Asianet News MalayalamAsianet News Malayalam

1.4 കിലോ വരെ തൂക്കം വരുന്ന തായ്‍പേരക്ക, വർഷത്തിൽ കിട്ടുന്നത് 32 ലക്ഷം

വളരെ കുറച്ച് ശ്രദ്ധ മതിയെന്നത് ഈ കൃഷിയെ കൂടുതല്‍ എളുപ്പമാക്കുന്നു. എന്നാല്‍, പലപ്പോഴും വില്‍ക്കാന്‍ ചെല്ലുമ്പോള്‍ അതിന്‍റെ വലിപ്പം കാരണം പലരും വാങ്ങാത്ത അവസ്ഥയുണ്ട്. 

this farmer grows thai Guava and earns Rs 32 Lakh per year
Author
Madhya Pradesh, First Published Oct 9, 2021, 2:57 PM IST
  • Facebook
  • Twitter
  • Whatsapp

മധ്യപ്രദേശിലെ ദിനേശ് ബഗ്ഗാദിന്റെ (Dinesh Baggad) പേരക്കാത്തോട്ടത്തിലെത്തിയാല്‍ കാത്തിരിക്കുന്ന കാഴ്ച  മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന നൂറുകണക്കിന് കൂറ്റൻ പേരക്കകളാണ്. എന്നാൽ, ഏതാനും വർഷങ്ങൾക്കുമുമ്പ്, ദിനേശിന്റെ കൃഷിയിടത്തിലെ കാഴ്ച ഇതായിരുന്നില്ല. 

സാജോദ്-രജോദ് ഗ്രാമത്തിൽ പെട്ട ഈ കർഷകൻ (Farmer) മുളക്, തക്കാളി, വെണ്ട, കയ്പക്ക, മറ്റ് സീസണൽ പച്ചക്കറികൾ എന്നിവയാണ് പരമ്പരാഗതമായി കിട്ടിയ തന്റെ നാല് ഏക്കറിൽ കൃഷി ചെയ്തിരുന്നത്. എന്നിരുന്നാലും, കീടങ്ങളുടെയും ഫംഗസിന്റെയും കടുത്ത ആക്രമണം, വർദ്ധിച്ചുവരുന്ന തൊഴിൽ ചെലവ് എന്നിവ അദ്ദേഹത്തിന് കൃഷിയില്‍ നഷ്ടമാണുണ്ടാക്കിയത്. 

"ഉൽപാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ മാർക്കറ്റ് നിരക്കുകൾ വളരെയധികം വർദ്ധിക്കുന്നില്ല. വർഷങ്ങളായി കുറഞ്ഞ ലാഭം മാത്രമുണ്ടാവുന്നത് കൃഷി സാമ്പത്തികമായി വെല്ലുവിളി നിറഞ്ഞതാക്കുന്നു" എന്ന് ദിനേശ് ദി ബെറ്റർ ഇന്ത്യയോട് പറയുന്നു.

2010 -ൽ, ഹോര്‍ട്ടികള്‍ച്ചര്‍ പരീക്ഷിക്കണമെന്ന് സുഹൃത്ത് നിർദ്ദേശിക്കുകയും തായ്‌ പേരയ്ക്കയെ പരിചയപ്പെടുത്തുകയും ചെയ്തു. ചിത്രങ്ങളിലും വീഡിയോയിലും ആ പേരക്കകൾ വളരെ വലുതായി കാണപ്പെട്ടു. അങ്ങനെ ദിനേശ് അയൽ സംസ്ഥാനത്തെ ഒരു തോട്ടം സന്ദർശിച്ചു.

തായ് വെറൈറ്റിയെ VNR-1 എന്നാണ് അറിയപ്പെടുന്നത്. ഈ പഴം ആറ് ദിവസം നില്‍ക്കും. മാത്രമല്ല അണുബാധയ്ക്ക് സാധ്യത കുറവാണ്. അതിലൂടെ അർത്ഥമാക്കുന്നത് ദൂരെയുള്ള മാർക്കറ്റുകൾ പോലും എത്താന്‍ കഴിയും എന്നാണ്. ഇത് ഒരു ലാഭകരമായ സാധ്യതയായി പരിഗണിച്ച് അത് പരീക്ഷിക്കാൻ തീരുമാനിച്ചു എന്ന് ദിനേശ് പറയുന്നു. 

