Asianet News MalayalamAsianet News Malayalam

കോര്‍പറേറ്റ് ലോകത്തെ തിരക്കില്‍നിന്നും കൃഷിയിലേക്ക്; ജീവിതം ഓട്ടമത്സരമാക്കുന്നവരോട് ഇദ്ദേഹത്തിന് പറയാനുള്ളത്

എന്നാല്‍, പഠിച്ചതൊക്കെയും പ്രയോഗിക്കാന്‍ അദ്ദേഹത്തിന് ഭൂമിയില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്ക് ഭൂമിയുണ്ടായിരുന്നു. അങ്ങനെ ആ ഭൂമി ഉപയോഗിക്കുവാനും ലാഭം പങ്കുവെക്കുവാനും തീരുമാനിച്ചു. 
 

success story of aniish shah farmer
Author
Mumbai, First Published Jul 2, 2020, 4:49 PM IST

തിരക്കുപിടിച്ച ഈ ജീവിതമെല്ലാം ഉപേക്ഷിച്ച് പ്രകൃതിയോട് ചേര്‍ന്ന് അവനവന് തിന്നാനുള്ളതെങ്കിലും കൃഷി ചെയ്‍തുണ്ടാക്കി അതൊക്കെ കഴിച്ചു ജീവിക്കണമെന്ന് നമ്മില്‍ പലര്‍ക്കും ആഗ്രഹം തോന്നും അല്ലേ? പക്ഷേ, ചിലര്‍ക്കേ അത് പ്രാവര്‍ത്തികമാക്കാന്‍ പറ്റൂ. അനീഷ് ഷാ അതിലൊരാളാണ്. 16 വര്‍ഷം കോര്‍പറേറ്റ് ലോകത്ത് ജോലി നോക്കിയ ഷാ 2016 -ല്‍ ജോലി ഉപേക്ഷിക്കുകയും കൃഷിയോടുള്ള തന്‍റെ പ്രണയത്തിന് പിന്നാലെ പോവുകയും ചെയ്‍തയാളാണ്. വിദഗ്ദ്ധരില്‍ നിന്നും പരിശീലനം ലഭിക്കുകയും അതുപോലെ തന്നെ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയും ചെയ്‍തയാളാണ് ഷാ.

''ഞാന്‍ മാര്‍ക്കറ്റിംഗിലും സെയില്‍സിലും ജോലി ചെയ്‍തിരുന്നൊരാളാണ്. അതില്‍ നിന്നും നല്ല വരുമാനം നേടുകയും ചെയ്‍തിരുന്നു. പക്ഷേ, ഒരു ഘട്ടമെത്തിയപ്പോഴാണ് ഞാനക്കാര്യം തിരിച്ചറിഞ്ഞത്, പലപല ഓര്‍ഗനൈസേഷനുവേണ്ടി ഒരേകാര്യം തന്നെയാണ് ഞാന്‍ ചെയ്‍തുകൊണ്ടിരിക്കുന്നത്. ഈ ഓട്ടമത്സരം എന്നെ തളര്‍ത്തിയിരുന്നു. അതുകൊണ്ട് എന്താണോ ഞാനിഷ്‍ടപ്പെടുന്നത് അത് ചെയ്യാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.'' നാല്‍പത്തിരണ്ടുകാരനായ ഷാ പറയുന്നു. 

ഇന്ന് അനീഷ് ഷാ ഒരു ജൈവ കര്‍ഷകനും സംരംഭകനുമാണ്. 30 ഏക്കര്‍ സ്ഥലത്തായി 20 വിളകളോളം അദ്ദേഹം കൃഷി ചെയ്യുന്നു. 'എർത്ത് ഹാർവെസ്റ്റ്സ്' എന്ന പേരിൽ ഒരു ഫാം-ടു-ടേബിൾ സംരംഭവും ഇദ്ദേഹത്തിനുണ്ട്. അവിടെ ഉപഭോക്താക്കൾക്ക് ആഴ്ചതോറും പുതിയ ജൈവ പ്രകൃതി ഉത്പന്നങ്ങൾ അയക്കാം. നിലവില്‍ അവര്‍ക്ക് 400 സ്ഥിരം ഉപഭോക്താക്കള്‍ ഉണ്ട്. കെമിക്കലുകളൊന്നും തന്നെ ഉപയോഗിക്കാത്ത കൃഷിയാണ് അനീഷ് ഷാ ചെയ്യുന്നത്. 1.5 ഏക്കര്‍ സ്ഥലത്ത് അഗ്രോഫോറസ്ട്രിയും അദ്ദേഹം നടത്തുന്നു. ചന്ദനവും തേക്കുമടക്കം നിരവധി മരങ്ങളും പപ്പായയും പേരക്കയും ചിക്കുവുമെല്ലാം ഇവിടെ നട്ടുവളര്‍ത്തുന്നുണ്ട്. കൃഷിയിലൂടെയും കണ്‍സള്‍ട്ടേഷന്‍ സര്‍വീസിലുടെയും വര്‍ഷത്തില്‍ 60 ലക്ഷം രൂപവരെ അദ്ദേഹം വരുമാനം നേടുന്നു. മിഡില്‍ ഈസ്റ്റിലേക്കും യുകെ -യിലേക്കും പച്ചക്കറികള്‍ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. 

