കാലം മാറി. സാങ്കേതികവിദ്യ സകലമേഖലയിലും കൈവച്ചും തുടങ്ങി. എന്നാൽ, ടെക്നോളജിയിലൂടെ കൃഷിമേഖലയിൽ വലിയൊരു മുന്നേറ്റം നടത്തിയിരിക്കുകയാണ് ഈ യുവാവ്. ഇന്ത്യയിലെത്തന്നെ ആദ്യത്തെ സ്മാര്‍ട്ട് ആപ്പിള്‍ത്തോട്ടം അദ്ദേഹത്തിന്റേതാണ്. 26 ഏക്കറുള്ള ഈ തോട്ടത്തെ വിളിക്കുന്നത് സമൃദ്ധി ബാഗ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടാണ് ഈ ആപ്പിള്‍ത്തോട്ടം പ്രവര്‍ത്തിക്കുന്നത്. 26 -കാരനായ അഭിഭാഷകന്‍ തേജസ്വി ദോഗ്രയാണ് ഹിമാചലിലുള്ള ഈ സ്മാര്‍ട്ട് ആപ്പിള്‍ത്തോട്ടത്തിന് രൂപം നല്‍കിയത്. ദോഗ്ര കോഡും പ്രോഗ്രാമും ചെയ്യുന്നത് എങ്ങനെയാണെന്ന് പഠിച്ചശേഷം ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു.

നാട്ടിൽനിന്നും ദൂരെയാണ് ദോ​ഗ്ര ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെപ്പോലെയുള്ള സ്വന്തം നാട്ടില്‍ നിന്നും സ്വന്തം കൃഷിഭൂമിയില്‍ നിന്നും അകലെ താമസിക്കുന്നവര്‍ക്കായിട്ടാണ് ദോഗ്ര ഇങ്ങനെയൊരു പദ്ധതിയുണ്ടാക്കുന്നത്. എവിടെയിരുന്നും തങ്ങളുടെ കൃഷിഭൂമിയിലെ കാര്യങ്ങള്‍ നോക്കാം എന്നതാണ് സമൃദ്ധി ബാഗിന്റെ ഗുണം. മണ്ണിന്റെ ഗുണം, അന്തരീക്ഷ താപനില തുടങ്ങിയ കൃഷിയെ ബാധിക്കുന്ന കാര്യങ്ങളെല്ലാം പരിഗണിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. 

100 കിലോമീറ്ററപ്പുറമുള്ള ഷിംലയിലെ തന്റെ ഓഫീസിലിരുന്ന് ദോ​ഗ്ര തോട്ടത്തില്‍ വെള്ളം നനയ്ക്കുന്നു, ഷവറും മറ്റും ഉപയോഗിച്ചാണിത് ചെയ്യുന്നത്. ഒപ്പം തന്നെ കീടനാശിനി പ്രയോഗവും ഇങ്ങനെ ചെയ്യുന്നു. തോട്ടത്തില്‍ നിന്നുള്ള ലൈവ് ചിത്രങ്ങളും ദോഗ്രയ്ക്ക് ഈ ആപ്പ് വഴി ലഭിക്കും. ശബ്ദം വഴിയും നിര്‍ദ്ദേശം നല്‍കാം. ഓർത്തുനോക്കൂ, അലക്സാ ഫാം ഒന്നിൽ വെള്ളം നനയ്ക്കൂ എന്ന് പറയുമ്പോൾ തോട്ടത്തിന് മുകളിൽ സെറ്റ് ചെയ്തിരിക്കുന്ന ഷവറിൽനിന്നും വെള്ളം നനയ്ക്കുകയും നിർത്താൻ പറയുമ്പോൾ വെള്ളം നനയ്ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നത്. അതേ, അങ്ങനെ തന്നെയാണ് ഈ സ്മാർട്ട് ഫാം പ്രവർത്തിക്കുന്നത്. 

മണ്ണില്‍ ചെറിയ ചെറിയ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുവഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ വില്‍പന രംഗത്ത് വിദേശികളുമായി മത്സരം മുറുകുകയാണെന്നും നമ്മുടെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാണെന്നും ദോഗ്ര പറയുന്നു. തൊഴിലാളിക്കുള്ള ചെലവ് തന്നെ ഒരു ലക്ഷത്തിനും മുകളില്‍ വരും. മഹാമാരിയാവട്ടെ കൂടുതല്‍ ദുരിതം വിതച്ചു. സ്മാര്‍ട്ട് ഫാം സ്ഥാപിക്കാന്‍ ദോഗ്രയ്ക്ക് ചെലവായത് ഏകദേശം അറുപതിനായിരം രൂപയാണ്. ഇത് വില്‍പ്പനയ്ക്കില്ലെന്നും തന്നെപ്പോലെ മറ്റ് കര്‍ഷകര്‍ക്കും ഉപയോഗ്രപദമാക്കുക എന്നതുമാണ് ലക്ഷ്യമെന്നും ദോഗ്ര പറയുന്നു. അടുത്തതായി സോളാര്‍ പവറുപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം.