ടെനിത്ത് ആദിത്യ 11 വയസ്സുള്ള വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ വിരുധുനഗര്‍ ജില്ലയിലെ കര്‍ഷകര്‍ വാഴയിലകളെല്ലാം കൂട്ടത്തോടെ കത്തിച്ചുകളയുന്നത് കണ്ടത്. ഉത്സവത്തിനും ആഘോഷങ്ങള്‍ക്കുമെല്ലാം സദ്യ വിളമ്പാനുപയോഗിക്കുന്ന വാഴയിലകള്‍ ഇങ്ങനെ കത്തിച്ചുകളയുന്നത് അവയെല്ലാം വാടിപ്പോയതുകൊണ്ടാണെന്നായിരുന്നു കര്‍ഷകരുടെ പ്രതികരണം. ഈ വാഴയിലകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്നായിരുന്നു ടെനിത്ത് ചിന്തിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ ബനാന ലീഫ് ടെക്‌നോളജിയെന്ന വിദ്യ സ്വയം കണ്ടുപിടിക്കുകയും അന്താരാഷ്ട്രതലത്തില്‍ വരെ അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു.

ടെനിത്ത് വളര്‍ന്നപ്പോള്‍ വീട്ടില്‍ തന്നെ പരീക്ഷണശാലയുണ്ടാക്കിയ ഗവേഷണ കുതുകിയായിരുന്നു. ആ വിദ്യാര്‍ഥി പേപ്പറും പ്ലാസ്റ്റിക്കുമെല്ലാം മാറ്റിവെച്ച് പകരം ഉപയോഗിക്കാവുന്ന ജൈവഉത്പന്നം ഉണ്ടാക്കാനുള്ള പരീക്ഷണത്തിന്റെ പിന്നാലെയായിരുന്നു. ഒരുപാട് പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം ബനാന ലീഫ് ടെക്‌നോളജി എന്ന സാങ്കേതിക വിദ്യ ടെനിത്ത് കണ്ടുപിടിച്ചു. വാഴയിലയുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള വിദ്യയായിരുന്നു ഇത്. വെറും മൂന്ന് ദിവസം മാത്രം ആയുസ്സുള്ള വാഴയിലയെ മൂന്ന് വര്‍ഷം വരെ ഉപയോഗിക്കാവുന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ ടെനിത്തിന് കഴിഞ്ഞു.

കൃത്രിമമായ ഒരു രാസവസ്തുവും ഉപയോഗിക്കാതെയാണ് ടെനിത്ത് ഇത് ചെയ്തത്. 2014 -ല്‍ യു.എസ്.എയിലെ ടെക്‌സാസിലെ ഗ്ലോബല്‍ സയന്‍സ് ഫെയറില്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ് നേടാനും ഈ ചെറുപ്പക്കാരന്റെ കണ്ടുപിടിത്തത്താല്‍ കഴിഞ്ഞു.

'സാധാരണയായി ഇലകള്‍ പോലുള്ള ജൈവവസ്തുക്കള്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ അഴുകിത്തുടങ്ങും. ബനാന ലീഫ് ടെക്‌നോളജി എന്നത് സെല്ലുലാര്‍ ഇക്കോ ഫ്രണ്ട്‌ലി സാങ്കേതിക വിദ്യയാണ്. ഒരു തരത്തിലുള്ള രാസവസ്തുവും ഉപയോഗിക്കാതെ ഇലകളും ജൈവവസ്തുക്കളും ഒരു വര്‍ഷത്തോളം കേടാകാതെ സംരക്ഷിക്കാനുള്ള വിദ്യയാണിത്. ഇലകളുടെ ഭൗതികമായ ഗുണഗണങ്ങള്‍ വര്‍ധിപ്പിക്കുകയും പ്ലാസ്റ്റിക്കിനും പേപ്പറിനും പകരമായ ജൈവവസ്തുവാക്കി മാറ്റുകയുമാണ് ചെയ്യുന്നത്' 'ടെനിത്ത് തന്റെ വെബ്‌സൈറ്റില്‍ കുറിക്കുന്നു.

 

ഇത്തരം ഇലകള്‍ അനുകൂലമല്ലാത്ത കാലാവസ്ഥയിലും അതിജീവിക്കുന്നു. പക്ഷേ, സാധാരണ ഭാരത്തേക്കാള്‍ കൂടുതല്‍ ഭാരം ഇലകള്‍ക്കുണ്ടായിരിക്കും. ഒരു വര്‍ഷത്തോളം ഇലകള്‍ തനതായ പച്ചനിറത്തില്‍ തന്നെ സംരക്ഷിക്കപ്പെടും. മൂന്ന് വര്‍ഷത്തോളം ഉപയോഗിക്കാനും കഴിയും.

