ചുവന്ന തണ്ണിമത്തനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. മഞ്ഞനിറത്തിലുള്ള തണ്ണിമത്തന്‍ കൃഷി ചെയ്യാനിറങ്ങിയ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം. ഒരുതരത്തിലുള്ള രാസകീടനാശിനികളും ഉപയോഗിക്കാതെ വിളവെടുത്ത നൂറ് ശതമാനം ശുദ്ധമായ ഈ തണ്ണിമത്തനുകള്‍ക്ക് മഞ്ഞനിറമാണുള്ളത്. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ നിതേഷ് ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചത് മണ്ണിലിറങ്ങി പണിയെടുത്ത് നേട്ടമുണ്ടാക്കാനായിരുന്നു.

വെറും 4000 രൂപ മുടക്കിയ നിതേഷ് ബോര്‍കര്‍ ഗോവയിലെ മണ്ണില്‍ കൃഷി ചെയ്തുണ്ടാക്കിയത് 30000 -ല്‍ക്കൂടുതല്‍ രൂപയാണ്. 2017 -ല്‍ ഒരു സുഹൃത്ത് വഴിയാണ് മഞ്ഞ തണ്ണിമത്തന്‍ കൃഷി ചെയ്യാനുള്ള ആശയം മനസിലേക്ക് വരുന്നത്. ഇത്തരം തണ്ണിമത്തന്റെ വിത്ത് സുഹൃത്ത് തന്നെയാണ് നിതേഷിന് നല്‍കിയത്. എന്തെങ്കിലും പുതിയതായി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഈ ചെറുപ്പക്കാരന്‍ മഞ്ഞതണ്ണിമത്തന്‍ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.

കൃഷി ചെയ്യാനുള്ള പ്രചോദനം

നിതേഷിന്റെ അച്ഛനും മുത്തച്ഛനും മണ്ണില്‍ അധ്വാനിക്കുന്നത് കണ്ടുവളര്‍ന്നതുകൊണ്ട് സ്വാഭാവികമായും കൃഷിയോട് ഈ ചെറുപ്പക്കാരനും അടങ്ങാത്ത താല്‍പര്യമുണ്ടായിരുന്നു. ഏകദേശം 50 വര്‍ഷത്തോളം നിതേഷിന്റെ മുത്തച്ഛന്‍ പരമ്പരാഗതമായി രീതിയില്‍ നെല്‍ക്കൃഷി ചെയ്തിരുന്നു. അതുപോലെ കശുമാവ് കൃഷിയുമുണ്ടായിരുന്നു. കൃഷിയില്‍ അച്ഛനെ സഹായിച്ചുള്ള ശീലവും നിതേഷിനുണ്ടായിരുന്നു.

'മുത്തച്ഛന്റെ മരണശേഷം നെല്‍ക്കൃഷി ഇല്ലാതായി. ഞാനും അച്ഛനും കഠിനാധ്വാനം ചെയ്ത് കൃഷി നിലനിര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ കടല്‍വെള്ളത്തിന്റെ സ്വാധീനം കാരണം നെല്‍ക്കൃഷി പരിതാപകരമായ അവസ്ഥയിലായി. പക്ഷേ, ഞങ്ങള്‍ ഏതുവിധേനയും നിലനിര്‍ത്താന്‍ ശ്രമിച്ചു' നിതേഷ് പറയുന്നു. തുടക്കത്തില്‍ ഇയാള്‍ നെല്ലും പച്ചക്കറികളുമാണ് വളര്‍ത്താന്‍ ആരംഭിച്ചത്. പ്രാദേശിക മാര്‍ക്കറ്റില്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. നിരവധി പഴങ്ങളും ലെറ്റിയൂസ്, ബ്രൊക്കോളി എന്നിവയും കൃഷിയില്‍ ഉള്‍പ്പെടുത്തി.

'ഞാന്‍ എന്തുവളര്‍ത്തിയാലും  എന്റെ കൃഷിഭൂമിയില്‍ വിഷമടിച്ച് നശിപ്പിക്കരുതെന്ന് നിര്‍ബന്ധമായിരുന്നു' നിതേഷ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. തുടക്കത്തില്‍ ഏതൊരു കര്‍ഷകനെയും പോലെ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ട്. കടല്‍വെള്ളത്തിന്റ സ്വാധീനമുള്ള ഭൂമിയായിരുന്നതുകൊണ്ട് മഞ്ഞത്തണ്ണിമത്തന്‍ വളര്‍ത്താന്‍ അനുയോജ്യമായിരുന്നില്ല. ഗോവയിലെ സുവാരി നദിയുടെ വടക്കന്‍ തീരത്തിനടുത്തുള്ള ഗ്രാമത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി പരീക്ഷണക്കൃഷി ആരംഭിച്ചു.

'മൂന്ന് മാസത്തേക്കാണ് പാട്ടത്തിന് സ്ഥലമെടുത്തത്. മധുരക്കിഴങ്ങ് നട്ടപ്പോള്‍ മാര്‍ച്ചില്‍ വിളവെടുത്തു. വിളവെടുപ്പിന് ശേഷം ഭൂമി 10 ദിവസം വെറുതെയിട്ട ശേഷമാണ് തണ്ണിമത്തന്‍ കൃഷി ആരംഭിച്ചത്' നിതേഷ് പറയുന്നു. 70 ദിവസം കൊണ്ട് പഴങ്ങളുണ്ടാകാന്‍ തുടങ്ങി. മണ്‍സൂണ്‍ കനത്തപ്പോള്‍ പഴങ്ങള്‍ കേടാകാന്‍ തുടങ്ങി. അങ്ങനെ രണ്ടാമത്തെ തവണ മര്‍ഗാവോ എന്ന സ്ഥലത്ത് പാട്ടത്തിന് വീണ്ടും സ്ഥലം വാങ്ങി പരീക്ഷണം നടത്തി.

