കര്‍ഷകനായ ആ അച്ഛന്‍ മകനോട് പറഞ്ഞത് കൃഷിക്കാരനാകരുതെന്നായിരുന്നു. കാരണം വേറൊന്നുമല്ല. കൃഷിയില്‍നിന്ന് ഇന്നത്തെ കാലത്തെ വലിയ ലാഭമൊന്നും കിട്ടില്ലെന്നത് തന്നെയായിരുന്നു കാരണം. പക്ഷേ 33 വയസുള്ള ഈ മകന്‍ ശ്രമിച്ചത് കര്‍ഷകര്‍ക്ക് കൃഷിയോടുളള തെറ്റായ മനോഭാവം മാറ്റിയെടുക്കാനും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കാനുമായിരുന്നു. കൃഷി വെറും ജീവന്‍ നിലനിര്‍ത്താനുള്ള ഉപാധി എന്ന രീതിയിലല്ലാതെ സ്ഥിരവരുമാനമുള്ള നല്ലൊരു ജോലിയായിത്തന്നെ കാണണമെന്ന കാഴ്‍ചപ്പാട് കര്‍ഷകരിലുണ്ടാക്കാന്‍ കഴിഞ്ഞതാണ് സതീഷ് ഷെരാവതിന്റെ വിജയം.

ഇദ്ദേഹമുണ്ടാക്കിയ സ്‍മാര്‍ട്ട് ഫാംസ് എന്ന സ്റ്റാര്‍ട്ടപ്പ് വഴി കര്‍ഷകര്‍ക്ക് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്രശ്‌ന പരിഹാരമാര്‍ഗങ്ങളും വിപണി കണ്ടെത്താനുള്ള വഴികളും എളുപ്പത്തില്‍ ലഭ്യമായി. മൂന്ന് മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ 600 -ല്‍ക്കൂടുതല്‍ ഉത്പന്നങ്ങള്‍ ഇവര്‍ നിര്‍മിച്ചു. അടുത്ത 12 വര്‍ഷത്തിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

സ്‍മാര്‍ട്ട്‍ഫാംസ്

2019 -ലാണ് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‍മാര്‍ട്ട്‍ഫാംസ് എന്ന സംരംഭം ഇവര്‍ ആരംഭിക്കുന്നത്. കൃഷി എങ്ങനെ ലാഭകരമാക്കാം എന്ന് കാണിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. കര്‍ഷകരെ കൃഷി വിജയിപ്പിക്കാനാവശ്യമായ വിവിധ ഉത്പന്നങ്ങളിലൂടെയും വിവരണങ്ങളിലൂടെയും ശാക്തീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഗ്രാമീണമേഖലയെ മാറ്റിമറിക്കാനും കര്‍ഷകര്‍ക്ക് അഭിമാനത്തോടെ തങ്ങളുടെ തൊഴില്‍ തുടരാനുമുള്ള ആത്മവിശ്വാസമാണ് ഇവര്‍ പകര്‍ന്നു നല്‍കുന്നത്.

സംരംഭകരുടെ യാത്ര വെല്ലുവിളികളിലൂടെ

ഒരു സംരംഭം തുടങ്ങണമെങ്കില്‍ ഇന്ത്യയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അത്യാവശ്യമാണെന്ന് സതീഷ് പറയുന്നു. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഉത്പന്നങ്ങളിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സതീഷ് ഒരു ടീം ഉണ്ടാക്കാനാണ് ആദ്യം ശ്രമിച്ചത്. ഏകദേശം 62 വര്‍ഷത്തോളം ഗ്രാമീണ മേഖലയെക്കുറിച്ച് മനസിലാക്കിയ അഗാധമായ അറിവുള്ളവരെ യോജിപ്പിച്ചാണ് സതീഷ് തന്റെ ടീമിന് രൂപം നല്‍കിയത്.

 

കര്‍ഷകര്‍ക്ക് സുസ്ഥിരമായ രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ച രാജ് ശേഖര്‍ സിന്‍ഹയാണ് സതീഷിനെ ഈ സംരംഭം പടുത്തുയര്‍ത്താന്‍ സഹായിച്ചത്. മുഖ്യ ഉപദേശകനായി നിയമിച്ചത് എസ്.പി മാലിക്ക് എന്ന സീഡ് സര്‍ട്ടിഫിക്കേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെയാണ്. അദ്ദേഹത്തിന് 40 വര്‍ഷത്തെ അനുഭവസമ്പത്തുണ്ടായിരുന്നു. ബിസിനസിന്റെ മേധാവിയായി മഹന്തേഷ് ചാലൂക്കിയെയും കര്‍ഷകരുടെ വിഭാഗത്തിന്റെ മാനേജറായി വീരേന്ദ്രകുമാറിനെയും നിയമിച്ചു. അദ്ദേഹം ഇന്ത്യയിലെ 2,50,000 കര്‍ഷകരിലേക്ക് ആശയങ്ങളുമായി കടന്നുചെന്നു.

'ഈ മേഖല എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നതാണ് അടുത്ത വെല്ലുവിളിയായി വന്നത്. സ്റ്റാര്‍ട്ടപ്പ് നിര്‍മിച്ചുള്ള പരിചയമൊന്നും അതിനു മുമ്പ് എനിക്കില്ലായിരുന്നു. എന്റെ ടീമിനെ വികസിപ്പിക്കാനുള്ള സഹായം പലരില്‍ നിന്നും ലഭിച്ചു.' സതീഷ് പറയുന്നു.

നിലവില്‍ ഇവര്‍ക്ക് 60 സ്മാര്‍ട്ട് ഹബ്ബുകളുണ്ട്. അടുത്ത വര്‍ഷം രണ്ടായിരത്തോളം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. ദക്ഷിണേന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഉപഭോക്താക്കളും വിതരണക്കാരും തമ്മിലുള്ള വിടവ് നികത്താനും കര്‍ഷകര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാനുമാണ് ഇത്തരമൊരു സ്റ്റാര്‍ട്ടപ്പ് ഉണ്ടാക്കിയത്.