ലോക്ക്ഡൗണില്‍ ജോലിയില്ലാതെ ഒരു മാസം വീട്ടിലിരുന്നപ്പോള്‍ രണ്ടു പെണ്‍മക്കളുടെ അമ്മയായ ഷിജി പച്ചക്കറികളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ജോലിക്കിറങ്ങിയ ഈ വീട്ടമ്മ കൊറോണക്കാലത്തും വേറിട്ടൊരു സംരംഭകയായി സ്വയം പര്യാപ്തമാകാനുള്ള വഴിയാണ് കണ്ടെത്തിയിരിക്കുന്നത്.

തൃശൂര്‍ ജില്ലയിലെ കുറുക്കഞ്ചേരി സ്വദേശിയാണ് ഷിജി.സി. ബാലകൃഷ്ണന്‍. വീട്ടില്‍ അച്ഛനും അമ്മയും രണ്ടു പെണ്‍മക്കളും. മൂത്ത മകള്‍ സ്‌പെഷല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ഇളയ മകള്‍ മൂന്നാം ക്ലാസിലും. ഭര്‍ത്താവ് മരിച്ചശേഷം ഒരു സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിലായിരുന്നു ഷിജി ജോലി ചെയ്തത്. ഇപ്പോള്‍ ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ രജിസ്‌ട്രേഷന്‍ വകുപ്പിലാണ് ജോലി. രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പും വൈകുന്നേരം തിരിച്ച് വന്നിട്ടും പച്ചക്കറികളില്‍ നിന്നും പലതരത്തിലുള്ള പപ്പടങ്ങളുമുണ്ടാക്കി ആവശ്യക്കാരിലെത്തിക്കുകയാണ് ഇവര്‍.

'അച്ഛനും അമ്മയും പപ്പടം ഉണക്കാനുള്ള സഹായം ചെയ്യും. സാധനങ്ങള്‍ വാങ്ങാനും വീട്ടിലെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ തന്നെ ഇറങ്ങണം. മക്കളെ നന്നായി വളര്‍ത്തുകയെന്ന ചുമതല എന്നിലാണല്ലോ. മാനസികമായി അല്‍പം സമാധാനവും ആശ്വാസവും കിട്ടാനായാണ് ആദ്യമായി യു ട്യൂബ് നോക്കി മാലയും വളയും കമ്മലും ബാഗുമൊക്കെ ഉണ്ടാക്കിയത്. അതുകൂടാതെ കൊറോണ തടയാനായി ആവശ്യക്കാര്‍ക്ക് മാസ്‌കും തയ്ച്ചു നല്‍കിയിരുന്നു. കുട്ടികള്‍ക്കായി പ്രത്യേകം മാസ്‌കും റിബണും തയ്ച്ചിരുന്നു.

'ലോക്ക്ഡൗണ്‍ ആയപ്പോള്‍ പണത്തിന് ബുദ്ധിമുട്ട് വന്ന സമയത്താണ് ഫേസ്ബുക്ക് വഴി വ്യത്യസ്ത ഇനങ്ങളിലുള്ള പപ്പടമുണ്ടാക്കുന്ന നാഗേശ്വരന്‍ എന്ന കര്‍ഷകനെക്കുറിച്ച് അറിയുന്നത്. അവരില്‍ നിന്നാണ് പച്ചക്കറികളുപയോഗിച്ച് പപ്പടമുണ്ടാക്കാമെന്ന ആശയം ഞാന്‍ പ്രാവര്‍ത്തികമാക്കിയത്. ആദ്യം ചക്കപ്പപ്പടമാണ് ഉണ്ടാക്കിയത്. അടുത്തുള്ള വീടുകളിലും എനിക്ക് പരിചയമുള്ളവര്‍ക്കും കൊടുത്തു. പിന്നെ ചമ്മന്തിപ്പൊടി ഉണ്ടാക്കി. പപ്പടം വാങ്ങിയവരൊക്കെ രുചി ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ആത്മവിശ്വാസം  തോന്നിയാണ് 'അമ്മ ഫുഡ് പ്രോഡക്ട്‌സ്' എന്ന പേരില്‍ ചെറിയൊരു സംരംഭം ആരംഭിച്ചത്.' ഷിജി തന്റെ പുതിയ സംരംഭത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, ഇഞ്ചി, കറിവേപ്പില, മല്ലിയില, മസാല, പഴം, ഉണക്കച്ചെമ്മീന്‍ എന്നിങ്ങനെ ഏകദേശം പന്ത്രണ്ടോളം വ്യത്യസ്ത രുചികളിലുള്ള പപ്പടങ്ങള്‍ ഷിജി ഉണ്ടാക്കുന്നു. ഇപ്പോള്‍ പുതിയതായി നാളികേരവും ചുട്ട നാളികേരവും ഉപയോഗിച്ചുള്ള പപ്പടവും നിര്‍മിച്ചുതുടങ്ങി. മല്ലിയില, കറിവേപ്പില, തുളസി, ചെമ്മീന്‍, നാളീകേരം തുടങ്ങി ഏഴു വ്യത്യസ്ത രുചികളില്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കി എറണാകുളത്തുള്ള കമ്പനിയിലേക്ക് നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൃശൂരിലേക്ക് ഈ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ എത്താതിരുന്നപ്പോഴാണ് പപ്പടം മാത്രമുണ്ടാക്കാനാരംഭിച്ചത്. 'ജോലിക്ക് പോകുമ്പോള്‍ കുറച്ച് സാധനങ്ങള്‍ കൈയില്‍ പിടിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കും. പോകുന്ന വഴിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലും വില്‍പ്പനയ്ക്ക് കൊടുക്കാറുണ്ട്. കോഴിക്കോടേക്കും കുന്ദംകുളത്തേക്കും വിതരണത്തിനായി കൊടുക്കുന്നുണ്ട്. തലശ്ശേരിയിലേക്കും കോഴിക്കോടേക്കും ആവശ്യാനുസരണം സ്പീഡ് പോസ്റ്റ് അയച്ചുകൊടുത്തിരുന്നു. ഞാന്‍ ഈ സംരംഭം തുടങ്ങിയത് ജൂണിലാണ്. ' ഷിജി പറയുന്നു.

വലിയ മുടക്കുമുതല്‍ ഇല്ലാതെ തുടങ്ങിയ സംരംഭമാണിത്. ജോലിയില്ലാത്ത ദിവസങ്ങളില്‍ എണ്ണൂറോളം പപ്പടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ജോലിയുള്ള ദിവസങ്ങളില്‍ രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പും വൈകുന്നേരം ജോലി കഴിഞ്ഞ് വന്നിട്ടുമാണ് പപ്പടത്തിന്റെ പണി ചെയ്യുന്നത്.

വനിത എന്ന നിലയില്‍ ഇത്തരമൊരു സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് ഷിജി സൂചിപ്പിക്കുന്നു. ഉണ്ടാക്കുന്നതെല്ലാം വില്‍ക്കപ്പെടുന്നത് ആശ്വാസം തന്നെ. ജൈവപച്ചക്കറികള്‍ വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങി തന്റെ ഈ ചെറിയ സംരംഭം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ഷിജിയുടെ ആഗ്രഹം.

പപ്പടം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഷിജിയെ വിളിക്കാം. ഫോണ്‍: 6282518318.