Asianet News MalayalamAsianet News Malayalam

ദില്ലിയിലെ കാർഷിക സമരങ്ങളും താങ്ങുവിലയും തമ്മിലെന്ത്? എന്തിനാണ് താങ്ങുവില?

കർഷകരും കേന്ദ്രവും തമ്മിലെ ചർച്ചകൾ  അലസിപ്പിരിയുന്നതിനു പിന്നിലെ ഒരു പ്രധാന കാരണം, പുതിയ കർഷക നിയമങ്ങൾ കാർഷിക വിളകൾക്കുള്ള താങ്ങുവില  എന്ന സങ്കല്പത്തെ  ഇല്ലാതാക്കും എന്നതാണ് 
 

What has MSP to do with latest ordinances why is MSP there for?
Author
Delhi, First Published Dec 12, 2020, 5:14 PM IST

ദില്ലിയിൽ നടക്കുന്ന കർഷക സമരങ്ങൾ അവസാനിക്കാത്തതിന് പിന്നിലെ, കർഷക സംഘടനാ നേതാക്കളും കേന്ദ്ര ഗവണ്മെന്റും തമ്മിൽ നടക്കുന്ന ചർച്ചകൾ ഒന്നിന് പിന്നാലെ ഒന്നായി അലസിപ്പിരിയുന്നതിനു പിന്നിലെ ഒരു പ്രധാന കാരണം, പുതിയ കർഷക നിയമങ്ങൾ കാർഷിക വിളകൾക്കുള്ള താങ്ങുവില അഥവാ മിനിമം സപ്പോർട്ട് പ്രൈസ് എന്ന സങ്കല്പത്തെ തച്ചു തകർക്കും എന്നതുതന്നെയാണ്. 

എന്താണ് ഈ താങ്ങു വില?

വിപണിയിൽ ഉണ്ടാകാൻ ഇടയുള്ള അസാധാരണമായ വിലവ്യതിയാനങ്ങളെ ചെറുക്കാൻ വേണ്ടി ഗവൺമെന്റുകൾ സ്വീകരിക്കുന്ന ഒരു മുൻകരുതലാണ് താങ്ങുവില എന്നറിയപ്പെടുന്നത്. അത് സാഹചര്യങ്ങൾ എത്ര വിപരീതമായാലും, കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുമ്പോൾ കേന്ദ്രം ഉറപ്പുനൽകുന്ന ഏറ്റവും ചുരുങ്ങിയ വിലയാണ്. ഇത് വിപണിയിൽ പ്രസ്‌തുത വിളയുടെ വില, കർഷകന് കൃഷിക്കായി ചെലവിടേണ്ടി വന്ന സംഖ്യയേക്കാൾ കുറവാകുന്ന, അതായത് കർഷകന് നഷ്ടം സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയുള്ള ഒരു സംവിധാനമാണ്. ഇപ്പോൾ കേന്ദ്രം താങ്ങുവില നൽകുന്നത് ആകെ 23 കാർഷിക വിളകൾക്കാണ്. ഏഴിനം ധാന്യങ്ങൾ - നെല്ല്, ഗോതമ്പ്, ചോളം, ബാജ്‌റ, ജോവർ, റാഗി, ബാർലി; അഞ്ചിനം പരിപ്പുകൾ - കടല, തുവരപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, ചെറുപയർ പരിപ്പ്, മസൂർ ദാൽ; ഏഴിനം എണ്ണവിത്തുകൾ - കടുക്, കടല, സോയാബീൻ, സൺഫ്ളവർ, എള്ള്, സാഫ്‌ളവർ, കരിംജീരകം; നാല് വാണിജ്യ വിളകൾ - പരുത്തി, കരിമ്പ്, കൊപ്ര, ചണം എന്നിവയാണ്. 

ആരാണ് താങ്ങുവില ഉറപ്പിക്കുന്നത്?

ഈ താങ്ങുവിലനിറക്കുകൾ വർഷാവർഷം ഖരീഫ്, റാബി സീസണുകളിൽ കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (CACP)  യുടെ നിർദേശാനുസാരം കേന്ദ്രം ഉറപ്പിക്കുകയാണ് പതിവ്. 1966 -67 കാലത്ത് ഒരു ക്വിന്റൽ ഗോതമ്പിനു പ്രഖ്യാപിച്ച 54 രൂപയാണ് ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ താങ്ങുവില. എഴുപതുകളിൽ അത് 76 രൂപയായി ഉയർന്നു. ഇന്ന് 2020 -ൽ അത് 1975 ആയി ഉയർന്നിട്ടുണ്ട്.  

എങ്ങനെയാണ് താങ്ങുവില കണക്കാക്കുന്നത്? 

