റോ‍ഡുകളുടെ വശങ്ങളിലും നടുക്കുള്ള മീഡിയനുകളിലും മരങ്ങൾ വച്ചുപിടിപ്പിക്കാവുന്നതാണ്. എല്ലാ മരങ്ങളും ഇതിന് അനുയോജ്യമല്ല. ഇലകൊഴിച്ചിൽ കുറവുള്ളതും പൂക്കൾ അധികം വീഴാത്തതും കായ്കൾ പൊഴിഞ്ഞു വീഴാത്തതുമായ മരങ്ങളോ ചെടികളോ ആണ് ആൾത്തിരക്കും വാഹനത്തിരക്കും കൂടിയ വഴികൾക്ക് സ്വീകാര്യമായവ.

എന്നാൽ, അധികം തിരക്കില്ലാത്ത വീതി കൂടിയ വഴികളിലും ഉദ്യാനങ്ങളുടെ പലയിടങ്ങളിലും നിരനിരയായി നടാവുന്ന നിരവധി മരങ്ങളുണ്ട്. 

ബാം​ഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ ​ഗവേഷകരുടെ കണ്ടെത്തലുകൾ പ്രകാരം വഴിയോരത്തണൽമരങ്ങൾ പന്ത്രണ്ടാണ്. വഴിയോരത്തുനിന്ന് അല്പം മാറിയോ നദീ തീരത്തോ വച്ചുപിടിപ്പിക്കാവുന്ന മരങ്ങൾ എന്ന നിലയിലാണ് ഈ മരങ്ങളെ കണക്കാക്കിയിരിക്കുന്നത്.

1. പൊങ്ങുമരം
2. പ്ലാവ്
3. മാവ്
4. ഞാവൽ
5. വേപ്പ്
6. അരയാൽ
7. അത്തി
8. ചെമ്പകം
9. പേരാൽ
10. പ്ലാശ് അഥവാ ചമത
11. കണിക്കൊന്ന
12. അരണമരം

-എന്നിവയാണവ.

ഇതിൽ ഇന്ത്യൻ ബീച്ച് എന്നറിയപ്പെടുന്ന പൊങ്ങുമരം മിന്നരി, ഉങ്ങ്, പൊങ്ങം, പുങ്ങു, പുന്നു എന്നിങ്ങനെ കേരളത്തിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്. ശാസ്ത്രനാമം പൊങ്ങാമിയ പിന്നാറ്റ (Pongamia pinnata). കുലകളായി കാണുന്ന അഞ്ചിതളുകളുള്ള സുഗന്ധമുള്ള വെളുത്ത പൂക്കൾ ആണ് പ്രത്യേകത. പോളിയാൽഥിയ ലോൻജിഫോളിയ (Polyalthia longifolia) എന്ന ശാസ്ത്രനാമമുള്ള അരണ മരം  പ്രധാനമായും ശബ്ദമലിനീകരണത്തെ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ചെണ്ട നിർമ്മിക്കാനാണ് ഇതിന്റെ തടി ഉപയോ​ഗിക്കുന്നത്. മറ്റുള്ളവ കേരളീയർക്ക് പരിചിതമായതിനാൽ ഇവിടെ വിവരിക്കുന്നില്ല.

മീഡിയനിൽ നടാൻ പൂച്ചെടികളാണ് പ്രധാനമായും നിർദേശിക്കപ്പെട്ടിരിക്കുന്നത്

1. തെച്ചി
2. പാരിജാതം
3. വെള്ളത്തെറ്റി
4. അശോകം
5. കമ്പിമരം

-എന്നിവയാണവ. 

യാത്രകളുടെ ഏകതാനത കുറയ്ക്കാനും റോഡുകളിലെ നനുത്ത പൊടികൾ വലിച്ചെടുക്കാനും സഹായിക്കുന്നവയാണ് ഈ ചെടികളിൽ മിക്കവയും. ശബ്ദമലിനീകരണത്തെ കുറയ്ക്കാനുള്ള ഉപാധികളായും പല ചെടികളും വർത്തിക്കുന്നു.