Asianet News MalayalamAsianet News Malayalam

ലക്ഷങ്ങളുടെ ജോലിയുപേക്ഷിച്ച് ​ഗ്രാമത്തിലേക്ക്, കോർപറേറ്റ് ജോലിക്ക് പകരം ക്ഷീരവ്യവസായം

ഗഡോഡിയയുടെ സഹജ് അഗ്രോ ഫാം ഇപ്പോൾ 250 -ലധികം വീടുകളിൽ പാൽ നൽകുന്നു. അദ്ദേഹം ഒരു വിജയകരമായ ക്ഷീരസ്ഥാപനം സൃഷ്ടിക്കുക മാത്രമല്ല, അടുത്തുള്ള 25 ഗ്രാമങ്ങളിലെ എല്ലാ കർഷകരെയും തന്റെ വിജയശൈലി പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

vigyan gadodia bid goodbye to his corporate career and started working for his village
Author
Lisariya, First Published Sep 9, 2021, 3:00 PM IST

നാൽപ്പത്തിയൊന്നുകാരനായ വിജ്ഞാൻ ഗഡോഡിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവയിൽ നിന്ന് പഠിച്ചിറങ്ങിയ ആളാണ്. കോർപ്പറേറ്റ് ലോകത്തിൽ ഉയരങ്ങൾ കീഴടക്കിയ അദ്ദേഹം ശമ്പളമായി ലക്ഷങ്ങൾ സമ്പാദിച്ചു. ജീവിതം ശരിക്കും അടിച്ചുപൊളിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് തന്റെ ജീവിതത്തോട് തന്നെ മടുപ്പ് തോന്നുകയും, സ്വന്തം ഗ്രാമത്തിലേയ്ക്ക് തന്നെ തിരികെ വരാൻ ആഗ്രഹിക്കുകയും ചെയ്തു. പകിട്ടുള്ള നഗര ജീവിതത്തിൽ നിന്ന് മാറി സ്വന്തം ഗ്രാമത്തിന് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു.    

യെസ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയായിരുന്നു ഗഡോഡിയ. 2005 -ലാണ് ബാങ്കിന്റെ മൈക്രോ ഫിനാൻസ് മേധാവിയായി ഒരു ഗ്രാമത്തിൽ അദ്ദേഹം നിയമിതനായത്. ഗ്രാമീണരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്നതിൽ മൈക്രോഫിനാൻസ് പരാജയപ്പെടുന്നതായി അദ്ദേഹം തിരിച്ചറിഞ്ഞു. സത്യാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം നിരാശനായി. ഗ്രാമത്തിലെ ആളുകളെ സഹായിക്കാനായി സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം ജോലി ഉപേക്ഷിച്ച് 2006 ജൂലൈയിൽ സ്വന്തം നാട്ടിലേയ്ക്ക് തന്നെ തിരിച്ചെത്തി.  

2006 മുതൽ 2011 വരെ ഗ്രാമത്തിൽ മണ്ണിര കമ്പോസ്റ്റ്, ജൈവകൃഷി, ബിപിഒ, ഒരു ഗ്രാമീണ എൻജിഒ എന്നീ ആശയങ്ങൾ നടപ്പിലാക്കാനായി അക്ഷീണം പ്രവർത്തിച്ചു. പിന്നീട് 2012 -ൽ ജയ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെ ലിസാരിയ ഗ്രാമത്തിൽ ഏകദേശം രണ്ടര ഏക്കർ സ്ഥലത്ത് ഒരു ക്ഷീര വ്യവസായം അദ്ദേഹം ആരംഭിച്ചു. സാധാരണക്കാർക്ക് ശുദ്ധമായ പാൽ നൽകുക എന്നതായിരുന്നു ഈ ബിസിനസ്സിന് പിന്നിലെ അദ്ദേഹത്തിന്റെ ഏക പ്രചോദനവും ലക്ഷ്യവും. കൂടാതെ ഒപ്പമുള്ളവർക്ക് ഒരു കൈത്താങ്ങാവാനും അദ്ദേഹം ശ്രദ്ധിച്ചു.  

ഗഡോഡിയയുടെ സഹജ് അഗ്രോ ഫാം ഇപ്പോൾ 250 -ലധികം വീടുകളിൽ പാൽ നൽകുന്നു. അദ്ദേഹം ഒരു വിജയകരമായ ക്ഷീരസ്ഥാപനം സൃഷ്ടിക്കുക മാത്രമല്ല, അടുത്തുള്ള 25 ഗ്രാമങ്ങളിലെ എല്ലാ കർഷകരെയും തന്റെ വിജയശൈലി പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിലവിൽ, അദ്ദേഹത്തിന്റെ ഫാമിൽ 50 പശുക്കൾ പ്രതിദിനം 500 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ, അടുത്തുള്ള ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് പാൽ സംഭരിക്കുന്നതിന് ഒരു നൂതന പാൽ സംസ്കരണ യൂണിറ്റും ഗഡോഡിയ ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയിൽ വിജയം നേടാമെന്ന് അദ്ദേഹം ഗ്രാമത്തിലെ കർഷകർക്ക് പറഞ്ഞുകൊടുത്തു. ഗ്രാമപ്രദേശങ്ങളിലെ നൂറുകണക്കിന് കർഷകർക്ക് ഉപജീവനമാർഗ്ഗമുണ്ടാക്കാൻ അദ്ദേഹത്തിന് ഇത് വഴി സാധിച്ചു. അവർക്കിടയിൽ സംരംഭകത്വം എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഗ്രാമത്തിലെ കർഷകർ ഇപ്പോൾ ആത്മവിശ്വാസത്തിലാണ്. ചെറിയ തൊഴിലവസരങ്ങൾ തേടി വലിയ നഗരങ്ങളിലേക്ക് കുടിയേറുന്നതിനുപകരം ഗ്രാമത്തിൽ തന്നെ ഒരു സംരംഭകനാകാൻ അവരിൽ പലരും ഇപ്പോൾ ധൈര്യപ്പെടുന്നു.  

Follow Us:
Download App:
  • android
  • ios