'അമ്മമാരില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിക്കുന്നതിന് മുമ്പായി ഞാന്‍ അവരുടെ കുട്ടികളുടെ വയസ് ചോദിക്കും. ഒരു വയസുപോലും ആകാത്ത കുട്ടിയാണെങ്കില്‍ പശുവിന്‍പാല്‍ നല്‍കാന്‍ സമയമായില്ലെന്ന് അവരെ പറഞ്ഞു മനസിലാക്കും.' ഇതാണ് ശില്‍പി സിന്‍ഹയുടെ പ്രവര്‍ത്തന ശൈലി. പാല്‍ വില്‍പന നടത്തി പണം സമ്പാദിക്കുകയെന്ന ആഗ്രഹമല്ല ഇവര്‍ക്കുള്ളത്. ഒമ്പതും പത്തും മാസം പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരില്‍ നിന്നും പാല്‍ എത്തിച്ചുകൊടുക്കണമെന്ന ആവശ്യം ലഭിച്ചെങ്കിലും കച്ചവടതന്ത്രമാക്കി മാറ്റി ലാഭം നേടാന്‍ ശില്‍പി ശ്രമിച്ചില്ല. കുട്ടികളുടെ ഡോക്ടര്‍മാരോടും ഭക്ഷണക്രം നിര്‍ണയിക്കുന്ന വിദഗ്ദ്ധന്‍മാരോടും അഭിപ്രായം ചോദിച്ച് ശരീരത്തിനാവശ്യമുള്ള പാലിന്റെ അളവും പോഷകമൂല്യവും മനസിലാക്കിയ ശേഷം മാത്രമേ ഇവര്‍ വില്‍പന നടത്താറുള്ളു.

27 വയസ്സുള്ള ഈ സംരംഭകയാണ് ശില്‍പി. ഒരു വയസു മുതല്‍ എട്ടു വയസു വരെയുള്ള കുട്ടികളുള്ള വീടുകളിലാണ് പാല്‍ വില്‍പന നടത്തുന്നത്. കുട്ടികളുടെ വളര്‍ച്ച നടക്കുന്ന പ്രായത്തിലാണ് ശരിയായ പോഷകം ശരീരത്തിലെത്തേണ്ടതെന്ന ചിന്താഗതിയാണ് ശില്‍പിയുടെ ഈ തീരുമാനത്തിന് പിന്നില്‍.

മെട്രോ നഗരങ്ങളില്‍ വീട്ടമ്മമാർ മായം ചേര്‍ക്കാത്ത പാല്‍ കിട്ടാനാണ് ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത്. പലര്‍ക്കും ലഭിക്കുന്നത് പെയിന്റും ഡിറ്റര്‍ജന്റും കലക്കി പാല്‍ രൂപത്തിലാക്കിയ മായം കലര്‍ന്ന വസ്തുവാണ്. ഇവിടെയാണ് ശില്‍പ്പി സിന്‍ഹ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

ശില്‍പ്പി വളര്‍ന്നത് ഝാര്‍ഖണ്ഡിലാണ്. അവിടുത്തെ ജനസംഖ്യ ബംഗളുരുവിലേതിനേക്കാള്‍ 20 മടങ്ങ് കുറവാണ്. ദിവസവും രാവിലെ ഒരു കപ്പ് പാല്‍ കുടിച്ചുകൊണ്ട് തുടങ്ങിയ ജീവിതരീതി ബംഗളുരുവിലെ തിരക്കേറിയ ജീവിതസാഹചര്യത്തിലെത്തിയപ്പോള്‍ തുടരാന്‍ ഇത്തിരി പ്രയാസമായിരുന്നു. കാരണം കൈയില്‍ കിട്ടുന്നത് ശുദ്ധമായ പാല്‍ തന്നെയാണോ എന്ന് മനസിലാക്കാനുള്ള പ്രയാസം തന്നെ.

'നമ്മുടെ കുട്ടികള്‍ ശുദ്ധമായ പാല്‍ പോലും കുട്ടിക്കാനാകാതെ വളരുന്ന അവസ്ഥ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.' ശില്‍പി തന്റെ മനസ്ഥിതി വ്യക്തമാക്കുന്നു.

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ലാണ് ഇവര്‍ സ്വന്തമായി സ്ഥാപനം ആരംഭിച്ചത്. ദ മില്‍ക്ക് ഇന്ത്യാ കമ്പനി എന്നായിരുന്നു തന്റെ സംരംഭത്തിന് ശില്‍പി നല്‍കിയ പേര്.

ക്ഷീരകര്‍ഷകര്‍ക്കൊപ്പം

ശില്‍പി കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും 21 ഗ്രാമങ്ങളില്‍ സഞ്ചരിച്ച് കര്‍ഷകരോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. അവരുടെ പിന്തുണ കൂടി തന്റെ പ്രവര്‍ത്തനത്തിന് വേണമെന്ന് ബോധ്യപ്പെടുത്തി. കര്‍ഷകരുടെ വിശ്വാസം നേടുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച് ഭാഷ തന്നെ പ്രശ്‌നമായിരുന്നു. തമിഴും കന്നഡയും സംസാരിക്കാന്‍ അറിയാത്ത ശില്‍പി ആശയവിനിമയത്തിന് നന്നായി കഷ്ടപ്പെട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ പല കര്‍ഷകരും തയ്യാറായി മുന്നോട്ട് വന്നു. കര്‍ഷകര്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ അറിയാനാണ് ശില്‍പി ആദ്യം ശ്രമിച്ചത്. മരുന്നും മൃഗസംരക്ഷണ സംബന്ധമായ പിന്തുണയും ഇവര്‍ നല്‍കി.

