Asianet News MalayalamAsianet News Malayalam

നിങ്ങളുടെ പൂന്തോട്ടത്തില്‍ ഈ ചെടികളുണ്ടോ? സൂക്ഷിക്കണം, ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാവാം

 ഗവേഷകര്‍ കണ്ടെത്തിയത് വീട്ടില്‍ വളര്‍ത്തുന്ന ചെറിയ ഇനമായ അലോ വേരിഗേറ്റ് എന്ന ചെടിയില്‍ അങ്ങേയറ്റം വിഷാംശമുള്ള ഹെംലോക്ക്-സാപോനിന്‍ എന്ന പദാര്‍ഥം അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് മൃഗങ്ങളില്‍ വയറിളക്കം, ഛര്‍ദി, മൂത്രത്തില്‍ മഞ്ഞക്കളര്‍ എന്നിവയ്ക്ക് കാരണമാകുന്നു.

poisonous plants in our garden
Author
Thiruvananthapuram, First Published Oct 11, 2020, 9:34 AM IST

പുതിയ പട്ടിക്കുട്ടിയുമായോ സ്വന്തം കുഞ്ഞുമായോ പൂന്തോട്ടത്തിലൂടെ നടക്കുമ്പോള്‍ അല്‍പം കരുതല്‍ നല്ലതല്ലേ? അറിയാതെ ചില ഇലകളില്‍ സ്പര്‍ശിക്കുകയോ മണക്കുകയോ കടിച്ചുചവയ്ക്കുകയോ ചെയ്താല്‍ പലവിധ അസ്വസ്ഥതകളുമുണ്ടാകാം. ഏതൊക്കെ ചെടികളിലാണ് വിഷാംശമുള്ളതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഈസ്റ്റര്‍ ലില്ലി, സ്റ്റാര്‍ഗെയ്‌സര്‍ ലില്ലി, ഡാഫോഡില്‍സ്, ടുലിപ്, ലില്ലി ഓഫ് ദ വാലി, കറ്റാര്‍വാഴ, ജമന്തി എന്നിവയുമായി ഇടപഴകുമ്പോള്‍ കരുതല്‍ സ്വീകരിക്കണം. ഇവയില്‍ എതെങ്കിലും നിങ്ങളുടെ കുഞ്ഞുങ്ങളോ വളര്‍ത്തുമൃഗങ്ങളോ ഭക്ഷിക്കാനിടയായാല്‍ അസ്വസ്ഥതകള്‍ പ്രകടമാകാന്‍ കുറേ സമയമെടുക്കും.

പൂച്ചകള്‍ക്ക് അസ്വസ്ഥകളുണ്ടാക്കുന്നതാണ് ലില്ലിച്ചെടികള്‍. ഏത് ഇനത്തില്‍പ്പെട്ട ലില്ലിയും ഹാനികരമാണ്. കാലിഫോര്‍ണിയയിലെ സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന്റെ കണ്ടെത്തല്‍ പ്രകാരം ഈ ചെടിയുടെ പൂവോ തണ്ടോ ശരീരത്തിനുള്ളിലെത്തിയാല്‍ മൃഗങ്ങളില്‍ കിഡ്‌നിക്ക് പൂര്‍ണമായ തകരാന്‍ സംഭവിക്കുമെന്നാണ് വ്യക്തമാകുന്നത്. ശരീരത്തിലെത്തി അല്‍പം മണിക്കൂറുകള്‍ കഴിഞ്ഞാല്‍ രുചിയില്ലായ്മ, ഛര്‍ദി എന്നിവ അനുഭവപ്പെടാം. ചെറിയ വെളുത്ത പൂക്കളുണ്ടാകുന്ന ലില്ലി ഓഫ് വാലി എന്ന ചെടിയുടെ ഇലകളും പൂക്കളും മൃഗങ്ങളുടെ ഉള്ളിലെത്തിയാല്‍ മരണം സംഭവിക്കും.

അതുപോലെ തന്നെ ടുലിപ്, ഡാഫോഡില്‍സ് എന്നിവയില്‍ വിഷാംശമുള്ള ആല്‍ക്കലോയിഡ് അടങ്ങിയിരിക്കുന്നു. മനുഷ്യരേക്കാള്‍ മൃഗങ്ങളിലാണ് അപകടങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. തലകറക്കവും വയര്‍ സംബന്ധമായ അസ്വസ്ഥതകളുമാണ് ലക്ഷണങ്ങള്‍. തണ്ടുകളും ഇലകളും വേരുകളുമാണ് വിഷാംശമുള്ളത്. എന്നാല്‍ ഭൂമിക്കടിയിലുള്ള കിഴങ്ങിലാണ് ഏറ്റവും കൂടുതല്‍ അളവില്‍ വിഷാംശമുള്ളത്. മാംസ്യമടങ്ങിയ ആല്‍ക്കലോയിഡുകള്‍ നാഡീവ്യവസ്ഥയെ കാര്യമായി ബാധിക്കും.

ചെടികളിലെ 'ഫസ്റ്റ് എയ്ഡ്' ആയി കണക്കാക്കുന്ന കറ്റാര്‍വാഴ യഥാര്‍ഥത്തില്‍ പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഹാനികരമാണ്. പ്രാചീനകാലം മുതല്‍ ഇന്ത്യയിലും ഈജിപ്റ്റിലും ഗ്രീസിലും ചൈനയിലും ഔഷധമായി ഉപയോഗിച്ചിരുന്നതാണ് കറ്റാര്‍വാഴ. മനുഷ്യരില്‍ പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും അലര്‍ജി ഇല്ലാതാക്കാനും കറ്റാര്‍വാഴ സഹായിക്കുന്നുണ്ട്. ലോകത്തില്‍ 250 -ല്‍ക്കൂടുതല്‍ ഇനങ്ങളുണ്ട്.  ഭൂരിഭാഗവും വിഷാംശമില്ലാത്തതാണ്. എന്നാല്‍, ഗവേഷകര്‍ കണ്ടെത്തിയത് വീട്ടില്‍ വളര്‍ത്തുന്ന ചെറിയ ഇനമായ അലോ വേരിഗേറ്റ് എന്ന ചെടിയില്‍ അങ്ങേയറ്റം വിഷാംശമുള്ള ഹെംലോക്ക്-സാപോനിന്‍ എന്ന പദാര്‍ഥം അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് മൃഗങ്ങളില്‍ വയറിളക്കം, ഛര്‍ദി, മൂത്രത്തില്‍ മഞ്ഞക്കളര്‍ എന്നിവയ്ക്ക് കാരണമാകുന്നു.

റോഡോഡെന്‍ഡ്രോണ്‍ ഇനങ്ങള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ഹാനികരമാണ്. ഇലകളും പൂക്കളും പട്ടി, പൂച്ച, കുതിര എന്നിവയ്ക്ക് അപകടമുണ്ടാക്കുന്നു. ഈ ഇനത്തില്‍പ്പെട്ട പൂക്കളില്‍ നിന്നുള്ള തേന്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കിലും അപകടമുണ്ടാകും. മനുഷ്യരില്‍ മൃഗങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കുറയാനുള്ള കാരണം ആന്‍ഡ്രോമെഡോടോക്‌സിന്‍ എന്ന പദാര്‍ഥം വിഘടിപ്പിക്കാന്‍ ദഹനപര്യയന വ്യവസ്ഥയ്ക്ക് കഴിയുമെന്നതാണ്.

അതുപോലെ ജമന്തിയും പൂച്ചകള്‍ക്കും പട്ടികള്‍ക്കും അസ്വസ്ഥതയുണ്ടാക്കും. വയറില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ടാക്കാനും കാരണമാകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios