വള്ളികളായി നിലത്തുപടർന്ന് കായ്ക്കുന്ന പച്ചക്കറികളുടെ കൂട്ടത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് മത്തങ്ങ. മിക്ക വെജിറ്റേറിയൻ വിഭവങ്ങളുടെയും  അനിവാര്യഘടകമായ മത്തങ്ങയുടെ പൂക്കളെ കുറിച്ചുള്ള രസകരമായ ചില വിവരങ്ങൾ.

* മത്തങ്ങയുടെ വിത്തുകൾ വിതച്ചാൽ ഏഴു മുതൽ പത്തുദിവസത്തിനകം ചെടി മുള പൊട്ടുന്നതു കാണാം. എന്നാൽ, ചെടിയിൽ ആദ്യത്തെ പൂക്കൾ ഉണ്ടാവണമെങ്കിൽ ഏകദേശം എട്ടാഴ്ച (50 മുതൽ 55 ദിവസം വരെ) കാത്തിരിക്കണം. അതായത് മത്തങ്ങച്ചെടിയുടെ ആയുസ്സിന്റെ (120 ദിവസം) പകുതിയെത്തുമ്പോഴേ അതു പൂത്തു തുടങ്ങൂ. 

* മത്തങ്ങ ചെടിയിൽ ആൺപൂവും പെൺപൂവും ഉണ്ടാവും. 

*ചെടിയിൽ ആദ്യം ഉണ്ടാവുന്നത് ആൺപൂക്കൾ ആയിരിക്കും. സാധാരണ ​ഗതിയിൽ ആൺപൂക്കൾ ഉണ്ടായിത്തുടങ്ങിയശേഷം ഒരാഴ്ച കഴിയുമ്പോഴേ പെൺപൂക്കൾ ഉണ്ടായി തുടങ്ങൂ. 

* മത്തങ്ങയിലെ ആൺപൂവിനെയും പെൺപൂവിനെയും എളുപ്പത്തിൽ തിരിച്ചറിയാം. പെൺപൂവിന്റെ തൊട്ടുതാഴെ ചെറിയ മത്തങ്ങയുടെ രൂപമുണ്ടാവും. ഇതാണ് പിന്നീട് പൂർണ വളർച്ചയെത്തിയ മത്തങ്ങയായി മാറുന്നത്. 

* ആൺപൂക്കളിലാണ് പരാ​ഗരേണുക്കൾ ഉണ്ടാവുന്നത്. ഈ പരാ​ഗരേണുക്കൾക്ക് പ്രത്യേക ​ഗന്ധം ആയിരിക്കും. വിവിധ തരം ഈച്ചകളെ  ആകർഷിക്കാനും പരാ​ഗണം നടക്കാനും ഇത് സഹായിക്കും. 

*മത്തങ്ങപ്പൂക്കൾക്ക് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ. രാവിലെ വിരിയുന്ന പൂക്കൾ ഉച്ചയോടെ പൂർണ വികാസം പ്രാപിച്ച് അടുത്ത ദിവസമാവുന്നതോടെ വാടിപ്പോവും. കൊഴിയാറാവും. ഇതിനിടയിൽ പരാ​ഗണം നടന്നാലേ കായ്കൾ രൂപപ്പെടൂ.

* മത്തങ്ങ ചെടിയിൽ ആൺപൂക്കളിൽ കായ്കൾ ഉണ്ടാവാറില്ല.

* എട്ടാഴ്ച കഴിഞ്ഞിട്ടും മത്തങ്ങ ചെടികളിൽ പൂക്കൾ വിരിയുന്നില്ലെങ്കിൽ മണ്ണിലെ ഫോസ്ഫറസ് അംശം കൂട്ടണം. 5-10-10 NPK രാസവളം ചേർത്താൽ പൂക്കാനും കായ്ക്കാനും സാദ്ധ്യത ഏറെ. ജൈവവളം ചേർക്കുന്നവർക്ക് അനുയോജ്യമായ ജൈവവളവും ചേർക്കാം.

* മത്തങ്ങ ചെടികൾ പൂവിടണമെങ്കിൽ അതിന് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. ദിവസം ആറുമുതൽ എട്ടുമണിക്കൂർ വരെയെങ്കിലും സ്വാഭാവിക പ്രകാശം ലഭിക്കണം. എന്നാൽ ചൂടു കൂടി പോയാൽ ചെടി കരിഞ്ഞുംപോവും. ആ സമയത്ത് ഇടയ്ക്കിടെ വെള്ളം നനച്ച് ചൂടു കുറയ്ക്കാം.

* ഇലകളിൽ വെള്ള നിറത്തിൽ പൗഡർപോലെ കാണുന്നുണ്ടെങ്കിൽ അത് ഫം​ഗസ് ബാധയുടെ സൂചനയാണ്.  മത്തങ്ങയിൽ പൂക്കൾ വിരിയാതിരിക്കാൻ ഇതും ഒരു കാരണമാണ്. 

കുറിപ്പ്

കേരളത്തിൽ വിവിധ തരത്തിലുള്ള നാടൻ മത്തങ്ങ ഇനങ്ങൾ ലഭ്യമാണ്. ഇതിനു പുറമെ നാഷണൽ സീഡ്സ് കോർപ്പറേഷൻ വിപണനം നടത്തുന്ന ബഡാമി,  പൂസാവിശ്വാസ്, സോളമൻ, യെല്ലോ ഫ്ലഷ് എന്നീ ഇനങ്ങളും കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച അമ്പിളി, സുവർണ്ണ, സരസ്, സൂരജ് തുടങ്ങിയ അത്യുല്പാദന ശേഷിയുള്ള ഇനങ്ങളും അർക്കാസൂര്യമുഖി, അർക്ക ചന്ദ്രൻ എന്നീ ബാംഗ്ലൂർ ഇനങ്ങളും കോ-1, കോ-2 തുടങ്ങിയ തമിഴ്നാട് ഇനങ്ങളും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നുണ്ട്. വിത്തിന്റെ വ്യത്യാസമനുസരിച്ച് മത്തങ്ങ പൂക്കാനും കായ്ക്കാനും ഉള്ള സമയവും മത്തങ്ങയുടെ വലിപ്പവും ചെടിയുടെ ആയുർദൈർഘ്യവും വ്യത്യാസപ്പെടാം.