'ഈ സ്ഥലം എന്റെ ഗ്രാമത്തില്‍ നിന്നും 22 കി.മീ അകലെയായതിനാല്‍ നിരവധി പ്രശ്‌നങ്ങളുണ്ടായി. അധികമുള്ള യാത്രാച്ചെലവ്, തൊഴിലാളികള്‍ക്ക് നല്‍കേണ്ട പണം... അങ്ങനെ നിരവധി സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ആ സ്ഥലവും എനിക്ക് ഒഴിവാക്കേണ്ടി വന്നു. ഒരു വലിയ സ്ഥലമായതുകാരണം എനിക്ക് ഏകദേശം 40,000 രൂപ നഷ്ടമായി.'  താന്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ചാണ് ഈ ചെറുപ്പക്കാരന്‍ വിശദീകരിക്കുന്നത്.

ഹൃദയഭേദകമായിരുന്നു തനിക്ക് സംഭവിച്ച നഷ്ടമെന്നാണ് നിതേഷ് സൂചിപ്പിക്കുന്നത്. മറ്റാരെങ്കിലുമാണെങ്കില്‍ കൃഷി ഉപേക്ഷിക്കുമായിരുന്നു. എന്നാല്‍ നിതേഷ് പുതുതായി എന്തെങ്കിലും പരീക്ഷിക്കാനുള്ള അവസരമായി ഇത് പ്രയോജനപ്പെടുത്തി.

'ഞാന്‍ ഒരു ചെറിയ ഭൂമിയില്‍ വീണ്ടും പരീക്ഷണം നടത്തി. ഇത്തവണ ഞങ്ങളുടെ കുടുംബപരമായ സ്ഥലത്തായിരുന്നു. കശുമാവിന്‍ തോട്ടമുള്ള മലഞ്ചെരുവില്‍. മറ്റുള്ളവര്‍ കരുതിയത് ഭൂമി പാറക്കല്ലുകള്‍ നിറഞ്ഞതും തണ്ണിമത്തന്‍കൃഷിക്ക് യോജിക്കാത്തതുമാണെന്നായിരുന്നു. പക്ഷേ, ആ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ കാടുപോലെയായിരുന്നു. അതുകൊണ്ട് കഠിനാധ്വാനം ചെയ്താല്‍ പൊന്നുവിളയിക്കാമെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു'  നിശ്ചയദാര്‍ഢ്യമുള്ള ചെറുപ്പക്കാരന്റെ ശബ്‍ദമാണിത്.

അങ്ങനെയാണ് 2019 -ല്‍ 4x4 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് തണ്ണിമത്തന്‍ കൃഷി ആരംഭിക്കുന്നത്. വളരെ ചെറിയ സ്ഥലമായിരുന്നു. വിത്തുകള്‍ മണ്ണില്‍ വിതയ്ക്കുന്നതിന് പകരം 50 ഗ്രോബാഗുകളില്‍ മുളപ്പിച്ചു. ജൈവവളം ഉപയോഗിച്ച് പോഷകഗുണം വര്‍ധിപ്പിച്ച മണ്ണായിരുന്നു ഗ്രോബാഗില്‍ നിറച്ചത്. ചാണകവും കൊഴിഞ്ഞ ഇലകളുമൊക്കെയായിരുന്നു വളം. വിത്തിനും ഗ്രോബാഗിനും വളത്തിനുമൊക്കെയായി ആകെ ചെലവായത് 4000 രൂപയാണ്. നൂറമേനി വിളവെടുപ്പാണ് നിതേഷ് നടത്തിയത്.

'250 തണ്ണിമത്തനാണ് 50 ഗ്രോബാഗില്‍ നിന്ന് ലഭിച്ചത്. 407 കി.ഗ്രാം ആയിരുന്നു ആകെയുള്ള ഭാരം. ഓരോ തണ്ണിമത്തനും 1.8 കിഗ്രാമിനും 3.5 കി.ഗ്രാമിനും ഇടയില്‍ ഭാരമുണ്ടായിരുന്നു. ' നിതേഷ് പറയുന്നു. നിതേഷ് വലിയ വിളവെടുത്ത് ലാഭമുണ്ടാക്കിയപ്പോള്‍ സമീപപ്രദേശങ്ങളിലുള്ള മറ്റുള്ള തണ്ണിമത്തന്‍ കര്‍ഷകര്‍ക്ക് കീടാക്രമണത്താല്‍ വളരെ വലിയ നഷ്ടമാണ് സഹിക്കേണ്ടി വന്നത്. തിരിച്ചറിയപ്പെടാത്ത പ്രാണികള്‍ വിളകളെ ആക്രമിച്ചതായാണ് പറയുന്നത്. പഴങ്ങള്‍ രൂപപ്പെടുന്ന സമയത്താണ് പ്രാണികള്‍ ആക്രമിക്കുന്നതെന്നായിരുന്നു കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.