ചെമ്പരത്തിക്ക് എന്നും തന്‍റേതായ സൗന്ദര്യമുണ്ട്! രാവിലെ എല്ലാ തനിമയോടും കൂടി വിടര്‍ന്ന് വൈകുന്നേരമാകുമ്പോള്‍ വാടിപ്പോകുന്ന ഈ പൂക്കള്‍ വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പൂന്തോട്ടങ്ങളെ അലങ്കരിക്കുന്നു. വെളുപ്പും ചുവപ്പും മഞ്ഞയും നീലയും പിങ്കും നിറങ്ങളില്‍ വിടര്‍ന്നു വിലസുന്ന പൂക്കള്‍ വീട്ടുമുറ്റത്തും അകത്തളങ്ങളിലും ഒരുപോലെ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഏകദേശം 37 ഇനങ്ങളിലുള്ള വ്യത്യസ്‍തമായ ചെമ്പരത്തികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.

ഹാര്‍ഡി ഹിബിസ്‌കസ് ( Hardy hibiscsus), റോസ് ഓഫ് ഷാരണ്‍ (Rose of Sharon), ട്രോപിക്കല്‍ ഹിബിസ്‌കസ് (Tropical hibiscus)എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളായി ചെമ്പരത്തികളെ തരംതിരിച്ചിട്ടുണ്ട്. യു.എസില്‍ നിന്നുള്ള ഹൈബ്രിഡ് ഇനങ്ങളാണ് ഹാര്‍ഡി ഹിബിസ്‌കസ് അഥവാ ദൃഢതയുള്ള ഇനത്തില്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട ഹിബിസ്‌കസ് സിറിയകസ് (H.syriacus) എന്നയിനം ചൈനയിലും ഇന്ത്യയിലും കാണപ്പെടുന്ന കുറ്റിച്ചെടിയായി വളരുന്ന ചെമ്പരത്തിയാണ്. യൂറോപ്പിന്റെ തെക്കന്‍ പ്രദേശങ്ങളിലും ഇവ വളരുന്നുണ്ട്. കൊറിയയുടെ ദേശീയ പുഷ്പമായ ഈ ഇനം തണുപ്പുകാലത്ത് നശിച്ചുപോകുകയും വസന്തകാലത്തിന് ശേഷം വീണ്ടും പുഷ്പിക്കുകയും ചെയ്യും. ഒരു ദിവസത്തെ ആയുസ് മാത്രമേ പൂക്കള്‍ക്ക് ഉള്ളുവെങ്കിലും വളക്കൂറുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണില്‍ വേനല്‍ക്കാലത്ത് സമൃദ്ധമായി പൂക്കളുണ്ടാകും. സൂര്യപ്രകാശം നന്നായി ലഭിക്കണം. ഒറ്റച്ചെമ്പരത്തിയും ഇരട്ടച്ചെമ്പരത്തിയും ഈ ഇനത്തില്‍ വിരിയാറുണ്ട്. ദൃഢതയുള്ള ഇനത്തില്‍പ്പെട്ട ചെമ്പരത്തികള്‍ പാത്രങ്ങളിലും വളര്‍ത്താവുന്നതാണ്. ഉഷ്‍ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ചെമ്പരത്തിയുടെ തൈകള്‍ തണുപ്പ് അധികമാകുന്ന സാഹചര്യത്തില്‍ വീട്ടിനുള്ളിലേക്ക് മാറ്റിവെച്ച് വളര്‍ത്താറുണ്ട്.

ഹിബിസ്‌കസ് റോസ സിനെന്‍സിസ് ( H.rosa-sinensis) എന്നയിനമാണ് അമേരിക്കയില്‍ എല്ലായിടത്തും നട്ടുവളര്‍ത്തുന്നത്. ഇത് യഥാര്‍ഥത്തില്‍ ചൈനയില്‍ നിന്നുള്ള ചെമ്പരത്തിയാണ്. ഇന്നത്തെ പുതിയ ഇനങ്ങളെല്ലാം ഹാവായിലും മഡഗാസ്‌കറിലും മൗറീഷ്യസിലും ചൈനയിലും ഫിജിയിലും കാണപ്പെടുന്ന തനതായ എട്ട് ഇനങ്ങളില്‍ നിന്നുള്ള ഹൈബ്രിഡ് ഇനങ്ങളാണ്. അതായത് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ചെമ്പരത്തികളെല്ലാം തന്നെ അവയുടെ എട്ട് പൂര്‍വികരില്‍ നിന്നുണ്ടായതാണെന്നര്‍ഥം.