'ഈ സാങ്കേതിക വിദ്യ ഇലകളുടെ കോശങ്ങള്‍ക്കും കോശഭിത്തിക്കും ശക്തി പകരുകയും കോശങ്ങളെ നശിപ്പിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഈ വസ്തു മണ്ണില്‍ അഴുകിച്ചേരുന്നതാണ്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തില്‍ 7 ബില്യണ്‍ മരങ്ങള്‍ നശിപ്പിക്കുന്നത് തടയാനും ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്കും ഗ്ലാസുകള്‍ക്കും പകരക്കാരനായും ഉപയോഗപ്പെടുത്താന്‍ കഴിയും' ടെനിത്ത് പറയുന്നു.

'കൃത്രിമമായ ഒരു രാസവസ്തുവും ഈ ഇലകളുടെ സംസ്‌കരണത്തില്‍ ഉപയോഗിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇലകളല്ലാതെ മറ്റൊരു വിലപിടിപ്പുള്ള  വസ്തുവും ഇതിന്റെ നിര്‍മാണവേളയില്‍ ആവശ്യമില്ല. വ്യാവസായിക ഉപയോഗത്തിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വാഴയില സര്‍വസാധാരണയായി കണ്ടുവരുന്ന വസ്തുവായതുകൊണ്ടാണ് ഞങ്ങള്‍ ഇത് ഉപയോഗിക്കുന്നത്' ടെനിത്ത് പറയുന്നു.

പേറ്റുകള്‍, കപ്പുകള്‍,കവറുകള്‍, ബോക്‌സുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഈ ബനാന ലീഫ് ടെക്‌നോളജി ഉപയോഗിച്ച് ഉണ്ടാക്കാം. സാമ്പത്തികമായും പരിസ്ഥിതി സൗഹൃദപരമായുമുള്ള ഫലങ്ങളെ മുന്‍നിര്‍ത്തി ഏഴ് അന്താരാഷ്ട്ര അവാര്‍ഡുകളും രണ്ട് ദേശീയ അവാര്‍ഡുകളും ഈ വിദ്യയ്ക്ക് ലഭിച്ചു. ഇന്റര്‍നാഷണല്‍ എന്‍വിറോണ്‍മെന്റല്‍ അവാര്‍ഡ്, ഇന്റര്‍നാഷനല്‍ ഗ്രീന്‍ ടെക്‌നോളജി അവാര്‍ഡ്, ടെക്‌നോളജി ഫോര്‍ ദ ഫ്യൂച്ചര്‍ അവാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 0.01 യു.എസ് ഡോളറാണ് ഒരു ഇല പ്രോസസ് ചെയ്യാനുള്ള മുടക്കുമതല്‍.

 

'ഞങ്ങള്‍ വാഴയിലയില്‍ നിന്നും ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നവരല്ല. ഞങ്ങളുടെ സാങ്കേതിക വിദ്യ താല്‍പര്യമുള്ള ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ധാരാളം സ്ഥാപനങ്ങള്‍ക്ക് അവരുടെ ദൈനംദിന ഉപയോഗത്തിനായി ഇത് ഉപയോഗിക്കാം. കുറച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കാനായി മാത്രം ഉപയോഗപ്പെടുത്താനല്ല ഈ സാങ്കേതിക വിദ്യ കണ്ടെത്തിയത്. വളരെ കാര്യക്ഷമതയോടെ പല കമ്പനികള്‍ക്കും ഈ വിദ്യ പ്രയോജനപ്പെടുത്താം. ' ടെനിത്ത് പറയുന്നു.

ഇന്ത്യയ്ക്ക് പുറത്തുള്ള പത്ത് കമ്പനികളുമായി ഇവര്‍ ചര്‍ച്ച നടത്തുകയാണ്. ഒരു കമ്പനിക്ക് മാത്രം ഈ സാങ്കേതിക വിദ്യയുടെ കുത്തകാവകാശം നല്‍കുന്നതിനോട് ഇവര്‍ക്ക് യോജിപ്പില്ല. പരിസ്ഥിതി സംരക്ഷിക്കുകയെന്നതാണ് ഇവരുടെ ഏറ്റവും വലിയ ലക്ഷ്യം.