16 വര്‍ഷത്തോളം ടൈംസ് ഓഫ് ഇന്ത്യ, ഫ്യൂച്ചര്‍ മീഡിയ, നെറ്റ്‍വര്‍ക്ക് 18 തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്‍തശേഷം 2012 -ല്‍ അനീഷ് ബംഗളൂരുവിലെ ഒരു എനര്‍ജി കമ്പനിയില്‍ വൈസ് പ്രസിഡണ്ടായി ജോയിന്‍ ചെയ്‍തു. ആ സമയത്താണ് ടെറസില്‍ എന്തെങ്കിലും പച്ചപ്പുണ്ടാക്കണമെന്ന് ആഗ്രഹം തോന്നുന്നത്. അങ്ങനെ കുറച്ച് ചെടിയും മണ്ണുമെല്ലാം സംഘടിപ്പിച്ചു. രണ്ട് മാസത്തിനുള്ളില്‍ രണ്ടില്‍ നിന്നും 20 പാത്രങ്ങളിലേക്ക് കാര്യങ്ങള്‍ മാറി. ബീറ്റ്റൂട്ട്, കാരറ്റ്, മുളക്, റാഡിഷ്, തക്കാളി, ബീന്‍സ് തുടങ്ങിയവയെല്ലാം നട്ടു. അതും യാതൊരു രാസവസ്‍തുക്കളും ഉപയോഗിക്കാതെ തന്നെ. ഒരുപാട് വിള കിട്ടിയിരുന്നതുകൊണ്ടുതന്നെ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നല്‍കുകയാണ് പതിവ്. 

കൃഷിയില്‍ നിന്നുണ്ടായ നല്ല അനുഭവം അദ്ദേഹത്തെ കൃഷിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. കര്‍ണാടകയിലെ ജൈവകൃഷി വിദഗ്ദ്ധനായ നാരയണ്‍ റെഡ്ഡിക്കൊപ്പം അനീഷ് 20 ദിവസം ചെലവഴിച്ചു. അങ്ങനെ കൃഷിയെ കുറിച്ചുള്ളതെല്ലാം പഠിച്ചു. എന്നാല്‍, പഠിച്ചതൊക്കെയും പ്രയോഗിക്കാന്‍ അദ്ദേഹത്തിന് ഭൂമിയില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്ക് ഭൂമിയുണ്ടായിരുന്നു. അങ്ങനെ ആ ഭൂമി ഉപയോഗിക്കുവാനും ലാഭം പങ്കുവെക്കുവാനും തീരുമാനിച്ചു. 

2016 -ല്‍ അനീഷ് ജോലി ഉപേക്ഷിച്ചു. മുംബൈയിലേക്ക് തിരികെ വന്നു. പ്രാന്തപ്രദേശങ്ങളിലെ കര്‍ഷകരെ പിന്തുടരുകയായിരുന്നു ലക്ഷ്യം. നഗരത്തില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയൊരിടത്ത് 16 ഏക്കര്‍ സ്ഥലത്ത് അദ്ദേഹം തന്‍റെ ജോലി ആരംഭിച്ചു. അവിടെ ജലസേചനസൗകര്യവും എല്ലാം അദ്ദേഹം ഉണ്ടാക്കി. എന്നാല്‍, പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. ആ വര്‍ഷം വേണ്ടത്ര മഴയും ലഭിച്ചില്ല. ചൂടും കൂടുതലാണ്. മണ്ണ് ഒന്ന് കുതിര്‍ന്നതുപോലുമില്ല. എട്ട് ലക്ഷം രൂപ ചെലവഴിച്ചുവെങ്കിലും കടം കയറുമെന്ന് മനസിലായപ്പോള്‍ ആ കൃഷി ഉപേക്ഷിച്ചു. 

success story of aniish shah farmer

എന്നാല്‍, തന്‍റെ സ്വപ്‍നം ഉപേക്ഷിക്കാന്‍ അനീഷ് ഷാ തയ്യാറായിരുന്നില്ല. 15 ദിവസം ഹൈദ്രാബാദിലൊരിടത്ത് പെര്‍മാകള്‍ച്ചര്‍ കോഴ്‍സ് ചെയ്‍തു. ഗുജറാത്തില്‍ ബയോഡൈനാമിക് ഫാര്‍മിംഗിലും ഒരു കോഴ്‍സ് ചെയ്‍തു. കര്‍ഷകരെ കാണാനായി പല ഗ്രാമപ്രദേശങ്ങളിലും അദ്ദേഹം സഞ്ചരിച്ചെത്തി. 2017 -ല്‍ ഇടനിലക്കാരനെ ഒഴിവാക്കിക്കൊണ്ട് കര്‍ഷകരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നതിനായി അദ്ദേഹം 'എര്‍ത്ത് ഹാര്‍വെസ്റ്റ്' ആരംഭിച്ചു. ഒപ്പം തന്നെ വീട്ടിലും ടെറസിലുമെല്ലാം പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങാന്‍ സഹായിക്കുന്നതിനായി കണ്‍സള്‍ട്ടേഷന്‍ സര്‍വീസും അദ്ദേഹം വാഗ്ദ്ധാനം ചെയ്‍തു. 