ചിലപ്പോള്‍ മാതൃസസ്യത്തില്‍ നിന്ന് വേര്‍പെടുത്തി വളര്‍ത്തുന്ന ചെടികളിലെ പൂക്കള്‍ വ്യത്യസ്‍തമായി കാണപ്പെടാറുണ്ട്. ഇവ പോളിപ്ലോയിഡ് വിഭാഗത്തില്‍പ്പെട്ടവയാണ്. അതായത് രണ്ടില്‍ക്കൂടുതല്‍ ക്രോമസോമുകളുടെ ഗണമുള്ളതുകൊണ്ട് ഹൈബ്രിഡ് ആയി വ്യത്യസ്‍ത നിറങ്ങളിലും സ്വഭാവങ്ങളിലുമുള്ള പൂക്കളുണ്ടാക്കാന്‍ കഴിയുന്ന ഇനമാണിത്. ഹാവായ് ദ്വീപിലെ സംസ്ഥാന പുഷ്പ‍‍‍മായ ഹിബിസ്‌കസ് ബ്രാകെന്‍ റിഡ്ജി എന്നത് മഞ്ഞച്ചെമ്പരത്തിയാണ്. ഇവയെല്ലാം തന്നെ ഹമ്മിങ്ങ്‌ബേര്‍ഡ്, പൂമ്പാറ്റകള്‍, തോട്ടത്തിലെ മറ്റ് പരാഗണകാരികള്‍ എന്നിവയെ ആകര്‍ഷിക്കുന്ന ഇനങ്ങളാണ്.

വൈവിധ്യങ്ങളുടെ ലോകം, 37 ഇനങ്ങളില്‍ ചില പ്രധാന ഇനങ്ങളിതാ

ബെറി ആവ്‌സം ( Berry awesome): കടുംപച്ച നിറത്തിലുള്ള ഇലകളും പിങ്ക് നിറത്തിലുള്ള പൂക്കളുമായി ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പൂക്കള്‍ നിറയുന്ന ഇനമാണിത്. വേഗത്തില്‍ വളരുന്ന ഈ ഇനം നാല് അടി ഉയരത്തില്‍ വളരും.

ബ്ലഷ് (Blush): ആറ് മുതല്‍ പത്ത് ഇഞ്ച് വരെ വലുപ്പമുള്ള പൂക്കളാണ്. റെഡ് വൈന്‍ നിറമുള്ള ഇലകള്‍ക്കിടയില്‍ ഇളംപിങ്ക് നിറത്തിലുള്ള മനോഹരമായ പൂക്കള്‍ നിറഞ്ഞുനില്‍ക്കും. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ചെടികള്‍ക്ക് മൂന്ന് അടി ഉയരമുണ്ടാകും. പാത്രങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്.

ക്രാന്‍ബെറി ക്രഷ് (Cranberry crush): തിളങ്ങുന്ന ചുവപ്പ് നിറത്തിലുള്ള പൂക്കളും നല്ല പച്ചനിറമുള്ള ഇലകളുമുള്ള ഈ ഉദ്യാനസുന്ദരിയില്‍ എട്ട് ഇഞ്ച് വലുപ്പമുള്ള പൂക്കള്‍ വിടരും.

ഹണിമൂണ്‍ റെഡ് എഫ്-1 (Honeymoon Red F1): മൂന്ന് അടി ഉയരത്തില്‍ വളരുന്ന ചെടിയില്‍ കടുംചുവപ്പ് പൂക്കളുണ്ടാകും. ഞൊറികള്‍ പോലെ ചെറുതായി പിണഞ്ഞുകിടക്കുന്ന ഇതളുകളാണ്. വളരെ പെട്ടെന്ന് തഴച്ച് വളരുന്ന ഈ ഇനം നിങ്ങള്‍ക്ക് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഹണിമൂണ്‍ വസന്തം തന്നെ ഒരുക്കിത്തരും. വരള്‍ച്ചയെ അതിജീവിക്കാനും ചൂടിനെ പ്രതിരോധിച്ച് വളരാനുമുള്ള കഴിവുണ്ട്. ഫസ്റ്റ് ജനറേഷന്‍ ഹൈബ്രിഡ് (F1) ആയ ഈ ഇനം വിത്തില്‍ നിന്നാണ് മുളച്ച് വരുന്നത്.

ലോര്‍ഡ് ബാള്‍ടിമോര്‍ ( Lord baltimore): നാലോ അഞ്ചോ അടി ഉയരത്തില്‍ വളരുന്ന ഈ ഇനത്തിലും ചുവന്ന പൂക്കളാണ്ടാകുന്നത്. പച്ചനിറത്തിലുള്ള ഇലകള്‍ക്കിടയില്‍ വിരിയുന്ന പൂക്കളുടെ നടുവിലായി ചെറിയ വെളുത്ത ഭാഗമുണ്ട്.

