Asianet News MalayalamAsianet News Malayalam

കൺട്രോൾ റൂമിലിരുന്ന് തന്റെ കൃഷിയിടങ്ങൾ നിയന്ത്രിക്കുന്നൊരാൾ, ഈ കർഷകന് ലക്ഷങ്ങളുടെ വരുമാനം

കൃഷിയിലെ വിജയം അദ്ദേഹത്തിന് വിവിധ പുരസ്‍കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ഇന്നവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡ്, ജഗ്‍ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‍കാര്‍ എന്നിവയെല്ലാം അതില്‍ പെടുന്നു. 

this farmer using science and technology in farming
Author
Bihar, First Published Mar 30, 2021, 3:15 PM IST

എല്ലാ ദിവസവും പതിവുപോലെ സുധാന്‍ഷു കുമാര്‍ തന്‍റെ ഫാമിലേക്ക് പോകും. അവിടെയെത്തിയാൽ നേരെ തന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് കയറും. അന്നത്തെ ദിവസം കാണുന്നതിനായി ഒരു സിനിമ തെരഞ്ഞെടുക്കും. അത് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തന്‍റെ കസേരയുടെ പിറകിലുള്ള പാനലിലെ ഒരു സ്വിച്ച് അമര്‍ത്തും. അതോടെ, സുധാന്‍ഷുവിന്‍റെ തോട്ടത്തിലെ ജലസേചനവും വളമിടലും ആരംഭിക്കും. പിന്നെ, അദ്ദേഹം കാണാനെടുത്തുവച്ച സിനിമ കാണുന്നു. സിനിമ തീരുമ്പോഴേക്കും അദ്ദേഹത്തിന്‍റെ 35 ഏക്കർ തോട്ടത്തിലെ ജലസേചനവും വളമിടലും പൂര്‍ത്തിയായിട്ടുണ്ടാകും. അതോടെ, അയാള്‍ സിസ്റ്റം ഓഫ് ചെയ്‍ത് വീട്ടിലേക്ക് മടങ്ങുന്നു. 

തൊഴിലാളികളെ കുറിച്ചോ അധ്വാനത്തെ കുറിച്ചോ ഒന്നും തന്നെ യാതൊന്നും ആശങ്കപ്പെടാനില്ലാതെ സുധാന്‍ഷു എന്ന ബിഹാറിലെ സമസ്‍തിപൂരിലുള്ള കര്‍ഷകന്‍ തന്‍റെ കൃഷി നടത്തിക്കൊണ്ടു പോകുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ഈ കൃഷിരീതിയും മികച്ച വിളവുകളുമെല്ലാം അയാളെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സഹായിക്കുന്നു. അദ്ദേഹത്തിന്‍റെ 60 ഏക്കര്‍ ഫാമില്‍ 28000 മരങ്ങളുണ്ട്. അതില്‍, മാവ്, പേര, ഞാവല്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയെല്ലാം പെടുന്നു. പ്രതിവർഷം 80 ലക്ഷം രൂപ വരുമാനം അദ്ദേഹത്തിന് ഇതിലൂടെ ലഭിക്കുന്നു. 

1990 മുതല്‍ സുധാന്‍ഷു കൃഷി ചെയ്യുന്നുണ്ട്. അന്നുമുതല്‍, സാങ്കേതികവിദ്യകളുപയോഗിച്ച് എങ്ങനെ കൂടുതല്‍ എളുപ്പത്തില്‍ കൃഷി ചെയ്‍ത് ലാഭമുണ്ടാക്കാം എന്ന കാര്യവും അയാള്‍ പിന്തുടരുന്നുണ്ടായിരുന്നു. കൃഷിയിലേക്കുള്ള ഇഷ്‍ടം സുധാന്‍ഷുവിനുണ്ടാകുന്നത് കേരളത്തില്‍ നിന്നാണ്. മൂന്നാറിലെ ടാറ്റാ ടീ ഗാര്‍ഡനിലെ അസി. മാനേജരായിട്ട് ജോലി നോക്കിയിരുന്നു സുധാന്‍ഷു. തിരികെ ചെല്ലുന്നത് കൃഷിയില്‍ ഇഷ്‍ടവുമായിട്ടാണ്. അദ്ദേഹത്തിന്‍റെ അച്ഛനും മുത്തച്ഛനും കര്‍ഷകരായിരുന്നു. അതിനാല്‍ തന്നെ ആ പാരമ്പര്യം പിന്തുടരാന്‍ സുധാന്‍ഷുവും ഇഷ്‍ടപ്പെട്ടു. എന്നാല്‍, അച്ഛന് സുധാന്‍ഷു സിവില്‍ സര്‍വീസ് നേടണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍, നിരന്തരമായി കൃഷിയോടുള്ള ഇഷ്‍ടം പ്രകടിപ്പിച്ചതോടെ അവഗണിക്കപ്പെട്ട് കിടക്കുന്ന അഞ്ച് ഏക്കര്‍ സ്ഥലം വിട്ടുകൊടുത്ത് അച്ഛന്‍ സുധാന്‍ഷുവിനോട് അവിടെ കൃഷി ചെയ്‍തോളാന്‍ പറഞ്ഞു. 

അങ്ങനെ അച്ഛന്‍ ഭൂമി നല്‍കിയത് സുധാന്‍ഷുവിനെ പരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. ആ സ്ഥലത്ത് മരങ്ങളേക്കാള്‍ കൂടുതലും കാട്ടുചെടികളായിരുന്നു. എന്നാല്‍, സുധാന്‍ഷു അവിടെയും സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചു. ഡോ. രാജേന്ദ്രപ്രസാദ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അറിഞ്ഞ വഴികളുപയോഗിച്ച് അദ്ദേഹം കൃഷി മുന്നോട്ടു കൊണ്ടുപോയി. ഒരു വര്‍ഷത്തെ അധ്വാനത്തിനുശേഷം 25,000 രൂപ മുടക്കിയിടത്ത് കൃഷിയില്‍ നിന്നും 1.35 ലക്ഷം രൂപ അദ്ദേഹത്തിന് കിട്ടി. അത് ഒരു വലിയ വിജയം തന്നെയായിരുന്നു. അതുവരെ ആ സ്ഥലത്ത് നിന്നും 15,000 രൂപയില്‍ കൂടുതല്‍ കിട്ടിയിരുന്നില്ല. ഈ വരുമാനം ഉപയോഗിച്ച് ആദ്യമായി സുധാൻഷു വാങ്ങിയത് 40,000 രൂപ വില വരുന്ന ട്രാക്ടർ ഘടിപ്പിച്ച സ്പ്രേയറാണ്. ഇവിടെ നിന്ന്, യന്ത്രവൽക്കരണത്തിലേക്കും കൃഷിയിൽ സാങ്കേതികവിദ്യ നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചു. ഇന്ന്, അതേ അഞ്ച് ഏക്കർ പ്രതിവർഷം 13 ലക്ഷം രൂപ സുധാന്‍ഷുവിന് നേടിക്കൊടുക്കുന്നു. 

this farmer using science and technology in farming

നിലവിൽ സുധാൻഷുവിന് 200 ഏക്കർ കൃഷിയിടമുണ്ട്, അതിൽ 60 ഏക്കർ മൈക്രോ ഇറിഗേഷനിൽ പ്രവർത്തിക്കുന്നു, 35 ഏക്കർ ഭൂമി പൂർണമായും യന്ത്രസഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ധാന്യം, ഗോതമ്പ്, പയറ് എന്നിവയുൾപ്പെടെയുള്ള വിളകൾ അവശേഷിക്കുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നു. വിളകളുടെ ഗുണനിലവാരവും അളവും വര്‍ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയും കാർഷിക ഉപകരണങ്ങളും സഹായിച്ചു. ഒപ്പം പരമ്പരാഗത വിളയില്‍ നിന്നും മാറി വിവിധ പഴങ്ങളും കൃഷി ചെയ്‍ത് വിളവെടുത്ത് തുടങ്ങി. ഇത് പരമ്പരാഗത വിളകളില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ വരുമാനം നേടാന്‍ അദ്ദേഹത്തെ സഹായിച്ചു. 

താൻ സ്വീകരിച്ച സാങ്കേതികവിദ്യ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് കാർഷിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ജലസേചനം ചെയ്യുന്നതിനുമുള്ള ഒരു ഇടമായി കൺട്രോൾ റൂം പ്രവർത്തിക്കുന്നു എന്നാണ്. തോട്ടങ്ങളിൽ ഡ്രിപ്പ് ഇറിഗേഷനും മൈക്രോ സ്പ്രിംഗ്ളറുകളും ഉണ്ട്. കൺട്രോൾ റൂമിലെ ടാങ്കുകൾ ഡ്രിപ്പിലൂടെ രാസവളങ്ങളും കീടനാശിനികളും നൽകുന്നു. കൺട്രോൾ റൂമിൽ നിന്ന് നൽകുന്ന ഇൻപുട്ട് ചെടികൾക്ക് എപ്പോഴാണ് ജലസേചനം നൽകേണ്ടതെന്ന് തീരുമാനിക്കുന്നു. കൂടാതെ കൺട്രോളറിന് വളത്തിന്റെയും മറ്റും അളവ് തെരഞ്ഞെടുക്കാം. ഫാമിലേക്ക് ഒരു വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്ത് എവിടെയിരുന്നും ലാപ്‍ടോപ് വഴിയോ, സ്‍മാര്‍ട്ട്‍ഫോണ്‍ വഴിയോ കാര്യങ്ങള്‍ നിയന്ത്രിക്കാവുന്ന തരത്തിലാണ് ഇവിടെ പ്രവര്‍ത്തനം. ഒപ്പം ഫാമില്‍ സിസിടിവി -യും സജ്ജീകരിച്ചിട്ടുണ്ട്. 

എങ്കിലും പഴങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള ജോലി ആയിരുന്നില്ല. അവ പെട്ടെന്ന് തന്നെ മോശമാകാന്‍ സാധ്യത ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് വാങ്ങാനെത്തുന്നവരുടെ ഒരു ശൃംഖല തന്നെ രൂപീകരിക്കേണ്ടതായി വന്നു. ഉൽ‌പാദനക്ഷമത വർദ്ധിക്കുന്നതിനനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള ഇവ വാങ്ങുന്നവരുമായി സഖ്യമുണ്ടാക്കാൻ തുടങ്ങിയതായും വിളവെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ പഴങ്ങൾ എത്തിക്കുന്നതായും സുധാൻഷു പറയുന്നു. 2012 -ൽ അലഹബാദ് ആസ്ഥാനമായുള്ള കാനിംഗ് കമ്പനിയുമായി ഒരു കരാർ ഉണ്ടാക്കി, അവര്‍ ലിച്ചി വാങ്ങുന്നു. മാമ്പഴത്തിന് സ്ഥിരമായ ഒരു പ്രാദേശിക വിപണി ഉണ്ട്. വാഴപ്പഴം വിൽക്കാൻ കെവെന്റേഴ്സുമായി ചേർന്നു. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ദില്ലി, ദുബായ് എന്നിവിടങ്ങളിലും ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ഓൺലൈനായി ഓർഡറുകൾ സ്വീകരിക്കുന്നതിനായി അദ്ദേഹം നായനഗറിൽ ഓർച്ചാർഡ്സ് എന്ന കമ്പനി ആരംഭിച്ചു.

കൃഷിയിലെ വിജയം അദ്ദേഹത്തിന് വിവിധ പുരസ്‍കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ഇന്നവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡ്, ജഗ്‍ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‍കാര്‍ എന്നിവയെല്ലാം അതില്‍ പെടുന്നു. കര്‍ഷകരെല്ലാം ഹോര്‍ട്ടികള്‍ച്ചര്‍ പരിശീലിക്കണം എന്നും സുധാന്‍ഷുവിന് അഭിപ്രായമുണ്ട്. ഭൂമിയുടെ മൂന്നിലൊരു ഭാഗമെങ്കിലും ഹോര്‍ട്ടികള്‍ച്ചറിന് വേണ്ടി മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരില്‍ നിന്നും സബ്‍സിഡികള്‍ വാങ്ങിയെടുക്കുന്നതില്‍ കര്‍ഷകര്‍ ഒന്നും വിചാരിക്കേണ്ടതില്ല എന്നും അത് അന്വേഷിച്ച് വാങ്ങണമെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ സാങ്കേതിക വിദ്യ പരമാവധി കൃഷിയില്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. 

മിക്കവാറും സര്‍ക്കാരുകളും സബ്‍സിഡികളും ഉപകരണങ്ങളും വളവുമെല്ലാം നല്‍കാറുണ്ട്. അത് നമ്മെ വളരാന്‍ സഹായിക്കും താനങ്ങനെയാണ് വളര്‍ന്നത് എന്നും സുധാന്‍ഷു പറയുന്നു. ഗ്രാമത്തലവന്‍ കൂടിയായ സുധാന്‍ഷുവില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അവിടെയുള്ള പല കര്‍ഷകരും ഡ്രിപ് ഇറിഗേഷന്‍ ടെക്നിക്കുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കോര്‍പറേറ്റുകളുമായി കൂടിച്ചേര്‍ന്നു കൊണ്ട് പഴങ്ങള്‍ വലിയ രീതിയില്‍ വിറ്റഴിക്കുന്നതിനെ കുറിച്ചും അദ്ദേഹം ആലോചിക്കുന്നുണ്ട്. 

സുധാന്‍ഷുവിന്‍റെ മുത്തച്ഛന് 2,700 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. എന്നാലിപ്പോള്‍ 200 ഏക്കര്‍ ഭൂമിയാണ് സുധാന്‍ഷുവിന്‍റെ കൈവശം ശേഷിക്കുന്നത്. ശാസ്‍ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ എപ്പോഴും ഉള്ളതിനേക്കാള്‍ വരുമാനം നേടാന്‍ തനിക്കാവുന്നു എന്നും അദ്ദേഹം പറയുന്നു. 

(കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios