Asianet News MalayalamAsianet News Malayalam

പപ്പായയുടെ കറകൊണ്ട് ചില കാര്യങ്ങളുണ്ട്, കൂടാതെ വരുമാനവും നേടാം, ഇങ്ങനെ...

പപ്പായ വളര്‍ത്തുമ്പോള്‍ വന്‍പയറിന്റെ വിത്ത് ഇടയില്‍ വിതറിയാല്‍ കൂടുതല്‍ വിളവ് ലഭിക്കും. ചെടികള്‍ വളര്‍ന്ന് പൂക്കളുണ്ടാകുമ്പോള്‍ പച്ചില വളം ചേര്‍ത്തുകൊടുക്കാം.
 

Papaya how to grow and beneficiaries
Author
Thiruvananthapuram, First Published Feb 21, 2020, 3:44 PM IST

പപ്പായ നമ്മുടെ പറമ്പില്‍ ധാരാളം വളര്‍ന്നു നില്‍ക്കാറുണ്ട്. ഇഷ്ടംപോലെ കായകളും ലഭിക്കാറുണ്ട്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും പപ്പായ കായ്ക്കുന്നില്ലെന്ന് പരാതി പറയുന്നവരുമുണ്ട്. സാധാരണ ഗതിയില്‍ പപ്പായ നട്ടാല്‍ നാലുമാസം മുതല്‍ കായ്ക്കാന്‍ തുടങ്ങും. മറ്റു പച്ചക്കറികള്‍ക്ക് നല്‍കുന്നപോലെ അല്‍പം പരിചരണം പപ്പായയ്ക്ക് നല്‍കിയാല്‍ ഒരു ചെടിയില്‍ നിന്നും മുപ്പതോളം കായകള്‍ ലഭിക്കും.

തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കുക

നടാന്‍കുഴികളെടുക്കുമ്പോള്‍ 30 സെ.മീ വീതം നീളവും വീതിയും താഴ്‍ചയുമുണ്ടായിരിക്കണം. മണ്ണിരക്കമ്പോസ്റ്റ് രണ്ടരക്കിലോ അടിവളമായി ചേര്‍ക്കാം. 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും വളമായി ചേര്‍ക്കാം. മുക്കാല്‍ഭാഗത്തോളം മണ്ണിട്ട് മൂടിയ ശേഷമേ തൈകള്‍ നടാവൂ.

മെയ് മാസത്തിനും ജൂണ്‍ മാസത്തിനും മുമ്പേ പത്തുകിലോ ചാണകപ്പൊടി ഒരു സെന്‍റ് സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍ അടിവളമായി നല്‍കണം.

പപ്പായ വളര്‍ത്തുമ്പോള്‍ വന്‍പയറിന്റെ വിത്ത് ഇടയില്‍ വിതറിയാല്‍ കൂടുതല്‍ വിളവ് ലഭിക്കും. ചെടികള്‍ വളര്‍ന്ന് പൂക്കളുണ്ടാകുമ്പോള്‍ പച്ചില വളം ചേര്‍ത്തുകൊടുക്കാം.

കാര്യമായ രോഗബാധയില്ലാത്ത പച്ചക്കറിയാണ് പപ്പായ. അതുകൊണ്ടുതന്നെ വ്യാവസായികമായി കൃഷി ചെയ്യാനുള്ള മുടക്കുമുതലും കുറവാണ്. എന്നാലും അഴുകല്‍ രോഗം വരാതെ ശ്രദ്ധിക്കണം.

വിത്ത് മുളയ്ക്കുമ്പോള്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടുഗ്രാം ലയിപ്പിച്ച് മണ്ണില്‍ ഒഴിച്ചുകൊടുക്കാം.

വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമില്ലാത്തിടത്താണ് അഴുകല്‍ രോഗം വരുന്നത്.

വൈറസ് രോഗം ബാധിച്ചാലും കായകള്‍ ഉണ്ടാകാതെ വരാം. ചെടിയുടെ ഇലകളിലും പഴങ്ങളിലും പച്ചനിറത്തിലുള്ള പുള്ളികളുണ്ടാകുന്ന റിങ്ങ്‌സ്‌പോട്ട് രോഗമാണിത്. മുഞ്ഞകളാണ് രോഗം പരത്തുന്നത്. അഞ്ച് മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ഗ്രാം സോപ്പ് ലയിപ്പിച്ച് ഇലകളില്‍ തളിച്ചുകൊടുക്കാം. മീലിമൂട്ടയും പപ്പായയ്ക്ക് പ്രശ്‌നമുണ്ടാക്കാറുണ്ട്. വേപ്പെണ്ണ-സോപ്പ് മിശ്രിതം ഇത് തടയാനും ഉപയോഗിക്കാം.

കറ ശേഖരിക്കാന്‍

പപ്പായയില്‍ നിന്നുള്ള കറയ്ക്ക് ഡിമാന്റ് വളരെക്കൂടുതലാണ്. പപ്പായയില്‍ അടങ്ങിയ കറയാണ് ഔഷധനിര്‍മാണത്തിനും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനും ഉപയോഗിക്കുന്നത്.

സാധാരണ കായകളില്‍ നിന്ന് ആഴ്ചയില്‍ ഒരിക്കലാണ് കറ ശേഖരിക്കുന്നത്. ഒരു ചെടിയില്‍ നിന്ന് മൂന്ന് മാസത്തോളം കറ ശേഖരിക്കാം. ചെടിയുടെ ചുവട്ടില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കറ അതിലേക്ക് വീഴ്ത്തും. ഇത് ഉറച്ച് കട്ടിയാകുമ്പോഴാണ് ശേഖരിക്കുന്നത്.

തമിഴ്‌നാട്ടിലേക്കാണ് ഇപ്പോള്‍ പപ്പായക്കറ എത്തിക്കുന്നത്. ആന്ധ്രയിലും സംസ്‌കരണശാലകളുണ്ട്. സിന്ത ഇനത്തില്‍പ്പെട്ട പപ്പായയില്‍ നിന്ന് വന്‍തോതില്‍ കറ ശേഖരിച്ച് തമിഴ്‌നാട്ടിലേക്ക് അയക്കുന്നുണ്ട്. ഇതില്‍നിന്ന് ലഭിക്കുന്ന കറ 15 ദിവസം കേടാകാതെ സൂക്ഷിക്കാം. ഒരു പപ്പായച്ചെടിയില്‍ നിന്ന് 50 ഗ്രാം കറ ഒന്നര മാസത്തിനുള്ളില്‍ ലഭിക്കും.

Follow Us:
Download App:
  • android
  • ios