എന്നാല്‍, ഒരു ടേണിംഗ് പോയിന്‍റുണ്ടാവുന്നത് 2019 -ലാണ്. സിന്ധുദുര്‍ഗിലെ ഒരു ഭൂവുടമയെ അദ്ദേഹം പരിചയപ്പെട്ടു. അങ്ങനെ 30 ഏക്കറില്‍ ജോലി ചെയ്യാനും കര്‍ഷകനിലേക്കുള്ള അദ്ദേഹത്തിന്‍റെ യാത്ര ആരംഭിക്കാനും അത് കാരണമായി. ബയോഡൈനാമിക് കൃഷി ജൈവകൃഷി പോലെത്തന്നെയാണെന്നും എന്നാല്‍, കൃഷി ചെയ്യുന്നതിന് മുമ്പായി മണ്ണില്‍ ആവശ്യത്തിന് പോഷകഗുണം വരുത്തുകയാണ് ചെയ്യുന്നത്, അത് നല്ല വിളകളുണ്ടാവാന്‍ സഹായിക്കുമെന്നും അനീഷ് ഷാ പറയുന്നു.  

സ്വാഭാവികമായും നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ മണ്ണുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ലളിതമായ ഒരു മാർഗ്ഗമാണ് ബയോഡൈനാമിക് ഫാമിംഗ് പിന്തുടരുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിനായി അദ്ദേഹം പയർവർഗ്ഗങ്ങൾ, ധാന്യം, കുറച്ച് പച്ചിലകൾ എന്നിവയുടെ വിത്ത് വിതയ്ക്കുന്നു. 45 ദിവസത്തിനുശേഷം, ഈ വിളകൾ വളരുന്നു. റൊട്ടവേറ്ററുപയോഗിച്ച് അത് പിഴുത് കളയുകയും ചെയ്യുന്നു. ഈ വിളകള്‍ മണ്ണിനെ സമ്പന്നമാക്കുകയും അടുത്ത വിത്ത് വിതയ്ക്കുമ്പോള്‍ വളമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഗോമൂത്രവും ചാണകവും, ജാഗറിയും, പയറുമെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതയും അദ്ദേഹം ഉപയോഗിക്കുന്നു. അതുപോലെ കീടങ്ങളെ നിയന്ത്രിക്കുന്നതിനും അദ്ദേഹം തന്നെ തയ്യാറാക്കുന്ന ഗോമൂത്രം, ഇഞ്ചി, മുളക് തുടങ്ങിയവയുടെയെല്ലാം മിശ്രിതവും ഉപയോഗിക്കുന്നു. 

ഓരോ ആഴ്‍ചയിലും അനീഷില്‍ നിന്നും പച്ചക്കറികളും മറ്റും വാങ്ങുന്ന 75 കുടുംബങ്ങളുണ്ട് ഇന്ന്. 1000 രൂപ നല്‍കിയാല്‍ പച്ചക്കറികളും പഴങ്ങളും മുട്ടയുമെല്ലാം അടങ്ങുന്ന 10 കിലോയുടെ കിറ്റ് വാങ്ങാം. ഫ്രഷായിട്ടുള്ള സാധനങ്ങളാണ് എത്തിക്കുന്നതെന്നതും അനീഷിന്‍റെ പ്രത്യേകതയാണ്. ''സൊസൈറ്റിയാകെ 2000 കിലോ വരെ ഓരോ ആഴ്‍ചയും വാങ്ങുന്നുണ്ട്. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരെ സഹായിക്കാനാകുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെ''ന്നും അനീഷിന്‍റെ അടുത്തുനിന്നും പഴവും പച്ചക്കറിയുമെല്ലാം വാങ്ങുന്ന മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കറായ മൈക്കല്‍ പറയുന്നു. 

ഏതായാലും ആദ്യം നേരിട്ട പ്രയാസങ്ങള്‍ക്കൊക്കെ പകരമായി ഇപ്പോള്‍ അനീഷ് ഷാ ഹാപ്പിയാണ്. കൂടുതല്‍ കര്‍ഷകരെ ഇപ്പോള്‍ അദ്ദേഹം തന്‍റെ നെറ്റ്‍വര്‍ക്കിലുള്‍പ്പെടുത്തിക്കഴിഞ്ഞു. കാലം ചെല്ലുന്തോറും നല്ല ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനെ കുറിച്ചും നാം കൂടുതലായി ശ്രദ്ധിച്ചു തുടങ്ങും. ഭക്ഷണം തന്നെ നമ്മുടെ മരുന്നാക്കി കഴിഞ്ഞാല്‍ രോഗത്തെ കുറിച്ച് നാം ഭയപ്പെടേണ്ടതേ ഇല്ല എന്നും അനീഷ് ഷാ പറയുന്നു. 

Follow Us:
Download App:
  • android
  • ios