കന്നുകാലികളെ പാലിനും ഇറച്ചിക്കും മാത്രം വളര്‍ത്തുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ജൈവകൃഷിയിലും ഫലപ്രദമായി ഉപയോഗപ്പെടുത്താം. രാസവളങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദോഷങ്ങളും പണച്ചെലവും പരിഹരിക്കാനായി 37 എരുമകളെ വളര്‍ത്തി ജൈവവളം നേരിട്ട് കൃഷിസ്ഥലത്ത് ലഭ്യമാക്കി 19 ഏക്കറില്‍ നെല്‍ക്കൃഷി ചെയ്ത് നേട്ടംകൊയ്ത കര്‍ഷകനാണ് ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ സീതംപേട്ട സ്വദേശിയായ ഗഡ്ഡെ സതീഷ്. ഇദ്ദേഹം കോമേഴ്‌സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരിയാണ്.

കന്നുകാലികളെ വളര്‍ത്തി ഏറ്റവും നല്ല രീതിയില്‍ ജൈവകൃഷി ചെയ്‍ത കര്‍ഷകനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ അവാര്‍ഡും ഇദ്ദേഹം നേടിയിട്ടുണ്ട്.

കൃഷി ലാഭകരമല്ലെന്ന് മനസിലാക്കി പലരും പിന്‍വാങ്ങുമ്പോഴും സതീഷ് തന്റെ തൊഴിലില്‍ ഉറച്ചുനില്‍ക്കുന്നു. കീടങ്ങളും അസുഖങ്ങളും കൃഷി ചെയ്യാനുള്ള തൊഴിലാളികളെ ലഭ്യമല്ലാത്തതും കാരണം പലരും മറ്റുജോലികള്‍ തേടിപ്പോകുന്നു. 16 ഏക്കറില്‍ തെങ്ങിന്‍തോട്ടം സതീഷിനുണ്ട്. 19 ഏക്കറില്‍ നെല്ലും 20 ഏക്കറില്‍ ചോളവും കൃഷി ചെയ്യുന്നു. അതുകൂടാതെ 37 എരുമകളെയും വളര്‍ത്തുന്നുണ്ട്.

കന്നുകാലികളെ വളര്‍ത്തി അതിലൂടെ ജൈവകൃഷി മുന്നോട്ട് കൊണ്ടുപോകുന്ന വഴിയാണ് ഇദ്ദേഹം തിരഞ്ഞെടുത്തത്. പരിസ്ഥിതിക്ക് ഏറ്റവും ഗുണം ചെയ്യുന്ന നല്ല കൃഷിരീതിയാണ് ഇതെന്ന് സതീഷ് വിശ്വസിക്കുന്നു. ഇത്തരം പരമ്പരാഗത കൃഷിരീതി പിന്തുടരുമ്പോഴുള്ള കാലതാമസവും നഷ്ടങ്ങളുമൊന്നും കണക്കിലെടുക്കാതെ തന്നെ സതീഷ് മുന്നോട്ടുപോകുകയും 1990 മുതല്‍ കൃഷിയില്‍ വിജയം കൈവരിക്കുകയും ചെയ്തു.

പകല്‍ സമയത്ത് എരുമകളെ പറമ്പില്‍ മേയാന്‍ വിടുകയാണ് ചെയ്യുന്നത്. രാത്രികാലങ്ങളില്‍ കയര്‍ ഉപയോഗിച്ച് ഫാമില്‍ വരിവരിയായി കെട്ടിയിടുന്നു. ചാണകവും മൂത്രവും കൃഷിഭൂമിയില്‍ നേരിട്ട് ലഭ്യമാക്കാവുന്ന വിധത്തിലാണ് എരുമകള്‍ക്കുള്ള താമസസ്ഥലം ഒരുക്കിയിരിക്കുന്നത്. ഇത് മണ്ണിലെ പോഷകഗുണം വര്‍ധിപ്പിക്കുകയും കളകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

