Asianet News Malayalam

ലോക്ക്ഡൗണ്‍കാലത്ത് കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികള്‍ സൗജന്യമായി നല്‍കുന്ന കര്‍ഷക

ലോക്ക്ഡൗണ്‍ എന്റെ കുടുംബത്തെ സാമ്പത്തികമായി ബാധിക്കുന്നുണ്ട്. പച്ചക്കറികള്‍ വില്‍ക്കാന്‍ കഴിയുന്നില്ല. പക്ഷേ, മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കേണ്ട സമയമാണിതെന്ന് തോന്നി. 

this odisha farmer distributing free vegetables in lock down
Author
Odisha, First Published Apr 27, 2020, 11:14 AM IST
  • Facebook
  • Twitter
  • Whatsapp

നാല് മക്കളുടെ അമ്മയായ ഛായാറാണി കഴിഞ്ഞ 20 വര്‍ങ്ങളായി ഏഴ് ഏക്കര്‍ ഭൂമിയില്‍ പച്ചക്കറിക്കൃഷി ചെയ്യുകയാണ്. ഇതുകൂടാതെ 20 പശുക്കളെയും വളര്‍ത്തി പാല്‍ വില്‍പ്പന നടത്തുന്നു. കോവിഡ്-19 ബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വില്‍പ്പനയ്ക്കായി മറ്റൊരു മാര്‍ഗം തേടി. ഒറീസയിലെ ഭദ്രക് ജില്ലയിലെ 57 വയസുകാരിയായ ഛായാറാണി സാഹു തന്റെ പച്ചക്കറികളുമായി അടുത്തുള്ള 15 ഗ്രാമങ്ങളിലെത്തി സൗജന്യമായി വിതരണം ചെയ്യുകയാണ്. ചെറിയ പാക്കറ്റില്‍ തക്കാളി, മത്തങ്ങ, വഴുതിന, വെണ്ടയ്ക്ക, ക്യാരറ്റ്, ബീറ്ററൂട്ട്, പച്ചമുളക്, ഇലക്കറികള്‍ എന്നിയാണ് ഇവര്‍ പണം വാങ്ങാതെ ആളുകളുടെ വീടുകളിലെത്തിക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ പാവങ്ങളെ സഹായിക്കുകയാണ് യഥാര്‍ഥത്തില്‍ ഇവര്‍ ചെയ്യുന്നത്.

12 പശുക്കളില്‍ നിന്നായി 30 ലിറ്റര്‍ പാല്‍ ശേഖരിച്ച് ഗ്രാമവാസികള്‍ക്കും ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കും സൗജന്യമായി നല്‍കി.

'ഞാന്‍ മാസ്‌ക് ധരിച്ചാണ് വീടുകളില്‍ പോകുന്നത്. ആളുകള്‍ പട്ടിണി കാരണം മരിക്കാറാവുന്ന സാഹചര്യത്തില്‍ ഞാന്‍ എന്നെക്കുറിച്ചല്ല ചിന്തിക്കുന്നത്. പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ എന്റെ ഈ ചെറിയ സഹായം കൊണ്ട് സാധിക്കുന്നുണ്ടെങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു' ഛായാറാണി മനസ് തുറക്കുന്നു.

ഇവരുടെ സ്വന്തം ഗ്രാമമായ കുരുഡയിലെ വീടുകളില്‍ പച്ചക്കറി എത്തിക്കുന്നത് കൂടാതെ 50 ക്വിന്റലില്‍ക്കൂടുതല്‍ പച്ചക്കറികള്‍ ഭൈരാപുര്‍,അലബഗ, ലങ്ഗ, ബിനായക്പുര്‍ എന്നിവിടങ്ങളിലും ബസുദേവപുരത്തെ മുനിസിപ്പാലിറ്റിയിലുള്ള സ്ഥലങ്ങളിലുമായി
വിതരണം ചെയ്യുന്നുണ്ട്.

ഏപ്രില്‍ 23 ന് ഭദ്രക് ജില്ലയില്‍ കൊറോണ ബാധിത പ്രദേശമായതിനാല്‍ പെട്ടെന്ന് 60 മണിക്കൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഛായാറാണിയുടെ കൈയില്‍ 25 ക്വിന്റലില്‍ക്കൂടുതല്‍ പച്ചക്കറികള്‍ വില്‍ക്കാതെ ബാക്കിയുണ്ടായിരുന്നു. പതിവ് പോലെ യാത്ര ചെയ്ത് വില്‍പ്പന നടത്താനായി ചന്തകളിലെത്തിക്കാനും കഴിയാത്ത സാഹചര്യമായിരുന്നു. അവിടം കൊണ്ടൊന്നും നിര്‍ത്താതെ തന്റെ ശ്രമം തുടര്‍ന്ന ഇവര്‍ അടുത്തുള്ള ഗ്രാമങ്ങളിലേക്ക് പച്ചക്കറികള്‍ സൗജന്യമായി കൊണ്ടുപോയിക്കൊടുത്തു.

'ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പും ഞാന്‍ ഇങ്ങനെ വില്‍പ്പന നടത്താറുണ്ടായിരുന്നു. ആളുകള്‍ക്ക് എപ്പോഴാണോ പച്ചക്കറികള്‍ ആവശ്യമായി വരുന്നത് അപ്പോള്‍ത്തന്നെ ഞാന്‍ വിതരണം ചെയ്യാറുണ്ട്. എന്റെ വീട്ടിലെത്തി അവര്‍ പച്ചക്കറികള്‍ വാങ്ങാറാണ് പതിവ്. ഇതുകൂടാതെ രണ്ട് കി.ഗ്രാം നെയ്യ് പല ചടങ്ങുകള്‍ക്കുമായി നല്‍കിയിട്ടുണ്ട്. പ്രായമുള്ളവര്‍ക്കായി പാലും സൗജന്യമായി വിതരണം ചെയ്യാറുണ്ട്' ഛായാറാണി പറയുന്നു.

ഇവരുടെ കൃഷിയില്‍ ഭര്‍ത്താവ് സര്‍ബേശ്വര്‍ സാഹുവിന്റെ എല്ലാവിധ പിന്തുണയുമുണ്ട്. ഇദ്ദേഹം ഒരു പാല്‍ സൊസൈറ്റി നടത്തിക്കൊണ്ടുപോകുന്നുമുണ്ട്.

 

ഈ കുടുംബം എല്ലാ വര്‍ഷവും 3 ലക്ഷത്തില്‍ക്കൂടുതല്‍ വരുമാനം പച്ചക്കറിക്കൃഷിയില്‍ നിന്നുണ്ടാക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സ്ഥിതി അല്‍പം പ്രയാസമുള്ളതാണെന്ന് ഇവര്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാരണം 50,000 -ല്‍ക്കൂടുതല്‍ രൂപയുടെ കച്ചവടം നടന്നിട്ടില്ല. പ്രാദേശിക വ്യാപാരികള്‍ ഈ അവസരം മുതലെടുത്ത് കുറഞ്ഞ വിലയ്ക്ക് ഇവരില്‍ നിന്നും പച്ചക്കറികള്‍ വാങ്ങാന്‍ തുടങ്ങിയതോടെ സ്വന്തം പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ പച്ചക്കറികള്‍ വിതരണം ചെയ്യുന്നു?

'ഒരു കൂട്ടം വൊളുണ്ടിയര്‍മാര്‍ എനിക്കൊപ്പമുണ്ട്. ഒരു ടെംപോ വാടകയ്‌ക്കെടുത്ത് ഗ്രാമങ്ങളിലേക്ക് പച്ചക്കറികളുമായി പോകും. എളുപ്പത്തില്‍ വിതരണം ചെയ്യാനായി 2.5 കി.ഗ്രാം മുതല്‍ 3 കി.ഗ്രാം വരെയുള്ള പാക്കറ്റുകളിലാക്കിയാണ് കൊണ്ടുപോകുന്നത്. ഉദ്ദേശിച്ച് സ്ഥലത്ത് എത്തിയാല്‍ എന്റെ ഭര്‍ത്താവും രണ്ടു മക്കളും ഭാര്യമാരും കൂടി അവിടെ പച്ചക്കറികള്‍ വിതരണം ചെയ്യാനായി ടെന്റ് കെട്ടാന്‍ സഹായിക്കും. ആളുകള്‍ ഇവിടെ വന്ന് പച്ചക്കറികള്‍ ശേഖരിച്ച് പോകുകയാണ് ചെയ്യുന്നത്. ചില സമയങ്ങളില്‍ ഞങ്ങള്‍ കാല്‍നടയായിത്തന്നെ പോയി വിതരണം ചെയ്യാറുണ്ട്.

വലിയ ഗ്രാമങ്ങളിലേക്ക് കുടുംബസമേതം പോകുമ്പോള്‍ ചെറിയ ഗ്രാമങ്ങളില്‍ പച്ചക്കറികള്‍ ശേഖരിച്ച ടെംപോയുമായി മറ്റുള്ളവരെ അയക്കുകയും കുറച്ച് ദിവസങ്ങള്‍ താമസിച്ച് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.

'ലോക്ക്ഡൗണ്‍ എന്റെ കുടുംബത്തെ സാമ്പത്തികമായി ബാധിക്കുന്നുണ്ട്. പച്ചക്കറികള്‍ വില്‍ക്കാന്‍ കഴിയുന്നില്ല. പക്ഷേ, മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കേണ്ട സമയമാണിതെന്ന് തോന്നി. എന്റെ ചെറിയ പ്രവര്‍ത്തനത്തിലൂടെ പാവങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുകയെന്നതാണ് പ്രധാനമെന്ന് ഞാന്‍ വിചാരിക്കുന്നു' ഛായാറാണി പറയുന്നു.

Follow Us:
Download App:
  • android
  • ios