കൊവിഡ് കാലത്ത് അന്‍പതോളം കര്‍ഷകരുടെ വിളവുകള്‍ വിറ്റഴിക്കാന്‍ കഴിയാതിരുന്നപ്പോള്‍ കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ സഹായത്തോടെ ദിവസച്ചന്ത നടത്തി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു ഏഴംഗങ്ങള്‍ അടങ്ങിയ ഈ കൂട്ടായ്‍മ. ലാഭം ഉദ്ദേശിച്ച് വില്‍പ്പനയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടതല്ലെങ്കിലും കര്‍ഷകര്‍ക്കും സംഘാടകര്‍ക്കും വരുമാനം നേടാനും ഈ സംരംഭം സഹായിച്ചുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കര്‍ഷകര്‍ക്ക് പ്രാദേശിക വിപണിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പത്ത് ശതമാനമെങ്കിലും ലാഭം നേടിക്കൊടുക്കാന്‍ ഈ ദിവസച്ചന്ത സഹായിച്ചു. അതുപോലെ ഉപഭോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ കിലോയ്ക്ക് ഒരു രൂപയെങ്കിലും കുറച്ച് വില്‍ക്കുകയും ചെയ്‍ത ഇവര്‍ മഴക്കാലത്ത് വീണ്ടും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതിയിലാണ്.

'രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച ആഴ്‍ചച്ചന്തയാണിത്. ഒരുലക്ഷം രൂപയാണ് സഹായമായി ലഭിച്ചത്. ഏഴ് അംഗങ്ങള്‍ അടങ്ങുന്ന ഒരു കമ്മിറ്റിയുണ്ടാക്കുകയാണ് ആദ്യം ചെയ്‍തത്. തുടക്കത്തില്‍ ആഴ്‍ചയില്‍ ഒരുദിവസം കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്‍തു. കാര്‍ഷിക ഗ്രൂപ്പുകളിലൂടെയും പച്ചക്കറികള്‍ വാങ്ങാന്‍ വരുന്നവര്‍ പറഞ്ഞറിഞ്ഞിട്ടുമാണ് ഈ ചന്തയിലേക്ക് വില്‍ക്കാന്‍ പച്ചക്കറികളുമായി കൂടുതല്‍ കര്‍ഷകര്‍ എത്തിയത്.' ഈ കമ്മിറ്റിയില്‍ അംഗമായ നിഷ പറയുന്നു.

മുഹമ്മദ്, അബൂബക്കര്‍, നളിനി, ശ്രീജ, വല്‍സല, വസന്തകുമാരി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. കൊവിഡ് കാലത്ത് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൃഷിഭവന്റെ സഹായത്തോടെ ആഴ്ചച്ചന്തയെ ദിവസച്ചന്തയാക്കി മാറ്റുകയായിരുന്നു.

ചീര, വെണ്ട, കോവയ്ക്ക, വെള്ളരി തുടങ്ങി എല്ലാവിധ പച്ചക്കറികളും കര്‍ഷകര്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. അപ്പപ്പോള്‍ത്തന്നെ ആവശ്യക്കാര്‍ വന്ന് വാങ്ങിക്കൊണ്ടുപോകുന്നതിനാല്‍ എല്ലാം വിറ്റഴിക്കാന്‍ കഴിഞ്ഞുവെന്ന് നിഷ പറയുന്നു. പാവയ്ക്ക, പച്ചക്കായ, ചേന, മത്തന്‍, ഇളവന്‍, ഉണങ്ങിയ മഞ്ഞള്‍, ഇഞ്ചി എന്നിവയെല്ലാം കര്‍ഷകര്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. കര്‍ഷകരെ അറിയിച്ച് അവരുടെ ഉത്പന്നങ്ങള്‍ ചന്തയില്‍ എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ നരിക്കുനി കൃഷിഭവന്‍ നന്നായി സഹകരിച്ചുവെന്ന് ഇവര്‍ പറയുന്നു.

'മഴ കാരണം ഉത്പാദനം കുറഞ്ഞപ്പോള്‍ താല്‍ക്കാലികമായി ഈ ചന്ത ഇപ്പോള്‍ നിര്‍ത്തിയതാണ്. മഴക്കാല പച്ചക്കറികളുടെ കൃഷി ആരംഭിച്ചു കഴിഞ്ഞ സ്ഥിതിക്ക് ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ വീണ്ടും വില്‍പ്പന നടത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കൊവിഡ് ഇപ്പോള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആഴ്ചയിലൊരിക്കലുള്ള ചന്ത ദിവസച്ചന്തയാക്കി തുടര്‍ന്നുകൊണ്ടുപോകാനാണ് ശ്രമം.' നരിക്കുനി കൃഷി ഓഫീസര്‍ ഡാന മുനീര്‍ പറയുന്നു.

ഏത് കര്‍ഷകന്റെ പച്ചക്കറിയാണ് ചന്തയിലൂടെ ലഭിക്കുന്നതെന്ന് ഉപഭോക്താവിന് മനസിലാക്കാനും വിഷരഹിതമായ ഉത്പന്നങ്ങള്‍ വാങ്ങാനുമുള്ള വഴിയായതുകൊണ്ട് പഞ്ചായത്തിലെ ജനങ്ങള്‍ ഈ ദിവസച്ചന്തയെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നു. കര്‍ഷകന് പ്രാധാന്യം കൊടുക്കുന്ന ഇത്തരം സംരംഭങ്ങള്‍ കൊവിഡ് കാലത്ത് ആശ്വാസമാണെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു.