കക്കിരിക്കയുടെയും വെള്ളരിക്കയുടെയും തൊലിയിൽനിന്ന് പായ്ക്കിങ് മെറ്റീരിയിൽ ഉണ്ടാക്കാൻ കഴിയുമെന്ന് പുതിയ കണ്ടെത്തൽ. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പൊതിയാനോ പകരാനോ ഇപ്പോൾ ഉപയോ​ഗിക്കുന്ന ദ്രവിക്കാത്ത തരത്തിലുള്ള പ്ളാസ്റ്റിക്കിനു പകരമായി ഉപയോ​ഗിക്കാൻ കഴിയുന്നതാണ് പുതുതായി വികസിപ്പിച്ച ബയോ പോളിമർ. 

ഖര​ഗ്പൂർ ഐഐടിയിലെ ​ഗവേഷകരായ എൻ. സായി പ്രസന്ന, ജയീത മിത്ര എന്നിവരാണ് കർഷകർക്കും പരിസ്ഥിതിക്കും ഏറെ പ്രയോജനപ്രദമായേക്കാവുന്ന ഈ കണ്ടെത്തലിനു പിന്നിൽ. വ്യാവസായികാടിസ്ഥാനത്തിൽ രണ്ടു വർഷത്തിനകം ഉല്പന്നം വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ, ഉപയോ​ഗശൂന്യമായി പോകുന്ന വെള്ളരിക്കകളും അവയുടെ പൾപ്പും തൊലിയും ഒക്കെ ബയോപോളിമർ നിർമാണത്തിന് ഉപയോ​ഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

വെള്ളരിക്കയുടെ തൊലിയുൾപ്പെടെ പന്ത്രണ്ടു ശതമാനത്തോളം ഭാ​ഗങ്ങൾ പാഴായി പോകുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവയിൽനിന്ന് വേർതിരിച്ചെടുക്കുന്ന സെല്ലുലോസ്, ഹെമി സെല്ലുലോസ്, പെക്ടിൻ എന്നിവ ബയോകോംപസിറ്റ് ഉല്പന്നങ്ങളിലെ നാനോ ഫില്ലറുകളായി ഉപയോ​ഗപ്പെടുത്താം. ഇവയ്ക്ക് പരമ്പരാ​ഗതമായി ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് ഫൈബറുകളേക്കാൾ ബലവും ശക്തിയും ഉണ്ട്. 
വെള്ളരിക്ക തൊലിയിൽ ഏകദേശം പതിനെട്ടു ശതമാനത്തോളം സെല്ലുലോസ് ഉണ്ടെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. 

ഈ സെല്ലുലോസ് ഉപയോ​ഗിച്ച് നിർമിക്കുന്ന പായ്ക്കിങ് കവറുകൾ ജൈവവിഘടനം നടക്കുന്നവ ആയതിനാൽ ഉപയോ​ഗിച്ചശേഷം വലിച്ചെറിഞ്ഞാൽ പോലും പ്രകൃതിക്ക് ദോഷകരമായി ഭവിക്കയില്ല. സ്വാഭാവിക ജൈവവിഘടനം നടന്ന് അവ മണ്ണിൽ അലിഞ്ഞു ചേരും. ഭക്ഷ്യ വസ്തുക്കൾ പായ്ക്കു ചെയ്യുമ്പോൾ അവയുമായി ഈ ഫൈബറുകൾ രാസപ്രവർത്തനം നടത്തുന്നില്ല. അതിനാൽ ബീവറേജുകളും സോസുകളും ജ്യൂസുകളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പായ്ക്കു ചെയ്താൽ അവയുടെ രുചി മാറുകയോ ​ഗുണം പോവുകയോ ചെയ്യുകയില്ല.  ഈ ബയോപോളിമർ ഉപയോ​ഗിച്ചു നിർമ്മിക്കുന്ന കവറുകൾ ചുരുങ്ങിയ വിലയിൽ വിപണിയിൽ എത്തിക്കാനും കഴിയും.

ഉല്പന്നം നിറച്ചുകഴിഞ്ഞാൽ ഈ ബയോപോളിമർ പായ്ക്കുകൾ സാധാരണ കാലാവസ്ഥയിലെ വ്യതിയാനങ്ങൾ അതിജീവിക്കാൻ കഴിയുന്നവയുമാണ്. അതായത് ചൂടോ തണുപ്പോ കൂടിയാൽ കവറുകളും കവറുകൾക്കകത്തെ ഉല്പന്നങ്ങളും പെട്ടെന്ന്  കേടാവുകയില്ല എന്നർത്ഥം. 
കൂടുതൽ പരീക്ഷണങ്ങൾ നടത്തി ആവശ്യമായ അനുമതികളോടെ രണ്ടു വർഷത്തിനകം വ്യാവസായികാടിസ്ഥാനത്തിൽ ബയോപോളിമർ കവറുകൾ നിർമിച്ച് വിപണിയിലെത്തിക്കാനാവും എന്നാണ് കരുതുന്നത്.

അങ്ങനെ സംഭവിച്ചാൽ കേരളത്തിലെയും തമിഴ് നാട്ടിലെയും കർഷകർക്ക് വെള്ളരിക്ക കേടായി പോവും എന്നു ഭയപ്പെട്ട് വിപണി വിലയിൽ കുറച്ച്  വിൽക്കേണ്ട അവസ്ഥ വരികയില്ല. കർഷകർക്ക് ഏറെ ആശ്വാസകരമാവും അത്.