ചിലയിനം ചെടികളില്‍ ഇലകള്‍ ചുരുളാനും മഞ്ഞനിറമാകാനുമുള്ള കാരണം പോഷകങ്ങളുടെ അഭാവം മാത്രമല്ല. വൈറസിനോട് സാദൃശ്യമുള്ള സൂക്ഷ്മജീവികളാണ് വൈറോയിഡുകള്‍. എങ്ങോട്ടുപോയാലും അവിടെയെല്ലാം പെരുകുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യാന്‍ വിരുതന്‍മാരാണ് ഇവര്‍. പച്ചക്കറികളിലും പൂച്ചെടികളിലും പ്രശ്‌നമുണ്ടാക്കുന്ന ഇത്തരം ജീവികളെക്കുറിച്ച് അറിഞ്ഞിരിക്കാം.

തക്കാളിയിലുള്ള അസുഖമായ ടൊമാറ്റോ ക്ലോറിക്ക് ഡ്വാര്‍ഫ്, ആപ്പിളിലുണ്ടാകുന്ന ഫ്രൂട്ട് ക്രിങ്കിള്‍, ജമന്തിയിലുണ്ടാകുന്ന ക്ലോറോട്ടിക് മോട്ടില്‍ എന്നിവയ്ക്ക് കാരണക്കാരാണ് ഈ വൈറോയിഡുകള്‍. സിംഗിള്‍ സ്ട്രാന്‍ഡ് ആര്‍.എന്‍.എ തന്‍മാത്രയും സംരക്ഷണത്തിനായി മാംസ്യത്തിന്റെ കവചമില്ലെന്നുള്ളതുമാണ് വൈറസുകളുടെ ഘടനയില്‍ നിന്ന് ഈ സൂക്ഷ്മാണുവിനെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രത്യേകത. വൈറോയിഡുകള്‍ തങ്ങളുടെ ആര്‍.എന്‍.എ തന്‍മാത്രകളെ നിങ്ങളുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളിലെ സന്ദേശവാഹകരായ ആര്‍.എന്‍.എ തന്‍മാത്രകളുമായി സംയോജിപ്പിക്കാന്‍ ശ്രമം നടത്തുമ്പോഴാണ് ചെടികള്‍ക്ക് അസുഖമുണ്ടാകുന്നത്.

വൈറോയിഡുകളെ തോട്ടത്തില്‍ നിന്ന് അകറ്റാന്‍ ഏറ്റവും അത്യാവശ്യം ശ്രദ്ധയാണ്. ആരോഗ്യമുള്ള ചെടികള്‍ മാത്രം തിരഞ്ഞെടുക്കുക. അപകടകരമായ കീടനാശിനികള്‍ ഒരിക്കലും ഉപയോഗിക്കരുത്. തോട്ടത്തിലെ ചെടികള്‍ പ്രൂണ്‍ ചെയ്യാനും മുറിച്ചെടുക്കാനുമൊക്കെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനും രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റാനും ശ്രദ്ധിക്കണം.

ആരോഗ്യമുള്ള ചെടികള്‍ തിരഞ്ഞെടുത്ത് വളര്‍ത്തുകയെന്നതാണ് ഏറ്റവും പ്രധാനം. മങ്ങിയ നിറത്തിലുള്ള ഇലകളോടുകൂടിയ ചെടികള്‍ നഴ്‌സറികളില്‍ നിന്ന് വാങ്ങാതിരിക്കുക. അതുപോലെ മഞ്ഞനിറമുള്ളതും ഇരുണ്ടനിറമുള്ളതുമായ ഇലകളും ഒഴിവാക്കണം. കീടങ്ങളോ അസുഖങ്ങളോ കാണപ്പെടുന്നുണ്ടോന്ന് സൂക്ഷ്മമായി പരിശോധിക്കണം. ഇലകളുടെ അടിവശവും തണ്ടുകളുമായി യോജിക്കുന്ന ഭാഗവും നന്നായി പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ചെടികള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.