എളുപ്പത്തില്‍ വളരുന്ന റബ്ബര്‍ ചെടി സാധാരണയായി ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താറുണ്ട്. പലനിറങ്ങളിലുള്ള ഇലകളോടുകൂടിയ ചെടിക്ക് പ്രത്യേക പരിചരണം നല്‍കിയാണ് വളര്‍ത്തുന്നത്. ഇത്തരം ചെടികളില്‍ കോശങ്ങളുടെ ഉല്‍പ്പരിവര്‍ത്തനത്താലാണ് 
 വെളുപ്പും പച്ചയും കലര്‍ന്ന ഇലകളില്‍ പിങ്ക് നിറം കൂടി കലര്‍ന്ന പോലെ കാണപ്പെടുന്നത്.

ചെടികളുടെ ഇലകള്‍ക്ക് പ്രകൃതിദത്തമായ പച്ചനിറം നല്‍കുന്നത് അതിലടങ്ങിയ ക്ലോറോഫില്‍ എന്ന വര്‍ണവസ്തുവാണ്. ഇതിന്റെ അളവ് കുറയുമ്പോഴാണ് ഇളം പിങ്കും വെളുപ്പും കലര്‍ന്ന ഇലകളുണ്ടാകുന്നത്. ഇത് ചിലപ്പോള്‍ കീടങ്ങളെ കബളിപ്പിക്കാറുമുണ്ടെന്ന് ചില ശാസ്ത്രജ്ഞന്‍മാര്‍ വിശ്വസിക്കുന്നു. ചെടി നശിച്ചതായോ ഉണങ്ങിയതായോ കീടങ്ങള്‍ക്ക് തോന്നുന്നതിന് ഈ നിറംമാറ്റം കാരണമാകാറുണ്ടെന്നാണ് ചിലര്‍ കരുതുന്നത്.

വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ ഏകദേശം ആറ് അടി ഉയരത്തിലും മൂന്ന് അടി വിസ്താരത്തിലും വളരും. ചെറുതും പച്ചനിറത്തിലുള്ളതുമായ പൂക്കളുണ്ടാകും. മണമില്ലാത്ത പൂക്കളാണ്. നേരിട്ടല്ലാതെയുള്ള വെളിച്ചമാണ് ചെടികള്‍ക്ക് ആവശ്യം. ഇലകള്‍ കൊഴിഞ്ഞുപോകുകയോ നിറം നഷ്ടമാകുകയോ ചെയ്താല്‍ കൂടുതല്‍ വെളിച്ചം ആവശ്യമുണ്ടെന്നര്‍ഥം. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്ന ചെടിയാണിത്.

മണ്ണില്‍ വെള്ളത്തിന്റെ അംശം ഇല്ലെന്ന് തൊട്ടു നോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രമേ നനയ്ക്കാവൂ. ഇലകള്‍ നനയ്ക്കരുത്. നനച്ച ശേഷം വെള്ളം ചട്ടിയുടെ താഴെയുള്ള സുഷിരത്തിലൂടെ വാര്‍ന്നുപോകുന്നുവെന്ന് ഉറപ്പുവരുത്തണം. വളപ്രയോഗം അത്യാവശ്യമില്ല. എന്നിരുന്നാലും തിളങ്ങുന്നതും ആരോഗ്യമുള്ളതും വലുപ്പമുള്ളതുമായ ഇലകള്‍ ലഭിക്കാന്‍ അത്യാവശ്യത്തിന് ജൈവവളപ്രയോഗം നല്ലതാണ്. ഒരു സീസണില്‍ ഒരിക്കല്‍ മാത്രം നല്‍കുന്ന രീതിയിലുള്ള വളമാണ് ആവശ്യം.

മുഞ്ഞ, മീലി മൂട്ട, സ്‌പൈഡര്‍ മൈറ്റ്, ഇലപ്പേന്‍ എന്നിവയെല്ലാം ചെടിയെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. കുമിള്‍ രോഗബാധ കാരണം ഇലകളില്‍ ചെറിയ പുള്ളിക്കുത്തുകള്‍ ഉണ്ടാകുകയും മഞ്ഞനിറമാകുകയും ചെയ്യാം. അതുപോലെ അമിതമായ തണുപ്പില്‍ വളര്‍ത്തിയാല്‍ ഇലകളുടെ അടിഭാഗത്ത് ചുവന്ന നിറമുണ്ടാകാം. വേപ്പെണ്ണയോ കീടങ്ങളെ പ്രതിരോധിക്കാനുള്ള സോപ്പോ ഉപയോഗിച്ച് ചെടികളെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാം.