നിങ്ങളുടെ തോട്ടത്തിലെ ചെടികൾ ആവശ്യത്തിന് വെള്ളം കിട്ടാതെ പെട്ടെന്ന് വരണ്ടുണങ്ങിപ്പോയോ? ചില ചെറിയ പൊടിക്കൈകൾ പ്രയോ​ഗിച്ചാൽ അവയിൽ പലതിനെയും വീണ്ടടുക്കാം. ചെടികൾ എത്രമാത്രം ഉണങ്ങിപ്പോയി എന്നതിനെ ആശ്രയിച്ചാണ് അവ വീണ്ടെടുക്കാൻ കഴിയുമോ എന്നത് അറിയാൻ പറ്റുക. ഇലകളും കമ്പുകളും പരിശോധിച്ചാൽ അവയുടെ ഉണക്കം അറിയാൻ കഴിയും.

പച്ച ഇലകൾ ക്രമമായി മഞ്ഞയായി മാറുകയും മഞ്ഞ ഇലകൾ അടർന്നു വീഴുകയും ചെയ്യുന്നതാണ് വരണ്ടുണങ്ങുന്നതിന്റെ ലക്ഷണം. ചെറുതായി ഇലകൾ മഞ്ഞയായി തുടങ്ങുമ്പോൾ അതു തൊട്ടുനോക്കുക. ഒരില തൊടുമ്പോൾ ആ ഇല മാത്രം ഉടൻ അടർന്നു വീഴുകയാണെങ്കിലോ വീഴാതിരിക്കുകയാണെങ്കിലോ അത്തരം ചെടികൾ  വീണ്ടെടുക്കാൻ പറ്റും. എന്നാൽ, ഒരില തൊടാൻ ശ്രമിക്കുമ്പോൾ കുറേ ഇലകൾ ഒരുമിച്ച് അടർന്നു വീഴാൻ തുടങ്ങുകയാണെങ്കിൽ അത്തരം ചെടികൾ പുനരുജ്ജീവിപ്പിക്കാൻ പാടാണ്.

ചെടികളെ പുനരുജ്ജീവിപ്പിക്കാൻ കരുതലോടെ ജലപ്രയോ​ഗം നടത്തണം. ഉണങ്ങി വരണ്ടുപോയ നാവുകളിൽ തുള്ളിതുള്ളിയായി വെള്ളം വീഴ്ത്തി മാത്രമേ ദാഹം മാറ്റാവൂ എന്ന് ആടുജീവിതത്തിൽ ബെന്യാമിൻ എഴുതിയതുപോലെ തുള്ളി തുള്ളിയായി മാത്രമേ ഇവയ്ക്ക് വെള്ളം എത്തിക്കാവൂ. ആദ്യം ഇത്തിരി നനവു മാത്രം നൽകി, ചെടികളെ ഉദ്ദീപിപ്പിക്കുക. പിന്നെ കരിയിലകളും അല്പം ചകിരിയും ഉണങ്ങിയ പുല്ലും ചെടിയുടെ ചുറ്റുമായി മണ്ണിൽ നിർത്തി നേർത്ത ഒരു പുതയിടൽ നടത്തുക. എന്നിട്ട് ഈ കരിയിലയാവരണത്തെ അല്പാല്പമായി വെള്ളം നനച്ച് മണ്ണിൽ ചെടിക്കു ചുറ്റുമായി ഈർപ്പം നിലനിർത്തുക. മൂന്നുമുതൽ അഞ്ചുവരെ ദിവസം കൊണ്ട് ക്രമേണ വെള്ളത്തിന്റെ അളവു കൂട്ടി കൂട്ടി വരുമ്പോൾ ചെടിയിൽ പുത്തൻ തളിർപ്പുകൾ വന്നു തുടങ്ങും. എന്നാൽ, ആദ്യദിവസം തന്നെ കൂടുതൽ വെള്ളമൊഴിച്ചാൽ ഉണങ്ങിയ ചെടി വളരാതെ കരിഞ്ഞുതന്നെ പോകാൻ സാദ്ധ്യതയുണ്ട്. 

ഇലകളുടെ മഞ്ഞനിറം മാറി അവ ബ്രൗൺ നിറമാവുകയോ തണ്ടുകൾക്ക്  പച്ചപ്പുപോയി ബ്രൗൺ നിറം ആവുകയോ ചെയ്താൽ വരൾച്ച തണ്ടുകളെയും ബാധിച്ചു എന്നാണർത്ഥം. ഇത്തരം ചെടികളുടെ തണ്ട്, മണ്ണിൽനിന്ന് ഏകദേശം പത്തു സെന്റീമീറ്റർ ഉയരത്തിൽ വച്ച് നല്ല മൂർച്ചയുള്ള ഒരു കത്തികൊണ്ട് മുറിച്ചു മാറ്റുക. ആ നിരപ്പിൽ തണ്ടിൽ അല്പമെങ്കിലും പച്ചപ്പുണ്ടെങ്കിൽ ആ ചെടിയെ പുനരുജ്ജീവിപ്പിക്കാം. നേരത്തെ പറഞ്ഞതുപോലെ എല്ലാ ക്രമീകരണങ്ങളും ഇവിടെയും ചെയ്യുക. ഏഴു മുതൽ പത്തു ദിവസം വരെയെടുക്കും അവയിൽ തളിർപ്പിന്റെ ആദ്യലക്ഷണങ്ങൾ കാണാൻ.

പുനരുജ്ജീവിപ്പിക്കപ്പെടുന്ന ചെടികൾക്ക് അവ തളിർത്തു തുടങ്ങിയാൽ ആദ്യത്തെ ആഴ്ച വളപ്രയോ​ഗം നടത്തരുത്. പത്താംദിവസം മുതൽ നേരിയ തോതിൽ ജൈവവളങ്ങൾ നൽകാം. ചെടികളുടെ സ്വഭാവം അനുസരിച്ച് ഏതു ജൈവവളം വേണമെന്നതു തീരുമാനിക്കാം.