, വിവിധ തരം ചീരകൾ എന്നിവയൊക്കെ പെടും. 
* ജൈവകൃഷിയിടത്തിൽ നിന്നുല്പാദിപ്പിക്കുന്ന തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, തുടങ്ങിയവ.

ജൈവപാലുൽപ്പാദനത്തിനു തെരഞ്ഞെടുത്തിരിക്കുന്ന പശുക്കൾ കൃത്രിമപദാർത്ഥങ്ങൾ അധികം കഴിക്കാത്തതുകൊണ്ടും സ്വാഭാവികസാഹചര്യങ്ങളിൽ കൃഷിയിടങ്ങളിൽ സ്വതന്ത്രമായി  മേഞ്ഞുനടക്കുന്നതുകൊണ്ടും അവയ്ക്ക് രോ​ഗപ്രതിരോധശേഷി കൂടുതലായിരിക്കും. അഥവാ അസുഖങ്ങൾ വന്നാൽപോലും സസ്യജന്യങ്ങളായ ആയുർവേദമരുന്നുകളേ നൽകാവൂ എന്നാണ് നിയമം അനുശാസിക്കുന്നത്.