ചെടിക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് കൃത്യമായി കണ്ടുപിടിച്ച് കൃഷിക്കുപയോഗിച്ചാല്‍ വെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ മാത്രമല്ല, മികച്ച വരുമാനവും നേടാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ചില കര്‍ഷകരുണ്ട്. കൃത്യമായ ഇടവേളകളില്‍ വെള്ളം തുള്ളിതുള്ളിയായി ചെടിയുടെ ചുവട്ടില്‍ നല്‍കുന്ന രീതിയാണ് തുള്ളിനന അഥവാ കണികാ ജലസേചനം. തുള്ളിനന ഉപയോഗിച്ച് മാതളം (ഉറുമാമ്പഴം) കൃഷി ചെയ്ത് വന്‍ വിജയം നേടിയ ഗുജറാത്തില്‍ നിന്നുള്ള ചില കര്‍ഷകരെ പരിചയപ്പെടാം.

5500 മാതളച്ചെടികളുമായി ഗനേഭായി

 

ഗുജറാത്ത് സ്വദേശിയായ ഗനേഭായി ദര്‍ഗാജി പട്ടേല്‍ വളര്‍ത്തുന്നത് 5500 മാതളത്തിന്റെ ചെടികളാണ്. ഇദ്ദേഹത്തിന്റെ മാതളത്തോട്ടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അടുത്ത ജില്ലകളില്‍ ഏകദേശം 2.50 ലക്ഷം ചെടികള്‍ നട്ടുവളര്‍ത്തിക്കഴിഞ്ഞു. ഗുജറാത്തിലെയും രാജസ്ഥാനിലെയും നിരവധി കര്‍ഷകര്‍ ഇദ്ദേഹത്തിന്റെ ഫാം സന്ദര്‍ശിച്ചു കഴിഞ്ഞു.

2009 -ലെ 'കൃഷി നാ ഋഷി' അവാര്‍ഡും രാജസ്ഥാന്‍ ഹല്‍ദിയാര്‍ ടൈംസ് അവാര്‍ഡും 2012 -ലെ ബെസ്റ്റ് ആത്മ ഫാര്‍മേഴ്‌സ് അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു. 2017 -ലെ പത്മശ്രീ ജേതാവും കൂടിയാണ് ഗനേഭായി.

ഗനേഭായി പറഞ്ഞു തരുന്ന ചില ടിപ്‍സ് ഇതാ.

1. പഞ്ചാമൃതമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. അതായത് ഗോമൂത്രവും ചാണകവും ശര്‍ക്കരയും ധാന്യങ്ങളില്‍ നിന്നുള്ള പൊടിയും ചേര്‍ന്ന മിശ്രിതം.

2. ഓരോ ചെടിക്കും മണ്ണിരക്കമ്പോസ്റ്റ് എല്ലാ മാസവും നല്‍കുന്നു. ചുവന്ന വലുപ്പമുള്ള ഗുണനിലവാരമുള്ള പഴങ്ങള്‍ ഉണ്ടാകാന്‍ ഇത് സഹായിക്കുന്നു.

3. ഓരോ ചെടികളിലെയും പഴങ്ങള്‍ പക്ഷികളില്‍ നിന്നും സംരക്ഷിക്കാനായി വല വിരിക്കുന്നു

സതീഷ്ഭായിയുടെ മാതളക്കൃഷി

 

ഗുജറാത്തിലെ ബാരുച് എന്ന സ്ഥലത്ത് 4.54 ഹെക്ടറില്‍ കൃഷി ചെയ്യുന്ന സതീഷ്ഭായി ശാസ്ത്രീയമായ അറിവുകള്‍ ശേഖരിച്ചാണ് മാതളക്കൃഷി നടത്തുന്നത്.
കരിമ്പും പരുത്തിയും കൃഷി ചെയ്ത് കുറഞ്ഞ വിളവ് ലഭിച്ചപ്പോഴാണ് ആത്മ പ്രോജക്റ്റിന്റെ ഭാഗമായി പരിശീലന പരിപാടികളില്‍ പങ്കെടുത്തത്.

തുള്ളിനന എങ്ങനെ നടത്തണമെന്ന പരിശീലനം നേടുകയും മണ്ണിലെ സൂക്ഷമ മൂലകങ്ങളുടെ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് മാതളത്തിന്റെ ഭാഗവ എന്ന ഇനം കൃഷി ചെയ്യാനാരംഭിച്ചത്. ഇത് ടിഷ്യുകള്‍ച്ചര്‍ ഇനമാണ്.

