വീട്ടിനകത്ത് വളര്‍ത്തുന്ന പീസ് ലില്ലിയുടെ കുടുംബത്തില്‍പ്പെട്ട പല ചെടികളും നമ്മുടെ അരുമകളായ വളര്‍ത്തുപൂച്ചകള്‍ക്ക് അല്‍പം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ്. ഡിഫെന്‍ബെച്ചിയ, കാല ലില്ലി, പോതോസ്, ഫിലോഡെന്‍ഡ്രോണ്‍, അബ്രെല്ല ട്രീ, ചൈനീസ് എവര്‍ഗ്രീന്‍ എന്നിവയിലെല്ലാം സൂക്ഷ്മരൂപത്തില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം ഓക്‌സലേറ്റ് പരലുകളാണ് പ്രശ്‌നത്തിന് കാരണക്കാര്‍. ഈ വിഭാഗത്തില്‍പ്പെട്ട ചെടികള്‍ വീട്ടില്‍ വളര്‍ത്തുമ്പോള്‍ പൂച്ചകള്‍ ഇലകള്‍ കടിച്ച് ചവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചെടികളിലെ ഇലകളിലും പൂക്കളിലും വേരുകളിലുമെല്ലാം കൂടിയ അളവില്‍ കാല്‍സ്യം ഓക്‌സലേറ്റ് ക്രിസ്റ്റലുകള്‍ അടങ്ങിയിട്ടുണ്ടോയെന്ന് അദ്ഭുതപ്പെട്ടേക്കാം. ഈ ഇനങ്ങളിലുള്ള എല്ലാ ചെടികളിലും ഈ സംയുക്തം അടങ്ങിയിട്ടുണ്ടെങ്കിലും വളരെ കുറച്ച് ചെടികള്‍ മാത്രമേ ഉയര്‍ന്ന അളവിലുള്ള വിഷാംശം ഉത്പാദിപ്പിക്കുന്നുള്ളു. നിങ്ങള്‍ ചിലപ്പോള്‍ ഭക്ഷ്യയോഗ്യമായി കരുതി കഴിച്ച ചില ചെടികളില്‍ ഓക്‌സാലിക് ആസിഡിന്റെ ചെറിയ അംശവും കണ്ടെത്താന്‍ കഴിഞ്ഞേക്കാം. ബീറ്റ്‌റൂട്ട്, സ്പിനാഷ്, സ്വിസ്സ് ചാര്‍ഡ്, മധുരക്കിഴങ്ങ്, നിലക്കടല എന്നിവയിലെല്ലാം ഓക്‌സലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ അളവിലുള്ള ഓക്‌സലേറ്റുകള്‍ ശരീരത്തിലെത്തിയാലും പ്രശ്‌നങ്ങളുണ്ടാക്കാറില്ല. പക്ഷേ കിഡ്‌നി, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഇത്തരം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വിദഗ്‌ദ്ധോപദേശം തേടുന്നത് നല്ലതാണ്.

പൂച്ചകള്‍ പീസ് ലില്ലിയുടെ ഇലകള്‍ കടിച്ച് ചവച്ചാല്‍ വായില്‍ നിന്ന് വെള്ളം ഒലിച്ചുവരിക, ഛര്‍ദി, കൈപ്പത്തി കൊണ്ട് വായില്‍ മാന്തുക എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. കാല്‍സ്യം ഓക്‌സലേറ്റ് പരലുകള്‍ അതിസൂക്ഷ്മമായി ഇലകളില്‍ കാണപ്പെടുന്നതുകൊണ്ടാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പൂച്ചയുടെ വായിലുള്ള കലകളിലൂടെ സൂക്ഷ്മമായി തുളച്ചുകയറുന്നവയാണ് ഈ പരലുകള്‍. നാവിലും തൊണ്ടയിലും അന്നനാളത്തിലുമെല്ലാം പുകച്ചില്‍ പോലെ അസ്വസ്ഥത അനുഭവപ്പെടാം. വളരെ അപൂര്‍വമായേ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളു.

ഏതെങ്കിലും കാരണവശാല്‍ ഇത്തരം ചെടികളുടെ ഇലകള്‍ കടിച്ചുതിന്നാല്‍ കുറച്ച് മണിക്കൂറുകള്‍ മാത്രമേ ഈ അസ്വസ്ഥതകള്‍ ഉണ്ടാകാറുള്ളുവെന്നത് ആശ്വാസകരമാണ്. അങ്ങനെ സംഭവിച്ചാല്‍ തണുപ്പിച്ച ലാക്ടോസ് ഇല്ലാത്ത പാലോ യോഗര്‍ട്ടോ പൂച്ചകള്‍ക്ക് നല്‍കിയാല്‍ വായിലും തൊണ്ടയിലുമുള്ള അസ്വസ്ഥത ഇല്ലാതാക്കാം. കൂടിയ അളവില്‍ ലാക്ടോസ് അകത്തെത്തിയാല്‍ വയറിളക്കത്തിന് കാരണമാകും. മിക്കവാറും മൃഗങ്ങള്‍ക്ക് പാല്‍ അടങ്ങിയ ഉത്പന്നങ്ങള്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. വളരെ പരിമിതമായി അത്യാവശ്യഘട്ടത്തില്‍ മാത്രമേ നല്‍കാവൂ.