ഇന്ത്യയില്‍ അഗ്രിടെക്ക് കമ്പനികള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തി വളര്‍ന്നുകൊണ്ടിരിക്കുന്നു. വനിതകളുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ നമ്മുടെ കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കൃഷിക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും കൂടുതല്‍ വരുമാനം നേടാനുമുള്ള വഴികള്‍ പറഞ്ഞുകൊടുക്കുന്ന ചില വനിതകളെ പരിചയപ്പെടാം.

സായ് ഗോലെയുടെ ഭാരത് അഗ്രി

ഭാരത് അഗ്രി എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയാണ് 26 വയസുകാരിയായ സായ്. ഇവര്‍ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എങ്ങനെ, എപ്പോള്‍, എന്ത് കൃഷി ചെയ്യാമെന്നും ഉത്പാദനം കൂട്ടാനുള്ള വഴികളെന്തെല്ലാമാണെന്നുമാണ്. സായിയും കോ-ഫൗണ്ടറായ സിദ്ദാര്‍ഥും മദ്രാസ് ഐ.ഐ.ടിയുടെ സെന്റര്‍ ഓഫ്‌ ഇന്നൊവേഷന്റെ ഭാഗമായിരുന്നു.

ഇവരുടെ കമ്പനി 2017 -ല്‍ ആരംഭിച്ചപ്പോള്‍ ലീന്‍അഗ്രി എന്നായിരുന്ന പേരിട്ടത്. ഏകദേശം ഒരുലക്ഷം ഉപഭോക്താക്കള്‍ കമ്പനിയുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. ഇന്ത്യയില്‍ ഈ രീതിയിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി കാര്‍ഷിക മേഖലയിലുള്ള ഏക സ്ഥാപനമാണിതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഹിമാനി ഷായും ഇന്റലോ ലാബും

2017 -ല്‍ ഹിമാനി ഷായും മൂന്ന് സഹപ്രവര്‍ത്തകരും ചേർന്ന് സ്ഥാപിച്ചതാണ് ഇന്റലോ ലാബ്. ഡല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പാണിത്. ബി. ടു. ബി മോഡലിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കൃഷിക്കാര്‍, വ്യാപാരികള്‍, ഭക്ഷ്യസംസ്‌കരണ കമ്പനികള്‍, ഭക്ഷ്യവിതരണക്കമ്പനികള്‍ എന്നിവരുള്‍പ്പെടുന്ന ശൃംഖലയിലൂടെയാണിവര്‍ പ്രവര്‍ത്തിക്കുന്നത്.

മെക്കാനിക്കല്‍ എന്‍ജിനീയറങ്ങ് ബിരുദധാരിയാണ് ഹിമാനി. മുംബൈ ഐ.ഐ.ടിയില്‍ നിന്നും ഇരട്ട ബിരുദവും നേടി. നിക്ഷേപസംബന്ധമായതും മറ്റുള്ള പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ പിടിക്കുന്നത് ഹിമാനിയാണ്.

ഇവര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഗുണനിലവാരപരിശോധന നടത്തിയാണ് കാര്‍ഷികോത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല, അമേരിക്കയിലേക്കും ചൈനയിലേക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയും ഇവര്‍ക്കുണ്ട്.

ശില്‍പി സിന്‍ഹയുടെ മില്‍ക്ക് ഇന്ത്യ കമ്പനി

ശുദ്ധമായ പാല്‍ കുട്ടികള്‍ക്ക് നല്‍കി ആരോഗ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായാണ് ശില്‍പി തന്റെ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. 27 വയസുകാരിയായ ഈ സംരംഭക ഝാര്‍ഖണ്ഡിലെ ഡാല്‍ട്ടണ്‍ഗന്‍ജ് സ്വദേശിയാണ്.

