തക്കാളികള്‍ പലതരമുണ്ട്. അവയുടെ തൊലിയുടെ കനവും വ്യത്യാസപ്പെട്ടിരിക്കുന്നു. കട്ടികൂടിയ തൊലി തക്കാളിക്ക് ഉണ്ടാകാന്‍ ചില കാരണങ്ങളുണ്ട്. ചില പ്രത്യേക ഇനങ്ങള്‍ക്ക് ഈ സവിശേഷത കാണാം. ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റമുണ്ടാകുമ്പോള്‍ തൊലിക്ക് കനം കൂടുതലാകാം. അതുപോലെ ചെടി വളരുന്ന കാലാവസ്ഥയും ബാധിക്കാം.

റോമ തക്കാളി, പ്ലം തക്കാളി എന്നിവയ്ക്ക് പൊതുവേ തൊലിക്ക് കനം കൂടുതലാണ്. വിണ്ടുകീറുന്നത് പ്രതിരോധിക്കാന്‍ കഴിയുന്ന തക്കാളികള്‍ക്കും തൊലിക്ക് കനം കൂടുതലാണ്. ഇതില്‍ റോമയും പ്ലം തക്കാളിയും മധുരമുള്ള ലായനിയിലിട്ട ശേഷം ഉണക്കി സൂക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഉണക്കി സൂക്ഷിക്കുമ്പോള്‍ നല്ല ഗുണനിലവാരമുള്ളതാക്കുന്നത് ഈ തൊലിക്കട്ടിയാണ്. തക്കാളികളുടെ തൊലിക്കുള്ള കനം തന്നെയാണ് മൂത്ത് പഴുക്കുമ്പോള്‍ വിണ്ടുകീറാതിരിക്കാന്‍ സഹായിക്കുന്നതും.

നിങ്ങളുടെ തക്കാളിച്ചെടികള്‍ക്ക് ആവശ്യത്തിലും കുറഞ്ഞ അളവിലാണ് വെള്ളം ലഭിക്കുന്നതെങ്കില്‍ തൊലിക്ക് കനമുണ്ടാകും. അതായത് തക്കാളി തന്നെ അതിജീവനത്തിനായി കണ്ടെത്തുന്ന മാര്‍ഗമാണിത്. കട്ടി കൂടുതലുള്ള തൊലിയില്‍ വെള്ളം നന്നായി സംഭരിച്ചുവെക്കാന്‍ കഴിയും. ഇത് ഒഴിവാക്കാനായി നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം.

ചൂട് കൂടുതലായാലും തക്കാളിയുടെ തൊലി കനം കൂടുതലായി മാറും. തീവ്രമായ സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷനേടാനായി തക്കാളിച്ചെടി തന്നെ കണ്ടെത്തുന്ന മാര്‍ഗമാണിത്. ഇങ്ങനെ ശക്തമായ വേനല്‍ക്കാലത്ത് തക്കാളിച്ചെടിക്ക് അല്‍പം തണല്‍ നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.