Asianet News Malayalam

പേര് നിലമാങ്ങ, എന്നാൽ മാങ്ങയല്ല, അപൂർവമായി ലഭിക്കുന്ന ഔഷധക്കൂണിന്റെ വിശേഷങ്ങളറിയാം

നേരത്തെ കോളറ പോലെയുള്ള പകർച്ചവ്യാധികൾക്ക് ഔഷധമായി ഉപയോ​ഗിച്ച് പോന്നിരുന്നതാണ് നിലമാങ്ങ. അതുപോലെ തന്നെ പല അസുഖങ്ങൾക്കും നിലമാങ്ങ ഉപയോ​ഗിക്കാറുണ്ട്. 

sclerotium stipitatum aka nilamanga found
Author
Thiruvananthapuram, First Published Apr 22, 2021, 1:01 PM IST
  • Facebook
  • Twitter
  • Whatsapp

നിലമാങ്ങ എന്നത് പുതുതലമുറയിൽ പെട്ട പലർക്കും അജ്ഞാതമായിരിക്കും. പേരിൽ മാങ്ങയുണ്ടെങ്കിലും ഇതൊരു മാങ്ങയല്ല. മറിച്ച്, ഇതൊരു കൂണാണ്. മാങ്ങയെ പോലെ ഇരിക്കുന്നതിനാലാണ് നിലമാങ്ങ എന്ന പേര് വന്നിരിക്കുന്നത്. തന്റെ തൊടിയിൽ നിന്നും ലഭിച്ച നിലമാങ്ങയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഉബൈദുള്ള എടയ്ക്കൽ. തൊടിയിലെ ചിതൽപ്പുറ്റ് കിളച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവ കിട്ടിയത് എന്നും ഉബൈദുള്ള എഴുതുന്നു. 

പോസ്റ്റ് വായിക്കാം: 

എന്റെ തൊടിയിൽ നിന്നും ലഭിച്ച നിലമാങ്ങ. തൊടിയിലെ ചിതൽപ്പുറ്റ്  കിളച്ചപ്പോഴാണ്  ഇവ കിട്ടിയത്. വളരെ അപൂർവമായി മാത്രം കാണുന്ന  അമൂല്യമായ ഔഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിന് നിലമാങ്ങയെന്ന പേരുവന്നത്. ചിതൽക്കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം സ്ക്ളറോട്ടിയം സ്റ്റിപിറ്റാറ്റം (sclerotium stipitatum) എന്നാണ്. പഴയ കെട്ടിടാവശിഷ്ടങ്ങളിലും ചിതൽ പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്.

വയനാട്ടിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ പുറത്തിറക്കിയ "ഔഷധക്കൂണുകൾ" എന്ന പുസ്തകത്തിൽ ഇതിനെ പറ്റി വിശദമായി പറയുന്നുണ്ട്. മിഥുനം, കർക്കടകം മാസങ്ങളിൽ മണ്ണിനടിയിൽ നിന്ന് കറുത്തപൊടികളോട് കൂടിയ നാരുകൾ (മൈസീലിയം) പൊന്തി വരാറുണ്ട്. ഇത് നിലമാങ്ങയിൽ നിന്ന് വരുന്നതാണ്. ഔഷധ കലവറയാണ് നിലമാങ്ങ. കോളറ പടർന്നുപിടിച്ച കാലത്ത് ഇത് മരുന്നായി നൽകിയിരുന്നു. ഇത് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയ്ക്ക് ഉടനെ ആശ്വാസം ലഭിക്കും.

എന്റെ തൊടിയിൽ നിന്നും ലഭിച്ച നിലമാങ്ങ തൊടിയിലെ ചിതൽപ്പുറ്റ് കിളച്ചപ്പോഴാണ് ഇവ കിട്ടിയത്. വളരെ അപൂർവമായി മാത്രം...

Posted by Ubaidulla Edaikkal on Tuesday, 20 April 2021

ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദ്ദി, ശരീരവേദന എന്നിവയ്ക്കെല്ലാമുള്ള ഔഷധമാണ് നിലമാങ്ങ. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണു നശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണം. മൺതറകളുള്ള വീടുകൾ മാറി കോൺക്രീറ്റ് കെട്ടിടങ്ങൾ ആയതോടെ ഇവ ഇല്ലാതായി. അവശേഷിക്കുന്ന പഴയ വീടുകളുടെ തറകൾ മണ്ണുമാന്തി യന്ത്രങ്ങൾ വെച്ച് പൊളിക്കുമ്പോൾ ആരും ശ്രദ്ധിക്കാതെ ഇവ നശിക്കുകയും ചെയ്യുന്നു. പുതിയ തലമുറ ഇത് കണ്ടിട്ട് പോലുമില്ല.

പട്ടാമ്പി ഓങ്ങല്ലൂരിലുള്ള പേരാമംഗലൂർ മനയിൽ നിലമാങ്ങ ഉണക്കി സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ ഭദ്രകാളിക്ഷേത്രം പുതുക്കി പണിയാൻ തറ കീറിയപ്പോഴാണ് ഇത് കണ്ടത്. അപൂർവ വസ്തുവായതിനാൽ സൂക്ഷിച്ചുവെച്ചു. ഇത് കാണാൻ നിരവധി പേരാണ് ഇവിടെ വരുന്നത്. അത്യപൂർവ്വ വസ്തുവായതിനാൽ ഇത് തച്ചമ്പാറ ഇക്കോ ഷോപ്പിൽ സൂക്ഷിക്കാനാണ് തീരുമാനം. കേരളത്തിലെ വിവിധ കാർഷിക പ്രദർശനങ്ങളിൽ തച്ചമ്പാറ കർഷകരുടെ സ്റ്റാളിൽ ഇനിമുതൽ ഇത് കാണാം.

നാട്ടുവൈദ്യത്തിൽ പ്രാധാന്യമുണ്ടായിരുന്ന ഒന്നാണ് നിലമാങ്ങ എന്ന് പരിസ്ഥിതി വിദ്യാഭ്യാസ രം​ഗത്ത് പ്രവർത്തിക്കുന്ന, നാട്ടുവൈദ്യത്തിൽ ഡോക്ടറേറ്റും നേടിയ ഡോ. ഇ ഉണ്ണികൃഷ്ണൻ പറയുന്നു. 'നേരത്തെ കോളറ പോലെയുള്ള പകർച്ചവ്യാധികൾക്ക് ഔഷധമായി ഉപയോ​ഗിച്ച് പോന്നിരുന്നതാണ് നിലമാങ്ങ. അതുപോലെ തന്നെ പല അസുഖങ്ങൾക്കും നിലമാങ്ങ ഉപയോ​ഗിക്കാറുണ്ട്. കൂൺ വർ​ഗത്തിൽ പെട്ടതിനാൽ തന്നെ വളരെ ചെറിയ അളവിൽ മാത്രമാണ് ഇവ ഉപയോ​ഗിച്ച് വരുന്നത്. ചിതൽപ്പുറ്റുകളിലാണ് ഇവ വളരുന്നത്. ഇന്നും ഒരുപക്ഷേ പഴയ വീടുകളും വരമ്പുകളുമെല്ലാം പൊളിക്കുമ്പോൾ ഇവ കണ്ടേക്കാം. എന്നാൽ, പലയിടത്തും ജെസിബി ആണ് ഉപയോ​ഗിക്കുന്നതെന്നതിനാൽ തന്നെ ഇവ ആരുടെയും ശ്രദ്ധയിൽ പെടുന്നുണ്ടാവില്ല. അതിനാൽ തന്നെ ഇവ അപൂർവമാണ് എന്ന് പറയാനാവില്ല. നമ്മുടെ ശ്രദ്ധയിൽ അപൂർവമായേ ഇവ പെടുന്നുള്ളൂ' എന്നും അദ്ദേഹം പറയുന്നു. 

(ചിത്രത്തിന് കടപ്പാട്: Ubaidulla Edaikkal / Facebook)

Follow Us:
Download App:
  • android
  • ios