ഫോഡറിന് പകരം ഹോട്ടലുകളിലെ മാലിന്യങ്ങള്‍ പശുക്കള്‍ക്ക് നല്‍കുന്നതായി ശില്‍പി കണ്ടെത്തി. 'ഹോട്ടല്‍ മാലിന്യങ്ങള്‍ പശുക്കള്‍ക്ക് നല്‍കിയാല്‍ ഒരിക്കലും ശുദ്ധമായ പാല്‍ നമുക്ക് ലഭിക്കില്ല. ആദ്യം ശ്രമിച്ചത് ഇത് ഒഴിവാക്കാനാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് ഞങ്ങള്‍ അവര്‍ക്ക് പറഞ്ഞു മനസിലാക്കിക്കൊടുത്തു. 'ഇപ്പോള്‍ ചോളം അടങ്ങിയ പോഷകാഹാരമാണ് പശുക്കള്‍ക്ക് നല്‍കുന്നതെന്ന് ശില്‍പി പറയുന്നു.

എന്തുകൊണ്ട് ശുദ്ധമായ പാല്‍?

ഇവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് പാസ്ചുറൈസേഷന്‍ നടത്താത്ത ശുദ്ധമായ പാലാണ്. ഒരു ലിറ്റര്‍ പാലിന് 63 രൂപയാണ് വില. ബംഗളുരുവിലെ സര്‍ജാപുരയില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്താണ് വില്‍പന നടത്തുന്നത്. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരം ഇവരുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

പശുവിന്റെ പാല്‍ കുട്ടികളുടെ എല്ലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യം വര്‍ധിക്കാനും ആവശ്യമാണ്. കാല്‍സ്യം അടങ്ങിയിട്ടുള്ളതിനാല്‍ പാല്‍ ഭക്ഷണത്തിലുള്‍പ്പെടുത്തണം. ഇവരുടെ പാല്‍ വില്‍പ്പന വ്യത്യസ്തമാകുന്നത് തയ്യാറാക്കുന്ന രീതിയിലൂടെയാണ്. ഗവേഷണം നടത്തി സൊമാറ്റിക് സെല്ലിന്റെ അളവ് കണ്ടുപിടിച്ച് പോഷകമൂല്യം നിലനിര്‍ത്തുന്ന രീതിയാണിത്. 'ഞങ്ങള്‍ മെഷീന്‍ ഉപയോഗിച്ച് സൊമാറ്റിക് സെല്ലിന്റെ അളവ് കണ്ടുപിടിക്കുന്നു. കുറവ് സെല്‍ ഉള്ള പാലാണ് ഏറ്റവും ആരോഗ്യകരമായത്.' ശില്‍പി പറയുന്നു.

എറ്റെടുത്ത വെല്ലുവിളികള്‍

ഒരു വനിതാ സംരംഭക എന്ന എന്ന നിലയില്‍ ഒട്ടും എളുപ്പമായിരുന്നില്ല തന്റെ വളര്‍ച്ചയെന്ന് ശില്‍പി ഓര്‍മിപ്പിക്കുന്നു. പശുവിനെ കറക്കാനും പാല്‍ വിപണനത്തിനായി തയ്യാറാക്കാനും ആവശ്യമായ തൊഴിലാളികളെ കിട്ടാനായി പ്രയാസപ്പെട്ടു. അതിരാവിലെ 3.00 മണിക്കാണ് പശുവിനെ കറക്കുന്നത്. തുടക്കത്തില്‍ ശില്‍പി സ്വയം ഫാമില്‍ ഈ ജോലികള്‍ ചെയ്യാന്‍ പോകേണ്ടിവന്നു. കത്തികളും കുരുമുളക് സ്‌പ്രേയും കൈയില്‍ കരുതി.

വളര്‍ച്ചയും വരുമാനവും

ഇന്ന് ഏകദേശം 50 കര്‍ഷകരുള്‍പ്പെടുന്ന ശൃംഖല ഇവര്‍ക്കുണ്ട്. 14 തൊഴിലാളികള്‍ തുമകൂരിലെയും ബംഗളുരുവിലെയും ഗ്രാമങ്ങളിലുണ്ട്. സര്‍ജാപുരിലെ ഓഫീസില്‍ നിന്ന് പ്രവര്‍ത്തനം നടത്തുന്ന 14 ജോലിക്കാര്‍ വേറെയുമുണ്ട്. ഇവരെയും അര്‍പണമനോഭാവമുള്ള സ്ഥാപകരായാണ് ശില്‍പി പരിഗണിക്കുന്നത്.

11,000 രൂപ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനായി സ്വന്തം സമ്പാദ്യത്തില്‍ നിന്നുതന്നെയാണ് ശില്‍പി ചെലവഴിച്ചത്. പുറത്തുനിന്നുള്ള പണം തന്റെ സംരംഭത്തിനായി വിനിയോഗിച്ചിട്ടില്ല. ഇന്ന് 70 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഇവര്‍ നേടുന്നുണ്ട്. ഇതില്‍ നിന്നൊക്കെ ലഭിക്കുന്ന സംതൃപ്തിയേക്കാളും വലുതാണ് അമ്മമാരില്‍ നിന്ന് ലഭിക്കുന്ന നന്ദിവാക്കുകള്‍. മാസം തികയാതെ പ്രസവിച്ച ഒരു കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞ് ശുദ്ധമായ പാല്‍ കഴിച്ച് ആരോഗ്യത്തോടെ വളരുന്നവെന്ന് പറഞ്ഞപ്പോഴുണ്ടായ സന്തോഷം തന്നെയാണ് ശില്‍പിക്ക് പ്രധാനം.