മഹാരാഷ്ട്രയിലെ മിറാജിലുള്ള കർഷകനാണ് പർമാനന്ദ് ഗവാനെ. മിറാജ് ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ബെലാങ്കി എന്ന ഗ്രാമത്തില്‍ രണ്ട് ഏക്കർ സ്ഥലത്ത് നിന്ന് 15 ടൺ മാമ്പഴം അദ്ദേഹത്തിന് ലഭിക്കുന്നു. ഓരോ ഏക്കറിലും 900 കേസര്‍ മാവുകളുണ്ട്. അള്‍ട്രാ ഹൈ ഡെന്‍സിറ്റി പ്ലാന്‍റിംഗ് സിസ്റ്റമാണ് (UHDP) ഇവിടെ ഗവാന്‍ അവലംബിക്കുന്നത്. പരമ്പരാഗത കൃഷിരീതിയില്‍ നിന്നും മാറിയുള്ള കൃഷിയാണിത്. കഴിഞ്ഞ വർഷം ഗവാനെയുടെ ഫാമിൽ നിന്ന് 250 ഗ്രാം മുതൽ 400 ഗ്രാം വരെ ഭാരമുള്ള പഴങ്ങൾ ദില്ലി, ഹൈദരാബാദ്, കൊൽക്കത്ത, ബെംഗളൂരു, റായ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ എടുത്തിരുന്നു. 2015 -ൽ 3 ടണ്ണിൽ നിന്ന് 2020 ൽ ഏക്കറിന് 7.5 ടണ്ണായി മാറി. തോട്ടങ്ങളുടെ ശരിയായ നടത്തിപ്പിലൂടെ ഏക്കറിന് 10 ടൺ മാമ്പഴം നേടാൻ കഴിയുമെന്ന് ഗാവാനെ വിശ്വസിക്കുന്നു. 

നേരത്തെ മുന്തിരി കർഷകനായ ഗവാനെ, ലിങ്‌നൂർ ഗ്രാമത്തിലെ ഒരു കർഷകന്‍ തോട്ടത്തില്‍ പുതിയ രീതി ഉപയോഗിച്ച് കണ്ടു. എന്നാല്‍, അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് മാത്രം അയാള്‍ പറയാന്‍ തയ്യാറായില്ല. താനെന്നെങ്കിലും അത്തരം രീതിയിലൂടെ കൃഷി ചെയ്‍താല്‍ ആ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് വയ്ക്കും എന്ന് അന്ന് ഗവാനേ തീരുമാനിച്ചു. ഓരോ മാസവും 50 കര്‍ഷകരെ ഗവാനേ തന്‍റെ ഫാമിലേക്ക് ക്ഷണിക്കുന്നു. മേയ്, ജൂണ്‍ മാസത്തില്‍ തോട്ടത്തില്‍ നിറയെ മാമ്പഴങ്ങളായിരുന്നു. ഒരുപാട് പേരാണ് അത് കാണാനായി എത്തിയത്. 

അള്‍ട്രാ ഹൈ ഡെന്‍സിറ്റി പ്ലാന്‍റിംഗ് സിസ്റ്റം വര്‍ഷങ്ങളായി ഇസ്രയേല്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം നടക്കുന്നുണ്ട്. അമ്പത് ശതമാനം മാത്രം വെള്ളം ഉപയോഗിച്ച് കൊണ്ട് വിളവെടുപ്പ് കൂട്ടുന്ന രീതിയാണ് ഇത്. മാവുകൾ വരികളായി നട്ടുപിടിപ്പിക്കുന്നു. 70 ശതമാനം ജൈവവളങ്ങളുടെയും, 30 ശതമാനം രാസവളങ്ങളുടെയും മിശ്രിതമാണ് ഗവാനേ നൽകുന്നത്. ഇങ്ങനെ ഉപയോഗിക്കുന്നത് നല്ലതാണ് എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. തൊഴില്‍ ചെലവും കീടനാശിനിയുടെ ചെലവും എല്ലാം അടക്കം ഏക്കറിൽ ഒരുലക്ഷം രൂപയാണ് ചെലവ് വന്നത്. ആറ് ലക്ഷം രൂപ ഇതില്‍ നിന്നും വരുമാനം നേടാനായി എന്നും ഗവാനേ പറയുന്നു. 

ഡ്രിപ് ഇറിഗേഷന്‍ രീതിയാണ് ഗവാനേ പിന്തുടരുന്നത്. ഗവാനേയുടെ കൃഷിരീതികള്‍ നിരവധി കര്‍ഷകര്‍ ഇന്ന് പിന്തുടരുന്നുണ്ട്. മക്കളായ സിവിൽ എഞ്ചിനീയറായ ശിവാനന്ദ്, ആർട്സ് ബിരുദധാരിയായ മാധവാനന്ദ് എന്നിവരുടെ സഹായത്തോടെ ഗവാനെ ഒൻപത് ഏക്കറിൽ സോനക, മുന്തിരിപ്പഴം വളർത്തുന്നത് തുടരുകയും പ്ലാന്റ് നഴ്സറി നടത്തുകയും ചെയ്യുന്നു. താൻ പ്രതിവർഷം 40,000 -ത്തോളം തൈകൾ വിൽക്കുന്നുവെന്നും അദ്ദേഹം അറിയിക്കുന്നു.

യുഎച്ച്ഡിപി സ്വീകരിക്കുന്നതിലൂടെ മാമ്പഴ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനാകുമെന്ന് വിദഗ്ദ്ധർ കരുതുന്നു. ഏക്കറിൽ 674 ചെടികള്‍ നടുന്നതിന് പകരം 900 ചെടികള്‍ ഗവാനേ നടുന്നു. യുഎച്ച്ഡിപി- യെ കുറിച്ച് ഗവാനെ പറയുന്നത് ഉൽപാദനക്ഷമത 2-3 മടങ്ങ് വരെ വർദ്ധിപ്പിക്കുമെന്നും ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളം 50 ശതമാനം വരെ കുറയ്ക്കുമെന്നും വളപ്രയോ​ഗം കൂടുതൽ ഫലപ്രദമാകുമെന്നുമാണ്. 

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)