ചേര്‍ത്തല: വീടിന്റെ ടെറസില്‍ നെല്‍കൃഷി ചെയ്ത് മികച്ച വിളവെടുപ്പ് നടത്തി പുതിയ മഠത്തില്‍ കൃഷ്ണകുമാറും കുടുംബവും.സാധാരണ പച്ചക്കറികള്‍ ടെറസില്‍ കൃഷി ചെയ്യാറുണ്ട്. എന്നാല്‍ നെല്‍കൃഷി ചെയ്ത് വിജയിപ്പിച്ചത് ആദ്യമെന്ന്  വിളവെടുപ്പ് നടത്തിയ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ലീലാകൃഷ്ണനും പറയുന്നു.

ടെറസില്‍ 150 സ്‌ക്വയര്‍ മീറ്ററില്‍ ടര്‍പ്പോളിന്‍ വിരിച്ച് ഇഷ്ടിക കൊണ്ട് കെട്ടി തിരിച്ചു. തുടര്‍ന്ന് കരിയില വിതറി അതിന് മുകളില്‍ തൊണ്ട് കഷണങ്ങളാക്കി നിരത്തി അതിന് മുകളില്‍ മണ്ണ്, കുമ്മായം, ചാണകം, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി എട്ട് ഇഞ്ച് കനത്തില്‍ വിരിച്ച് ഉമ ഇനത്തില്‍പ്പെട്ട വിത്ത് വിതറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് നേരം നനയ്ക്കും. പ്ലസ്ടുവിദ്യാര്‍ത്ഥിനിയുമായ മകള്‍ വൈഷണവിയും, ഭാര്യ പൂര്‍ണ്ണിമയും കൃഷ്ണകുമാറിനൊപ്പം സാഹായത്തിനുണ്ട്.

നെല്ല് കൂടാതെ വെണ്ട, തക്കാളി, പയര്‍, പടവലം, കാന്താരി, പച്ചമുളക് എന്നിവ വീടിന്റെ ടെറസിലുണ്ട്.  കൃഷി വകുപ്പിന്റെ നിര്‍ദേശവും പിന്നെ തന്റെതായ പൊടികൈകളും ചെയ്തതോടെ നെല്‍കൃഷി 3 അടി പൊക്കം വരെ എത്തി വിളഞ്ഞു.