രാസവസ്തുക്കള്‍ കലരാത്ത ശുദ്ധമായ പാല്‍ എന്നത് വെറുമൊരു സ്വപ്‌നം മാത്രമാണെന്ന് അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ശില്‍പി ഇത്തരമൊരു സംരംഭത്തിന് ഇറങ്ങിത്തിരിച്ചത്. ബംഗളുരുവിലെ സര്‍ജാപൂര്‍ ആസ്ഥാനമാക്കിയാണ് ദ മില്‍ക്ക് ഇന്ത്യാ കമ്പനിയെന്ന സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നത്. ശുദ്ധമായതും പാസ്ചുറൈസേഷന്‍ നടത്താത്തതുമായ പശുവിന്‍പാലാണ് ഇവര്‍ നല്‍കുന്നത്. നാഷനല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അംഗീകരിച്ച പാല്‍ ഗ്ലാസ് ബോട്ടിലിലാണ് വിപണനം നടത്തുന്നത്.

ഉപഭോക്താക്കളിലെത്തുന്നതിന് മുമ്പ് പാലിലെ സൊമാറ്റിക് സെല്ലിന്റെ അളവ് കണ്ടുപിടിക്കുന്നു. സൊമാറ്റിക് സെല്‍ കുറയുന്നതിനനുസരിച്ച് പാല്‍ പോഷകഗുണമുള്ളതായിരിക്കും. ഒരു വയസിനും എട്ടു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ക്കാണ് ശില്‍പി പാല്‍ നല്‍കുന്നത്.

50 കര്‍ഷകരുള്ള ഒരു ഗ്രൂപ്പാണ് ഇവര്‍ക്കുള്ളത്. ബംഗളുരുവില്‍ നിന്നും തുംകുരുവില്‍ നിന്നും 14 തൊഴിലാളികളും ഈ സ്ഥാപനത്തിലുണ്ട്. സര്‍ജാപുരിലെ 10 കിലോമീറ്റര്‍ പ്രദേശത്തിനുള്ളില്‍ 500 ഉപഭോക്താക്കള്‍ ഇവര്‍ക്കുണ്ട്. സംരംഭം തുടങ്ങി ആദ്യവര്‍ഷം വരുമാനം 27 ലക്ഷം ആയിരുന്നു. രണ്ടാമത്തെ വര്‍ഷം 70 ലക്ഷമായി ഉയര്‍ന്നു.

നികിത തിവാരിയും ടെക്‌നോവേഷനും

നീര്‍ എക്‌സ് ടെക്‌നോവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരിലൊരാളാണ് നികിത തിവാരി. കൃഷിക്കാര്‍ക്ക് അതാത് സമയത്തെ വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. അഹമ്മദാബാദ് ആസ്ഥാനമാക്കിയുള്ള ഈ സ്റ്റാര്‍ട്ടപ്പ് ഒരു സെന്‍സര്‍ വികസിപ്പിച്ചെടുത്തു. സ്മാര്‍ട്ട് സെന്‍സര്‍ ഫോര്‍ ഹൈഡ്രോളജി ആന്റ് ലാന്‍ഡ് ആപ്ലിക്കേഷന്‍ എന്നാണ് സെന്‍സറിന്റെ ചുരുക്കം. ഡൈ ഇലക്ട്രിക് ടെക്‌നോളജി ഉപയോഗിച്ച് അതാത് സമയത്തെ കൃഷിസ്ഥലത്തുള്ള കാലാവസ്ഥ വിവരങ്ങള്‍ ഇവര്‍ നല്‍കുന്നു.

കീടാക്രമണത്തെ തടയാനും വെള്ളവും വളവും നല്‍കാനും വരള്‍ച്ച പ്രതിരോധിക്കാനും മണ്ണൊലിപ്പ് തടയാനുമുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നു.

ഇവര്‍ നിര്‍മിച്ച സെന്‍സര്‍ ഇപ്പോള്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ടും നാഷനല്‍ ക്രോപ് ഫോര്‍കാസ്റ്റിങ്ങ് സെന്ററും ഉപയോഗിക്കുന്നുണ്ട്. ഗുജറാത്ത്,ഹരിയാന, ലക്‌നൗ, ഡല്‍ഹി, ജയ്‌സാല്‍മര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള കര്‍ഷര്‍ക്ക് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ ഇവര്‍ സാങ്കേതികവിദ്യ വഴി നല്‍കുന്നു.