ലൂണ റെഡ് (Luna Red): പിങ്ക് കലര്‍ന്ന ചുവപ്പ് നിറമുള്ള മനോഹരമായ പൂക്കള്‍ക്ക് ഏകദേശം എട്ട് ഇഞ്ച് വലിപ്പമുണ്ടാകും. മൂന്ന് അടി ഉയരത്തില്‍ വളരുന്ന ഈ ഇനം നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് വളര്‍ത്തിയാല്‍ മധ്യവേനല്‍ മുതല്‍ മഴക്കാലം തുടങ്ങുന്നതുവരെയുള്ള കാലയളവില്‍ പുഷ്പിക്കും.

മിഡ്‌നൈറ്റ് മാര്‍വെല്‍ (Midnight marvel): ഇതും ചുവപ്പ് നിറമുള്ള സുന്ദരിയാണ്. ഇരുണ്ട പര്‍പ്പിള്‍ നിറമുള്ള ഇലകള്‍ക്കിടയില്‍ ഏകദേശം എട്ട് ഇഞ്ച് വലുപ്പമുള്ള പൂക്കളുണ്ടാകും. മഴക്കാലത്ത് ഇലകള്‍ ഓറഞ്ച് നിറമായി മാറും.

പാഷന്‍ (Passion): ചെറിയ കുറ്റിച്ചെടിയുടെ രൂപത്തില്‍ വളരുന്ന ഈ ചെമ്പരത്തിക്ക് പൂര്‍ണവളര്‍ച്ചയെത്തിയാല്‍ മൂന്ന് അടി ഉയരമുണ്ടാകും. തണുപ്പുകാലത്ത് പൂക്കളുണ്ടാകില്ല.

വിന്റേജ് വൈന്‍ (Vintage wine): ഹൃദയത്തിന്റെ ആകൃതിയിലുള്ള പച്ചനിറമുള്ള ഇലകളും ഒന്നിനുമുകളില്‍ മറ്റൊരിതള്‍ വരുന്ന രീതിയിലുള്ള ചുവപ്പ് നിറമുള്ള പൂക്കളുമാണ് പ്രത്യേകത. നാല് അടി ഉയരത്തില്‍ വളരും.

അഫ്രോഡൈറ്റ് ( Aphrodite): പ്രണയത്തിന്റെ ദേവതയായ അഫ്രോഡൈറ്റിന്റെ പേരിലാണ് ഈ ചെമ്പരത്തി അറിയപ്പെടുന്നത്. മനോഹരമായ ഇളംപിങ്ക് നിറത്തിലുള്ള പൂക്കളെ പ്രണയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? കൃത്യമായി നനയ്ക്കുകയും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളര്‍ത്തുകയും ചെയ്താല്‍ പൂക്കളുടെ വസന്തം തീര്‍ക്കാന്‍ ഈ ചെമ്പരത്തിക്ക് കഴിയും. തണ്ട് മുറിച്ച് നട്ട് വളര്‍ത്താം. വിത്തുകള്‍ ഉത്പാദിപ്പിക്കുന്ന ഇനമല്ല.

തീര്‍ന്നില്ല ചെമ്പരത്തിയുടെ വിശേഷങ്ങള്‍! ഇനിയും നിരവധി ആകര്‍ഷകമായ ഇനങ്ങള്‍ ഈ ചെടിയിലുണ്ട്. ബ്ലൂ സാറ്റിന്‍, ബ്ലൂബെറി സ്മൂത്തി, ലൂസി, മിനെര്‍വ, പര്‍പ്പിള്‍ പില്ലര്‍, റെഡ് ഹാര്‍ട്ട്, ഷുഗര്‍ ടിപ്, സമ്മര്‍ റഫിള്‍ എന്നിവയെക്കൂടാതെ ഹിബിസ്‌കസ് റോസാ സിനെന്‍സിസിന്റെ ഹൈബ്രിഡ് ഇനങ്ങളായ ബ്ലാക്ക് ഡ്രാഗണ്‍, ഫിയെസ്റ്റ, ഹാവായിയന്‍ സണ്‍സെറ്റ്, നയ്‌റോബി,പെയ്ന്റഡ് ലേഡി എന്നിവയും പൂന്തോട്ടങ്ങളെ വര്‍ണാഭമാക്കുന്നവയാണ്.