തക്കാളി കൃഷി ചെയ്യാനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ നല്ല നീര്‍വാര്‍ച്ചയും, സൂര്യപ്രകാശവും ലഭിക്കുന്ന ഇടങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

കറികൾക്കും മറ്റും തക്കാളി ഉപയോഗിക്കാത്ത ആളുകൾ വിരളമായിരിക്കും. ഒരുപക്ഷേ, എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒരു പച്ചക്കറി ഏതാണെന്ന് ചോദിച്ചാൽ അക്കൂട്ടത്തിലും മുൻപന്തിയിൽ തന്നെയാണ് തക്കാളിയുടെ സ്ഥാനം. പാചകത്തിന് മാത്രമല്ല നമ്മുടെ മുഖസൗന്ദര്യത്തിനും ഏറെ നല്ലതാണ് തക്കാളി. ലൈക്കോപെര്‍സിക്കണ്‍ എസ്‌കുലെന്റം എന്നതാണ് ശാസ്ത്രീയ നാമം. 

ഇങ്ങനെ ഗുണങ്ങൾ ഏറെയുണ്ടെങ്കിലും വിലയുടെ കാര്യത്തിലും ചിലപ്പോഴെങ്കിലും നമ്മുടെ കൈ പൊള്ളിക്കാറുണ്ട് തക്കാളി. എന്നാൽ, ഒന്നു മനസ്സുവെച്ചാൽ വീട്ടിലെ അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്നതും മികച്ച വിളവ് ലഭിക്കുന്നതുമായ ഒന്നാണ് തക്കാളി.

ചട്ടികളിലോ, ബാഗുകളിലോ, ചാക്കുകളിലോ നമുക്ക് എളുപ്പത്തിൽ തക്കാളി കൃഷി ചെയ്യാവുന്നതാണ്. സാധാരണ ഗതിയിൽ തക്കാളി തൈകളാണ് നടാൻ നല്ലത്. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നീ ഇനങ്ങളാണ് തക്കാളി കൃഷിക്ക് ഉത്തമം. ഇവ ബാക്ടീരിയയെ ചെറുക്കാൻ ഏറെ ശേഷിയുള്ള ഇനങ്ങളാണ്.

തക്കാളി കൃഷി ചെയ്യാനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ നല്ല നീര്‍വാര്‍ച്ചയും, സൂര്യപ്രകാശവും ലഭിക്കുന്ന ഇടങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തൈ നടാനായി തടമെടുക്കുമ്പോൾ രണ്ടടി താഴ്ചയിൽ തടമെടുത്ത് അഞ്ച് കിലോ ചാണകപ്പൊടി, ഒരു കിലോ ആടിന്‍കാഷ്ഠം, 250 ഗ്രാം എല്ലുപൊടി, 200 ഗ്രാം കുമ്മായം, 100 ഗ്രാം ഉപ്പ് എന്നിവ മണ്ണുമായി കൂട്ടി കലർത്തുക. ശേഷം ആ പ്രതലത്തിൽ തൈ നടുക. ആദ്യഘട്ടത്തിലെ ഈ വളപ്രയോഗം കഴിഞ്ഞാൽ പിന്നീട് നാല് ഇല പ്രായമാകുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തണം.

ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളുരോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ് പ്രധാനമായും തക്കാളിയെ ബാധിക്കുക. ബാക്ടീരിയ ബാധകൾ ഒഴിവാക്കാനും നല്ല വിളവ് ലഭിക്കാനും താഴെപ്പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നാവും

പുളിപ്പിച്ച ദോശമാവ് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിലൊഴിച്ചു കൊടുക്കുക.

ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി ചെടിയുടെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറ്റി തടത്തിലൊഴിക്കുക.

തക്കാളി പൂവിട്ടു തുടങ്ങിയാല്‍ അതിരാവിലെ തണ്ട് പിടിച്ചു പതുക്കെ ചെടി ഇളക്കിക്കൊടുക്കുക. നന്നായി പരാഗണം നടക്കുകയും കായ്ക്കുകയും ചെയ്യും.

അതിരാവിലെ മോരും വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.

ഓറഞ്ചുതൊലി 10 ദിവസം വെള്ളത്തിലിട്ടതിനു ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് ഇലകളിലും തണ്ടിലും തളിക്കുക.

ഹോബിയായി തുടങ്ങി, സൈഡ് ബിസിനസിലൂടെ വർഷം 1 കോടി സമ്പാദിച്ച് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം