Asianet News MalayalamAsianet News Malayalam

കടൽ പായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്, പ്രതിവർഷം 30,000 ടൺ കടൽപ്പായൽ, 75 കോടിയുടെ നേട്ടമുണ്ടാക്കാമെന്ന് പഠനം

ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആർഐയുമായി ചേർന്ന് കിൽത്താൻ, ചെത്ത്ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളിൽ കഴിഞ്ഞ വർഷം കടൽപായൽ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ഇത് വിജയമായിരുന്നു.

seaweed farming initiative with Central Marine Fisheries Research Institute  in Lakshadweep
Author
Kochi, First Published Sep 6, 2021, 1:07 PM IST

വൻതോതിൽ കടൽപായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്. ഇതുവഴി വർഷം മുപ്പതിനായിരം ടൺ കടൽപായൽ ഉത്പാദിപ്പിക്കാനാകുമെന്നും അതുവഴി 75 കോടി രൂപ വരെയെങ്കിലും നേടാനാവും എന്നുമാണ് പ്രതീക്ഷിക്കുന്നത്. ദ്വീപിൽ സിഎംഎഫ്ആർഐ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വൻ വിജയമായതിനെ തുടർന്നാണ് പുതിയ കാൽവെപ്പ്. 

ജനവാസമുള്ള ഒമ്പത് ദ്വീപുകളിൽ കടൽപായൽ കൃഷി പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇത് പുതിയ സാമ്പത്തിക സ്രോതസ്സിന് അടിത്തറയാകുമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രതീക്ഷ. സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെ വിവിധ ദ്വീപുകളിലായി 2500 ഓളം മുളകൊണ്ട് നിർമിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ചാണ് പായൽകൃഷി ആരംഭിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടൽപായലാണ് കൃഷി ചെയ്യുക. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയം-സഹായക സംഘങ്ങളുൾപ്പെടെ ദ്വീപിലെ 100 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കടൽപായൽ കൃഷിയുടെ ഗുണഫലം ലഭിക്കുക.

seaweed farming initiative with Central Marine Fisheries Research Institute  in Lakshadweep

ലക്ഷദ്വീപിലെ കടൽതീരങ്ങൾ പായൽകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. മരുന്ന്-ഭക്ഷ്യ വ്യവസായങ്ങൾക്ക് ഗുണകരമാകുന്ന മികച്ച കടൽപായലുകൾ ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും സിഎംഎഫ്ആർഐ വ്യക്തമാക്കുന്നു. തദ്ദേശീയ പായൽവർഗങ്ങളുടെ കൃഷിക്ക്  ദ്വീപ് തീരങ്ങളിൽ 45 ദിവസത്തിനുള്ളിൽ 60 മടങ്ങ് വരെ വളർച്ചാനിരക്ക് ലഭിക്കുമെന്നും സിഎംഎഫ്ആർഐ പഠനം വെളിപ്പെടുത്തുന്നു. ഈ പഠനത്തിന്റെ വെളിച്ചത്തിലാണ് ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആർഐയുമായി ചേർന്ന് കിൽത്താൻ, ചെത്ത്ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളിൽ കഴിഞ്ഞ വർഷം കടൽപായൽ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ഇത് വിജയമായിരുന്നു.

ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് പ്രതിവർഷം 75 കോടി രൂപയുടെ കടൽപായൽ ഉൽപാദിപ്പിക്കാമെന്ന് ഈ പഠനത്തിലൂടെ ബോധ്യപ്പെട്ടെന്ന് സിഎംഎഫ്ആർഐയിലെ സയന്റിസ്റ്റ് ഡോ. മുഹമ്മദ് കോയ പറഞ്ഞു. വിവിധ ദ്വീപുകളിലെ 21,290 ഹെക്ടർ വിസ്തൃതിയിലുള്ള ലഗൂണുകളുടെ (തീരക്കടൽ) ഒരു ശതമാനം മാത്രം (200 ഹെക്ടർ) ഉപയോഗിച്ചാണിത്. ഏകദേശം മുപ്പതിനായിരം ടൺ ഉണങ്ങിയ പായൽ ഓരോ വർഷവും വിളവെടുക്കാം. ഒരു ഹെക്ടറിൽ നിന്നും 150 ടൺ വരെ ഉൽപാദനം നേടാമെന്നും അദ്ദേഹം പറയുന്നു.

seaweed farming initiative with Central Marine Fisheries Research Institute  in Lakshadweep

സാമ്പത്തിക നേട്ടത്തിന് പുറമെ, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും കടൽപായൽ കൃഷി അനുയോജ്യമാണ്. വൻതോതിൽ കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് പിടിച്ചുവെക്കാൻ കടൽപായലുകൾക്ക് ശേഷിയുണ്ട്. സിഎംഎഫ്ആർഐ നിർദേശിച്ച  അളവിൽ കൃഷി ചെയ്യുന്നതിലൂടെ മാത്രം പ്രതിദിനം 6500 ടൺ കാർബൺ ഡയോക്സൈഡ് ഇത്തരത്തിൽ പായലുകൾക്ക് സംഭരിച്ചുവെക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിഎംഎഫ്ആർഐ വ്യക്തമാക്കുന്നു.

സിഎംഎഫ്ആർഐയുടെ സാങ്കേതിക പിന്തുണയോടെ, ലക്ഷദ്വീപിലെ ഫിഷറീസ്, വനം-പരിസ്ഥിതി, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കവരത്തിയിൽ പ്രവർത്തിക്കുന്ന സിഎംഫ്ആർഐയുടെ കീഴിലുള്ള ലക്ഷദ്വീപ് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹകരണവുമുണ്ട്. കടൽപായൽ കൃഷി ജനകീയമാക്കൽ, നൈപുണ്യ വികസനം എന്നിവയാണ് ആദ്യഘട്ട കൃഷിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം, കൃഷിയുടെ പാരിസ്ഥിതിക പ്രതിഫലനങ്ങൾ, സ്ഥലനിർണയത്തിനുള്ള മാപ്പിംഗ്, ആഴമുള്ള സ്ഥലങ്ങളിലെ കൃഷിരീതി വികസനം തുടങ്ങിയ പഠനങ്ങൾ സിഎംഎഫ്ആർഐ ചെയ്ത് വരുന്നു.

Follow Us:
Download App:
  • android
  • ios