ഇന്ന് ദിനേശിന്‍റെ തോട്ടത്തില്‍ 4000 മരങ്ങളുണ്ട്. അത് അദ്ദേഹത്തിന് 32 ലക്ഷം രൂപ നേടിക്കൊടുക്കുന്നു. ദിനേശില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മധ്യപ്രദേശില്‍ നിന്നുള്ള ഏകദേശം നാന്നൂറോളം കര്‍ഷകര്‍ ഇത് പരീക്ഷിക്കുന്നു. തുടക്കത്തില്‍ ദിനേശ് കരുതിയിരുന്നത് ഈ പേരക്കകളുടെ വലിപ്പത്തിന് കാരണം അതില്‍ ഹോര്‍മോണോ മറ്റോ കുത്തിവയ്ക്കുന്നതാണ് എന്നാണ്. എന്നാല്‍, സ്വന്തം തോട്ടത്തില്‍ നട്ടുവളര്‍ത്തിയപ്പോള്‍ പരമ്പരാഗതരീതി പിന്തുടര്‍ന്ന് കൃഷി ചെയ്ത ദിനേശിന് 11 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെ പേരക്കകള്‍ കിട്ടി. അതിലേറ്റവും വലിയ പേരക്കയ്ക്ക് 1.2 കിലോ ഭാരമുണ്ടായിരുന്നു. 

10 വർഷത്തിനുള്ളിൽ 4,000 മരങ്ങൾ നട്ടുവളർത്താൻ 18 ഏക്കർ ഭൂമി തന്റെ സഹോദരങ്ങൾക്കൊപ്പം പാട്ടത്തിന് എടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ വരുമാനം അഞ്ച് മടങ്ങ് വർദ്ധിക്കുകയും ആവശ്യമായ സാമ്പത്തിക ലാഭം നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. 

"ഞാൻ കിലോയ്ക്ക് 40-50 രൂപയ്ക്ക് പഴം വിറ്റു. 2021 -ൽ 65 ടൺ ഉത്പാദിപ്പിച്ചു. ഓരോ പഴത്തിനും 400 മുതൽ 1400 ഗ്രാം വരെ തൂക്കമുണ്ട്. അതിന്റെ വലുപ്പവും മധുരമുള്ള രുചിയും ഉപഭോക്താക്കളെ ആകർഷിക്കുന്നു" അദ്ദേഹം പറയുന്നു. പ്രദേശത്ത് ഏറ്റവും വിജയകരമായ രീതിയില്‍ ഇവ വളര്‍ത്തിയെടുക്കുന്നൊരാള്‍ ദിനേശ് തന്നെയാണ്. 

വളരെ കുറച്ച് ശ്രദ്ധ മതിയെന്നത് ഈ കൃഷിയെ കൂടുതല്‍ എളുപ്പമാക്കുന്നു. എന്നാല്‍, പലപ്പോഴും വില്‍ക്കാന്‍ ചെല്ലുമ്പോള്‍ അതിന്‍റെ വലിപ്പം കാരണം പലരും വാങ്ങാത്ത അവസ്ഥയുണ്ട്. ഹോര്‍ട്ടികള്‍ച്ചറിന്‍റെ പുതിയ മേഖലയിലേക്ക് കടക്കുന്നതിന് വ്യത്യസ്തമായ ഒരു വിപണി ആവശ്യമാണെന്ന് ദിനേശ് മനസ്സിലാക്കി.

ഭിൽവാര, ജയ്പൂർ, ഉദയ്പൂർ, അഹമ്മദാബാദ്, വഡോദര, സൂറത്ത്, പൂനെ, മുംബൈ, ബെംഗളൂരു, ഭോപ്പാൽ, ഡൽഹി തുടങ്ങി 12 വിപണന സ്ഥലങ്ങളിൽ ദിനേശ് ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ചു. അദ്ദേഹം തന്റെ ആദ്യ വിജയം കണ്ടു 2016 -ൽ അദ്ദേഹം മുംബൈയിൽ കിലോയ്ക്ക് 185 രൂപയ്ക്ക് പേരക്ക വിറ്റു. ഡൽഹിയിലെയും മുംബൈയിലെയും ഉപഭോക്താക്കൾ പഴം ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം ആ വിപണികളെ ലക്ഷ്യമിടാൻ തുടങ്ങി. 

വരും വർഷത്തിൽ അഞ്ച് ഏക്കറിലേക്ക് കൂടി തോട്ടം വികസിപ്പിക്കാൻ ദിനേശ് പദ്ധതിയിടുന്നു. "പേരക്കയിൽ നിന്ന് ഉൽപന്നങ്ങൾ ഉണ്ടാക്കാൻ ഞാൻ ഭക്ഷ്യ സംസ്കരണത്തിൽ കടക്കാനും പദ്ധതിയിടുന്നുണ്ട്. പക്ഷേ, അതിനുള്ള മൂലധനവും അറിവും ഇല്ല. അടുത്ത 10 വർഷത്തേക്ക് അതുകൊണ്ട് തോട്ടം പ്രയോജനം ചെയ്യും” എന്നും അദ്ദേഹം പറയുന്നു.

 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)
 

Follow Us:
Download App:
  • android
  • ios