തെലംഗാനയിലെ സൂര്യപേട്ട് ജില്ലയിലെ കര്‍ഷക കുടുംബത്തിലാണ് അശോക് ഗോരെ എന്ന പതിനേഴുകാരന്‍ ജനിച്ചത്. അവന്റെ പ്രായത്തിലുള്ള മറ്റുള്ളവരെല്ലാം ഏത് കോളേജില്‍ അപേക്ഷ അയക്കണമെന്നും ഏത് ഓണ്‍ലൈന്‍ കോഴ്‌സാണ് അടുത്തതായി പഠിക്കേണ്ടതെന്നും ആലോചിക്കുമ്പോള്‍ അശോക് തന്റെ ഗ്രാമത്തിലുള്ള അച്ഛനും അമ്മയും അടക്കമുള്ള കര്‍ഷകരുടെ ജീവിതം എളുപ്പമാക്കാനുള്ള കണ്ടുപിടിത്തങ്ങള്‍ നടത്തുകയായിരുന്നു. 

സ്‌കൂളിലെ പുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന അറിവുകള്‍ക്ക് പുറമെ വീടിനുചുറ്റും ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന വസ്തുക്കളില്‍ നിന്നും പുതിയതെന്തെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു അശോക്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശാസ്ത്രമേളയില്‍ അവന്‍ പൈപ്പുകളും സിറിഞ്ചും സ്പ്രിങ്ങുമെല്ലാം ഉപയോഗിച്ച് ഒരു ഹോഡ്രോളിക് ജെസിബി മോഡല്‍ നിര്‍മ്മിച്ചിരുന്നു. അതിനൊരു സമ്മാനവും അന്ന് അവന് കിട്ടുകയുണ്ടായി. അവന്റെ മാതാപിതാക്കള്‍ രണ്ടുപേരും നെല്‍കര്‍ഷകരായിരുന്നു. വിളവെടുത്തശേഷം നെല്ലുണക്കുന്നതിനും മറ്റുമുള്ള കഷ്ടപ്പാടുകളെല്ലാം അവന്‍ കാണുന്നുണ്ടായിരുന്നു. 

പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ അശോക് ഇപ്പോള്‍ തന്റെ ചുറ്റുമുള്ള 17 കര്‍ഷകര്‍ക്ക് സഹായത്തിനായി ഒരു ഫോര്‍ ഇന്‍ വണ്‍ മള്‍ട്ടിപര്‍പ്പസ് ടൂള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. തന്റെ അച്ഛനടക്കം പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് പാടത്തെ പണിക്ക് സഹായത്തിനായി ഒന്നും തന്നെയില്ലെന്നും അതിനാല്‍ത്തന്നെ അവര്‍ അവിടെ കഠിനാധ്വാനം ചെയ്യുകയാണ് എന്നും അശോകിന് മനസിലായി. അവരുടെ അധ്വാനം കുറക്കാനായിട്ടാണ് കഴിഞ്ഞ വര്‍ഷം അശോക് നെല്ല് കൊയ്യാനും ശേഖരിക്കാനുമായി ഒരു പരിഹാരം കണ്ടെത്തിയത്. 

അതിനായി അവനാദ്യം ഒരു ഡിസൈന്‍ തയ്യാറാക്കുകയും വീട്ടില്‍ വര്‍ക്ക് ഷോപ്പ് ഇല്ലാത്തതിനാല്‍ പ്രദേശത്തെ ഒരു കടയില്‍ ചെല്ലുകയും ചെയ്തു. പഴയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നതിനാല്‍ത്തന്നെ വെറും 1700 രൂപയാണ് അവന് ചെലവ് വന്നത്. പഴയൊരു സൈക്കിള്‍ ടയര്‍, ഉപേക്ഷിക്കപ്പെട്ട ഇരുമ്പ് ദണ്ഡുകള്‍, ബോള്‍ട്ടുകള്‍ എന്നിവയെല്ലാമാണ് നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. ഈ ഫോര്‍ ഇന്‍ വണ്‍ ടൂളുപയോഗിച്ച് വിളവ് കൊയ്യാനും ശേഖരിക്കാനും വേര്‍തിരിക്കാനും സാധിക്കും. നെല്ലിന് മാത്രമല്ല മുളകിനും പരുത്തി വിളകള്‍ക്കും എല്ലാം ഈ ഉപകരണം ഉപയോഗപ്പെടുത്താം. 

ഉപകരണം തയ്യാറായശേഷം അച്ഛനായ നാഗരാജുവിനോട് അത് പാടത്ത് ഉപയോഗിച്ച് നോക്കാന്‍ അശോക് ആവശ്യപ്പെട്ടു. മകന്‍ നിര്‍മ്മിച്ചു തന്ന ഉപകരണം ഏറെ ഉപകാരപ്രദമായിരുന്നുവെന്ന് നാഗരാജു പറയുന്നു. നേരത്തെ അഞ്ച് ഏക്കര്‍ പാടത്ത് താനും തന്റെ ഭാര്യയും കഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒരു ദിവസം കൊണ്ട് തീരേണ്ട ജോലി അരമണിക്കൂറിനകം തീരുന്നുണ്ട്. അതിനുള്ള ഉപകരണം നിര്‍മ്മിച്ച മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അശോകിന്റെ പിതാവ് പറയുന്നു. നാഗരാജു പറഞ്ഞത് പ്രകാരം അയല്‍വക്കത്തുള്ള മറ്റ് കര്‍ഷകരും യന്ത്രത്തെ കുറിച്ച് അറിഞ്ഞു. തങ്ങളുടെ പാടത്തും അത് പരീക്ഷിച്ചുനോക്കണമെന്ന് അവര്‍ പറഞ്ഞു. അത് പരീക്ഷിച്ച് വിജയം കണ്ടതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് കൂടി ഇതുപോലൊരെണ്ണം നിര്‍മ്മിച്ചു നല്‍കാമോ എന്ന് അവര്‍ അശോകിനോട് അഭ്യര്‍ത്ഥിച്ചു. 

ഉപയോഗിച്ചവരെല്ലാം ജോലി ഒരുപാട് എളുപ്പമായി എന്ന് പറയുന്നു. 3500 രൂപയാണ് ഒരു ഉപകരണത്തിന് അശോക് വാങ്ങുന്നത്. പുതിയ സാധനങ്ങളുപയോഗിച്ചാണ് അപ്പോള്‍ ഉപകരണം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവന് കല്‍ക്കത്തയില്‍വച്ച് ശാസ്ത്ര സാങ്കേതിക വകുപ്പും ഭൗമശാസ്ത്രമന്ത്രാലയവും വിജ്ഞാനഭാരതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ 2019 സ്റ്റുഡന്റ്‌സ് എന്‍ജിനീയറിംഗ് മോഡല്‍ കോംപറ്റീഷനില്‍ സമ്മാനം ലഭിക്കുകയുമുണ്ടായി. 

(വിവരങ്ങൾക്ക് കടപ്പാട്: ബെറ്റർ ഇന്ത്യ)