മികച്ച വിളവിനായി സ്വീകരിച്ച മാര്‍ഗം

തുള്ളിനനയാണ് ജലസേചനത്തിന് ഉപയോഗപ്പെടുത്തിയത്. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഉപയോഗിച്ച് ഇന്റഗ്രേറ്റഡ് ന്യൂട്രീഷ്യന്‍ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാണ് മികച്ച വിളവ് നേടിയത്. മാതളം ഗുണമേന്മയനുസരിച്ച് ഗ്രേഡ് നല്‍കി പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുകയാണ്.

ശാസ്ത്രീയമായ രീതിയിലൂടെ മാതളക്കൃഷി നടത്തിയപ്പോള്‍ ചെലവ് കുറച്ച് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. 2014 -ല്‍ മികച്ച ആത്മ കര്‍ഷകനുള്ള അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

2012 ല്‍ 4,80,000 രൂപയായിരുന്നു കൃഷി ചെയ്യാനുള്ള ചിലവ്. വരുമാനമായി ലഭിച്ചത് 15 ലക്ഷം രൂപ. അതില്‍ ഇദ്ദേഹത്തിന് 10,20000 രൂപ ഇദ്ദേഹത്തിന് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. 2013 -ല്‍ 17 ലക്ഷം രൂപ വരുമാനം ലഭിച്ച ഇദ്ദേഹത്തിന്റെ മുടക്കുമുതല്‍ 5 ലക്ഷം രൂപയായിരുന്നു. ലാഭമായി നേടിയത് 12 ലക്ഷം രൂപയും. ഓരോ വര്‍ഷം കഴിയുന്തോറും ലാഭവിഹിതം കൂടിക്കൂടി വരികയാണ്.

സിന്ദൂരി എന്ന ഇനം മാതളവുമായി പട്ടേല്‍

 

പട്ടേല്‍ ഭവന്‍ജി ഭന്‍ജി ഗുജറാത്തിലെ മികച്ച കര്‍ഷകനാണ്. അദ്ദേഹം വളര്‍ത്തി വിളവെടുത്ത മാതളത്തില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി ലാഭം നേടുകയും ചെയ്തു.

ഇദ്ദേഹം പരുത്തിയും നിലക്കടലയും ഗോതമ്പും കൃഷി ചെയ്ത് നഷ്ടം സഹിച്ച സമയത്താണ് തുള്ളിനന ഉപയോഗിച്ചുള്ള മാതളത്തിന്റെ കൃഷിയെക്കുറിച്ച് മനസിലാക്കുന്നത്. ഈ രീതി അവലംബിക്കുന്നതിന് മുമ്പ് ജലസേചനത്തിനുപയോഗിക്കുന്ന മാര്‍ഗങ്ങളാണ് ചെലവ് കൂടുതലുണ്ടാക്കിയതും സമയം നഷ്ടപ്പെടുത്തിയതും.

കാര്‍ഷിക മേഖലയിലെ ശാസത്രജ്ഞരുമായി ഇടപഴകിയ അദ്ദേഹം കൃഷി മേളകളിലെയും എക്‌സിബിഷനുകളിലെയും ആത്മയുടെ പരിശീലന ക്ലാസുകളിലെയും സജീവ സാന്നിദ്ധ്യമായിരുന്നു. അങ്ങനെയാണ് മാതളത്തിന്റെ കൃഷി ആരംഭിച്ചത്.

സിന്ദൂരി എന്ന ഇനമാണ് കൃഷി ചെയ്യാന്‍ ഉപയോഗിച്ചത്. കൂടുതല്‍ വിളവിനായും വെള്ളത്തിന്റെ കാര്യക്ഷമമായ ഉപയോഗിത്തിനായുമാണ് തുള്ളിനന സ്വീകരിച്ചത്.

ആധുനിക രീതിയിലുള്ള പമ്പുകള്‍ ഉപയോഗിച്ച് കീടനിയന്ത്രണത്തിനുള്ള മരുന്നുകള്‍ സ്‌പ്രേ ചെയ്തു. ആവണക്കും വേപ്പധിഷ്ഠിത വളങ്ങളുമാണ് അദ്ദേഹം ഉപയോഗിച്ചത്. ചെടികളെ സംരക്ഷിക്കാനായി ഫിറമോണ്‍ കെണി ഉപയോഗപ്പെടുത്തി.

മാതളം വില്‍ക്കുക മാത്രമല്ല, അതില്‍ നിന്ന് ജ്യൂസ് ഉണ്ടാക്കി വില്‍പ്പന നടത്തി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തു. 2013-14 ലെ മികച്ച ആത്മ കര്‍ഷകനുള്ള അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.