Asianet News MalayalamAsianet News Malayalam

ശാസ്ത്രീയവും ജൈവരീതിയിലുള്ളതുമായ കൃഷി, ഈ കർഷകൻ വർഷം നാലുലക്ഷം രൂപവരെ നേടുന്നു

സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി ശങ്കർ ആസൂത്രിതമായി വിളകൾ നട്ടുപിടിപ്പിച്ചു തുടങ്ങി. കൂടാതെ, ഭൂമിയിൽ പുതയിടൽ നടപ്പാക്കുന്നത് ബാഷ്പീകരണ നിരക്ക് കുറയ്ക്കാൻ സഹായിച്ചു.

this Rajasthan farmer earns 4 Lakh per year
Author
Rajasthan, First Published Mar 19, 2021, 2:41 PM IST

ഒരു പരമ്പരാഗത കർഷകനാണ് രാജസ്ഥാനിലെ സലേര ഗ്രാമത്തിൽ നിന്നുള്ള ശങ്കർ ജാത്. 1.25 ഏക്കർ സ്ഥലത്ത് തക്കാളി, ബീൻസ്, ഗോതമ്പ് എന്നിവയെല്ലാം അദ്ദേഹം വളർത്തുന്നു. എന്നിരുന്നാലും, 45 വയസുള്ള ഈ കർഷകൻ ഒരിക്കലും പ്രതിവർഷം 60,000 രൂപയിൽ കൂടുതൽ സമ്പാദിച്ചിട്ടില്ല. കാരണം, ഇന്ത്യയിലെ മറ്റ് ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാനത്തിന്റെ കഠിനമായ കാലാവസ്ഥയും വരണ്ട കാലാവസ്ഥയും കർഷകരെ മികച്ച വിളവെടുപ്പ് നടത്താൻ അനുവദിച്ചിരുന്നില്ല. ജലക്ഷാമം പലപ്പോഴും കർഷകരെ വലച്ചു. നല്ല വിളവെടുപ്പിനായി അവർ പലപ്പോഴും മൺസൂണിന്റെ കാരുണ്യത്തെയാണ് ആശ്രയിച്ചു പോന്നത്. 

എന്നിരുന്നാലും, ശങ്കർ ചില ശാസ്ത്രീയ, സാങ്കേതിക വിദ്യകളെല്ലാം സ്വീകരിച്ചു. ഇപ്പോൾ പ്രതിവർഷം നാല് ലക്ഷം രൂപ സമ്പാദിക്കാൻ അതദ്ദേഹത്തെ സഹായിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന അതേ ഭൂമിയില്‍ അതേ വിളകള്‍ തന്നെ കൃഷി ചെയ്തിട്ടാണ് ഈ വര്‍ധനവ് എന്നോര്‍ക്കണം. “ഞാൻ 2016 -ൽ ഫാമിൽ തക്കാളി വളർത്താൻ തുടങ്ങി. പക്ഷേ വിളവ് കുറവായിരുന്നു. രണ്ടുവട്ടം ആവര്‍ത്തിച്ചിട്ടും പക്ഷേ ആറ് പേരുള്ള ഒരു കുടുംബത്തിന്റെ ചെലവുകൾ വഹിക്കാൻ കഴിയുമായിരുന്നില്ല” ശങ്കർ ദി ബെറ്റർ ഇന്ത്യയോട് പറയുന്നു. 

ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൌണ്ടേഷന്റെ (BAIF) റിസർച്ച് ഫൌണ്ടേഷന്റെ കീഴിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിശീലിക്കുകയും പഠിക്കുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ വരുമാനം ക്രമാനുഗതമായി മെച്ചപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. പുതയിടൽ, ഡ്രിപ്പ് ഇറിഗേഷൻ എന്നിവ ഉപയോഗിച്ച് ഒരു ബീഗ (0.6 ഏക്കർ) സ്ഥലത്ത് കൃഷി ചെയ്യാൻ ദേവ് കമ്പനിയിൽ നിന്നുള്ള ‘1057 ഇനം’ തക്കാളി വാങ്ങാൻ ഈ മേഖലയിലെ വിദഗ്ധർ എന്നെ സഹായിച്ചു. ചാണകം, ​ഗോമൂത്രം, വെള്ളം  തുടങ്ങിയവയെല്ലാം ചേര്‍ത്ത് ജീവാമൃതം ഉണ്ടാക്കി ഉപയോഗിച്ച് ഫലം വളർത്തി എടുക്കാനുള്ള ജൈവ രീതികൾ ഞാൻ പഠിച്ചു” അദ്ദേഹം പറയുന്നു.

സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി ശങ്കർ ആസൂത്രിതമായി വിളകൾ നട്ടുപിടിപ്പിച്ചു തുടങ്ങി. കൂടാതെ, ഭൂമിയിൽ പുതയിടൽ നടപ്പാക്കുന്നത് ബാഷ്പീകരണ നിരക്ക് കുറയ്ക്കാൻ സഹായിച്ചു. “ഈ രണ്ട് സാങ്കേതിക വിദ്യകളുടെയും ഉപയോഗത്തിലൂടെ മാത്രം ജലത്തിന്റെ ആവശ്യകത 70 ശതമാനം ലാഭിച്ചു” അദ്ദേഹം പറയുന്നു. മൂന്ന് ദിവസത്തിലൊരിക്കൽ ഒരു ദിവസം മുഴുവൻ കൃഷിസ്ഥലത്ത് വെള്ളമൊഴിക്കുന്ന പതിവിനുപകരം, ശങ്കർ എല്ലാ ദിവസവും 20 മിനിറ്റ് നേരം ചെടികൾക്ക് വെള്ളം നനയ്ക്കാൻ തുടങ്ങി. നല്ല വിളകള്‍ അപ്പോള്‍ തന്നെ കൊയ്തെടുത്തു. ''0.6 ഏക്കർ സ്ഥലത്ത് ഇതേ രീതി ആവർത്തിച്ചു. കൂട്ടായ വിളവെടുപ്പ് വലിയ ഉത്പാദനം നേടാനും ലക്ഷക്കണക്കിന് രൂപ നേടാനും എന്നെ സഹായിച്ചു” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അവശേഷിക്കുന്ന ഭൂമിയിൽ ഗോതമ്പ് വളർത്തുന്നത് തുടരുകയാണെന്നും ഇത് തനിക്ക് അധിക വരുമാനം നേടിത്തരുന്നു എന്നും ശങ്കർ പറയുന്നു.

“പുതയിടൽ വ്യാപിപ്പിക്കുന്നതിൽ ഞാൻ കഷ്ടപ്പെട്ടു. തുടക്കത്തില്‍ 0.6 ഏക്കർ ഭൂമിയിലെ ചെലവുകൾക്ക് BAIF എന്നെ സഹായിച്ചു, പക്ഷേ കൃഷി ചെയ്യുന്നതിന് നിക്ഷേപം നടത്തുന്നത് ഒരു വെല്ലുവിളിയായിരുന്നു. ഞാൻ ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങി” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഫൌണ്ടേഷന്‍ അസോസിയേറ്റ് പ്രോഗ്രാം മാനേജറായ നാഗിന്‍ പട്ടേല്‍ പറയുന്നത്, കൃത്യമായ രീതികളിലൂടെ കൃഷിയെ സമീപിക്കുന്നത് അമിത വൈദ്യുതി ചെലവുകളില്ലാതെയും കീടനാശിനിക്കും മറ്റുമായി കാശ് കളയാതെയും കര്‍ഷകരെ സഹായിക്കും. ഇതവരുടെ ഉത്പാദന ചെലവ് കുറയ്ക്കാനും സഹായിക്കും എന്നാണ്. 

സാങ്കേതികമായ രീതികളുപയോഗിച്ച് പരമ്പരാഗത കൃഷി രീതി തുടരാം. “സസ്യങ്ങൾ തമ്മിലുള്ള അകലം പാലിക്കുക, അധിക ജലസേചനം കുറയ്ക്കുക, വിളകളെ ദിവസവും ശ്രദ്ധിക്കുക, പരിചരിക്കുക എന്നിവയെല്ലാം വിളവെടുപ്പ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.” മൊത്തത്തിലുള്ള ഫലം കർഷകന്റെയും കുടുംബത്തിന്റെയും ജീവിതത്തെ മികച്ചതാക്കുന്നു. അതേ പ്രക്രിയ പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ശങ്കറിന്‍റെ വിജയം മറ്റുള്ളവര്‍ക്കും പ്രചോദനമായി മാറി. അയൽ ഗ്രാമങ്ങളിൽ നിന്നുള്ള അമ്പതോളം പേർ അദ്ദേഹത്തിന്റെ ഫാം സന്ദർശിച്ചു. “ഞാൻ ഉപയോഗിച്ച രീതികളെക്കുറിച്ച് മാർഗ്ഗനിർദ്ദേശം തേടാൻ കർഷകർ എന്നെ സമീപിക്കുന്നു. എന്റെ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പേർ ഈ ശാസ്ത്രീയവും ജൈവവുമായ സമീപനം സ്വീകരിക്കാൻ തീരുമാനിച്ചു” അദ്ദേഹം പറയുന്നു. അധികം കിട്ടിയ വരുമാനം മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും നല്ല ജീവിതം നയിക്കാനും സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. കൃഷിയില്‍ നിന്നും ജീവിതത്തിലൊരിക്കലും ഇത്രയും ലഭിച്ചിട്ടില്ല. റിസ്കെടുത്ത് നോക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ട് എന്നും അദ്ദേഹം പറയുന്നു. 

(കടപ്പാട്: ദി ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios