പരാഗണകാരികളെ വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിവുള്ള ജാപ്പനീസ് റോസ് നിറങ്ങളുടെ മനോഹാരിതയാല്‍ നമ്മുടെ ഹൃദയവും കവരും. വെളുപ്പ്, പിങ്ക്, ചുവപ്പ് എന്നീ മൂന്നുനിറങ്ങളില്‍ വേനല്‍ക്കാലത്തിന് മുമ്പേ പുഷ്പ്പിക്കാന്‍ തുടങ്ങുകയും മഴക്കാലമാകുന്നത് വരെ പൂക്കാലം നിലനില്‍ക്കുകയും ചെയ്യും.

രണ്ട് മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ പൂച്ചെടി റൂഗോസ റോസ് (Rugosa Rose) എന്നും അറിയപ്പെടുന്നു. പെട്ടെന്ന് വളര്‍ന്ന് വ്യാപിക്കുന്ന ചെടിയായതിനാല്‍ വളര്‍ത്തുമ്പോള്‍ സ്ഥലത്തെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം. നല്ല കടുംപിങ്ക് നിറത്തിലും ഇളംപിങ്ക് നിറത്തിലുമുള്ള ഇതളുകളാണ് ഇവയുടെ പൂക്കള്‍ക്ക്. വളരെ സുഗന്ധമുള്ള പൂക്കളാണ്. ഈ ഇതളുകള്‍ ഉപയോഗിച്ച് റോസ് പെറ്റല്‍ ഐസ്‌ക്രീം, റോസ് ഫേഷ്യല്‍ മാസ്‌ക്, റോസ് ഷുഗര്‍ എന്നിവ നിര്‍മ്മിക്കാറുണ്ട്

ഐസ്‌ക്രീം നിര്‍മിക്കാനായി റോസിന്റെ ഇതളുകള്‍ കൊണ്ട് റോസ് പെറ്റല്‍ ചായയാണ് ആദ്യമുണ്ടാക്കേണ്ടത്. ഇതളുകളുടെ സുഗന്ധവും നിറവും വെള്ളത്തില്‍ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് കപ്പ് ഇതളുകള്‍ ഒന്നര കപ്പ് വെള്ളത്തിലിട്ട് 15 മിനിറ്റ് അടച്ച് വെച്ച് തിളപ്പിക്കും. അതിനുശേഷം ഇതളുകള്‍ അരിച്ചെടുത്ത് വെള്ളം മാത്രം ഐസ്ക്രീം നിര്‍മിക്കാനായി ചേര്‍ക്കും.

വിത്ത് മുളപ്പിച്ചും തണ്ട് മുറിച്ച് നട്ടും ജാപ്പനീസ് റോസ് വളര്‍ത്താവുന്നതാണ്. തണ്ടുകള്‍ വേര് പിടിപ്പിച്ചാണ് സാധാരണ വളര്‍ത്താറുള്ളത്. പലതരത്തിലുള്ള മണ്ണിലും വളരും. മണല്‍ കലര്‍ന്ന മണ്ണായാലും വളപ്രയോഗം കുറവുള്ള സ്ഥലത്തായാലും ചെടി വളര്‍ത്താം. മറ്റുള്ള ഹൈബ്രിഡ് റോസുകള്‍ പോലെ കൃത്യമായ വളപ്രയോഗം ആവശ്യമില്ല. കൊമ്പുകോതലും നടത്തിയില്ലെങ്കിലും പൂക്കളുണ്ടാകും.