കൃഷിയിടത്തിലും കര്‍ഷകരുടെ ധാന്യസംഭരണ കേന്ദ്രങ്ങളിലും എലികള്‍ വന്നാല്‍ അതിനെ തുരത്തുന്നത് വലിയ പാടാണ്. ചെറിയ നച്ചെലി മുതല്‍ പെരുച്ചാഴി, പന്നിയെലി വരെയുള്ളവ ഉണ്ടാക്കുന്ന നഷ്ടം ആലോചിച്ചാല്‍ എങ്ങനെയെങ്കിലും ഇതിനെ തുരത്താനേ നോക്കൂ. കൃഷിയിടത്തിലും വീട്ടിലും വരുന്ന എല്ലാതരം എലികളെയും കൊല്ലാനുള്ള എളുപ്പവഴിയുമായി വന്നിരിക്കയാണ്, പാലാ, തൊടുപുഴ ഭാഗങ്ങളിലെ ചില കര്‍ഷകര്‍. സ്വന്തം അനുഭവത്തില്‍ നിന്ന് അവര്‍ വികസിപ്പിച്ച ലളിതമായ ടെക്‌നോളജിയാണ് ഇത്. ആര്‍ക്കും പരീക്ഷിക്കാം.
 
സംഭവം വളരെ സിംപിളാണ്. എലിക്ക് ഭക്ഷിക്കാനാവശ്യമായ ആഹാരം തയ്യാറാക്കലാണ് ആദ്യപടി. അതിനു വേണ്ടത് അല്‍പം അരി. ഏതുതരം അരിയുമാവാം. ഏകദേശം അറുപതു ഗ്രാമിനടുത്ത് അരിയെടുത്ത് നന്നായി വറുക്കുക. വറുത്തശേഷം മിക്‌സിയിലിട്ട് അധികം തരികളില്ലാത്ത രൂപത്തില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് മൂന്നു പാരസെറ്റമോള്‍ ഗുളിക (650 മില്ലിഗ്രാം ഡോസേജായാല്‍ നല്ലത്) പൊടിച്ചു ചേര്‍ക്കുക. ഒരു പത്രക്കടലാസിലിട്ട് കല്ലുകൊണ്ട് കുത്തി പൊടിച്ചാല്‍ മതി. ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. എലി സാധാരണ വരുന്ന വഴികളിലോ എലിയെ പതിവായി കാണുന്ന സ്ഥലത്തോ ഒരു ചെറിയ പാത്രത്തില്‍ ഇതു വെക്കുക. രാത്രികാലത്ത് വെക്കുന്നതാണ് നല്ലത്. ഇതു കഴിച്ചാല്‍ മൂഷികമരണം ഉറപ്പ്.

പ്രത്യേകം ശ്രദ്ധിക്കുക- കോഴിയോ പൂച്ചയോ മറ്റു മൃഗങ്ങളോ ഇതു കഴിക്കാന്‍ ഇടയാവാത്ത തരത്തില്‍ രാവിലെ ഇത് എടുത്തു മാറ്റണം. ഇല്ലെങ്കില്‍ ഇതു കഴിച്ചാല്‍ അവയ്ക്കും അപകടം പറ്റാം. നമ്മുടെ കൈയില്‍ പറ്റിയാല്‍ പ്രത്യേകിച്ച് അപകടം ഇല്ലാത്തതിനാല്‍ മറ്റ്  വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുപോലെ പേടിക്കേണ്ടതില്ല. എങ്കിലും സോപ്പിട്ട് നന്നായി കൈകഴുകണം.