നെല്‍ക്കൃഷി ചെയ്യുന്നതുകൊണ്ട് വൈക്കോല്‍ കന്നുകാലികള്‍ക്ക് ആഹാരമായി നല്‍കുന്നു. കനാലില്‍ നിന്ന് എല്ലാ സമയവും തെങ്ങിന്‍തടത്തിലേക്ക് ജലസേചനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രകൃതിയില്‍ മേഞ്ഞ് നടക്കുന്നതുകാരണം കന്നുകാലികള്‍ക്ക് പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങളൊന്നും കാണുന്നില്ലെന്ന് സതീഷ് പറയുന്നു. മുഴുവന്‍ പാലും കന്നുകുട്ടികള്‍ക്കായി നല്‍കുന്നതുകൊണ്ട് കിടാങ്ങള്‍ ആരോഗ്യത്തോടെ വളരുന്നു. ശരിയായ രീതിയില്‍ പരിചരിച്ചാല്‍ 24 മാസങ്ങള്‍കൊണ്ട് കുട്ടികള്‍ ഉണ്ടാകുമെന്ന് സതീഷ് ഓര്‍മിപ്പിക്കുന്നു. തന്റെ 19 ഏക്കര്‍ സ്ഥലത്ത് ഇന്നുവരെ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ലെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പാടങ്ങളിലുള്ള അവശിഷ്ടങ്ങള്‍ മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം വര്‍ധിപ്പിക്കാനും പോഷകഗുണം കൂട്ടാനുമായി ഉപയോഗിക്കുന്നു.

തികച്ചും ജൈവരീതിയില്‍ വിളവെടുക്കുന്ന നെല്ല് ഒരു വര്‍ഷത്തോളം സൂക്ഷിക്കുന്നു. ജൈവ അരി മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ വിളവെടുക്കുന്ന നെല്ലിന് സാധാരണ നെല്ലിനേക്കാള്‍ പോഷകഗുണം കൂടുതലുണ്ടെന്ന് സതീഷ് പറയുന്നു.

 

മൃഗസംരക്ഷണ വിഭാഗത്തിലുള്ളവരുമായും കാര്‍ഷിക മേഖലയിലുള്ളവരുമായും സതീഷിന് നല്ല ബന്ധമുണ്ട്. അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകളിലും മീറ്റിങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്.

കൃഷിയെക്കുറിച്ചുള്ള അഗാധമായി അറിവ് സതീഷിനുണ്ട്. കാര്‍ഷികവൃത്തിയിലൂടെ പുരോഗതി നേടിയ ആളാണ് ഇദ്ദേഹം. താന്‍ നേടിയ അറിവുകള്‍ കര്‍ഷകരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുമായും പങ്കുവെക്കാന്‍ ഇദ്ദേഹത്തിന് താല്‍പര്യവുമാണ്.

ഇന്ന് വര്‍ധിച്ചുവരുന്ന ജീവിത ശൈലീരോഗങ്ങളില്‍ നിന്നുള്ള മോചനത്തിനായി എല്ലാവരും ആശ്രയിക്കുന്നത് ജൈവരീതിയില്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളെയാണ്. വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം തൊഴിലാളികളെ ഉപയോഗിച്ചുള്ള ഈ കൃഷിയിലൂടെ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റാണ്.

ഇദ്ദേഹം അരിക്ക് കിലോഗ്രാമിന് 100 മുതല്‍ 150 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. 37 എരുമകളില്‍ നിന്ന് 60 ആയി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സതീഷ്. സുസ്ഥിരമായ കൃഷി നടത്താനും വരുമാനം വര്‍ധിപ്പിക്കാനും കന്നുകാലികള്‍ ഏറെ സഹായിക്കുമെന്നാണ് ഇദ്ദേഹം അനുഭവത്തില്‍ നിന്ന് വ്യക്തമാക്കുന്നത്.

ടൂറിസം വകുപ്പുമായി സഹകരിച്ച് അഗ്രോ-ടൂറിസവും ഡയറി ടൂറിസവും നടത്താനുള്ള പദ്ധതിയിലാണ് സതീഷ് . കൃഷി എന്നത് വരുമാനം വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ഗം മാത്രമായി കാണാതെ ഭാവിയില്‍ മനുഷ്യര്‍ക്ക് സുസ്ഥിരമായ പുരോഗതിയിലേക്കുള്ള മാര്‍ഗമായി കാണണമെന്നാണ് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നത്. മണ്ണിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനായി എല്ലാവരും സംയോജിത കൃഷിരീതി അവലംബിക്കേണ്ടതിന്റെ ആവശ്യകതയാണ് സതീഷ് ചൂണ്ടിക്കാട്ടുന്നത്.