A2, FL ,C2. എന്നിങ്ങനെ മൂന്നു ഘടകങ്ങളിൽ ആധിഷ്ഠിതമാണ് ഈ താങ്ങുവില. A2 എന്നത് കൃഷിക്കാർ ക്രിയയ്ക്കായി ചെലവിടുന്ന എല്ലാ സംഖ്യയും അതിൽ പെടും. വിത്തുവാങ്ങാൻ, വളം  വാങ്ങിക്കാൻ, കീടനാശിനികൾ വാങ്ങാൻ, കാർഷിക കൂലിവേലക്ക്, ഇന്ധനച്ചെലവ്, ജലസേചനം എന്നീ ചെലവുകൾ ഇതിൽ പെടും.  A2 + FL എന്നത് ഇതോടൊപ്പം കൃഷി ചെയുന്ന കുടുംബത്തിലെ കണക്കിൽ പെടാതെ പോവുന്ന കുടുംബാംഗങ്ങളുടെ വേതനം കൂടി ചേരുന്നതാണ്. A2 +  FL +C2 എന്ന് പറയുമ്പോൾ, അതിൽ സ്ഥലത്തിന്മേലും സ്ഥാവര സ്വത്തിന്മേലും വന്നിട്ടുള്ള ചെലവുകൾ കൂടി ചേർക്കുന്നതാണ്. ഇത് മൂന്നും കൂടി ചേർന്നതിന്റെ 1.5 ഇരട്ടി താങ്ങുവിലയായി നൽകും എന്നാണ് സങ്കൽപം. 

എന്തിനുവേണ്ടിയാണ് താങ്ങുവില?

ഇന്ത്യയിൽ ഭക്ഷ്യ ദാരിദ്ര്യം ഉണ്ടായിരുന്ന അറുപതുകളുടെ പകുതിയോടെയാണ് ആദ്യമായി താങ്ങുവില എന്ന സങ്കൽപം മുന്നോട്ടു വെക്കപ്പെടുന്നത്. ഹരിത വിപ്ലവത്തിന്റെ തുടക്കത്തിൽ കർഷകർക്ക് കൃഷിയിൽ താത്പര്യം നിലനിർത്താനുള്ള പ്രചോദനം എന്ന നിലയ്ക്കാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടു വെയ്ക്കപ്പെടുന്നത്. കർഷകർ ആവശ്യത്തിന് ഭക്ഷ്യ ധാന്യങ്ങൾ കൃഷിചെയ്യുന്നുണ്ട് എന്നുറപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു മുൻകരുതൽ എടുക്കപ്പെട്ടത്. ഹരിത വിപ്ലവത്തിന്റെ ഭാഗമായി തുറന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ റെഗുലേറ്റഡ് വിപണികളിൽ, താങ്ങുവിലക്ക് കർഷകരുടെ വിളകൾ വിലക്ക് വാങ്ങപ്പെട്ടിരുന്നു. ഇങ്ങനെ തങ്ങൾ കഷ്ടപ്പെട്ട് കൃഷിചെയ്തെടുക്കുന്ന വിളകൾക്ക് അർഹിക്കുന്ന വിലകിട്ടാൻ തുടങ്ങിയപ്പോൾ, കർഷകർക്ക് അടുത്ത വർഷവും കൃഷി ചെയ്യാനുള്ള ഒരു പ്രചോദനം കിട്ടിയിരുന്നു.  

ഈ ബില്ലും താങ്ങുവിലയും തമ്മിൽ എന്താണ് ബന്ധം?

പുതിയ നിയമം എപിഎംസി ക്കു പുറത്തുള്ള വില്പനകളെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വില്പനകൾ മണ്ഡികൾക്ക് പുറത്തേക്ക് നീങ്ങും എന്നും താമസിയാതെ തന്നെ എപിഎംസി മാർക്കറ്റുകൾ നിലയ്ക്കും എന്നുമാണ് കർഷകരുടെ ഭയം. വില്പനകൾ നിയന്ത്രിത സാഹചര്യങ്ങളിൽ കച്ചവടം നടക്കുന്ന, താങ്ങുവില നിലവിലുള്ള എപിഎംസി മാർക്കറ്റുകൾക്ക് പുറത്തേക്ക് കച്ചവടങ്ങൾ നീങ്ങുമ്പോൾ, സ്വാഭാവികമായും താങ്ങുവില എന്ന സങ്കല്പവും അതോടെ ഇല്ലാത്ത അവസ്ഥ വരുമെന്നാണ് കർഷകരുടെ ആശങ്ക. 

താങ്ങുവില ഇല്ലെങ്കിൽ എന്താണ് പ്രശ്നം?

ഏതൊരു ഉപജീവന മാർഗം പോലെ അല്ലെങ്കിൽ അതിനേക്കാൾ അധികമായി, കൃഷിയും നിലനിൽക്കുന്നത്, കൃഷിചെയ്യാൻ വേണ്ടി ചെലവായതിനേക്കാൾ കുറേക്കൂടി മേലേക്ക് പൈസ അതിനുള്ള വിലയായി കിട്ടുമെന്നുള്ള സങ്കല്പത്തിലാണ്. അത് ഇല്ലാത്ത വിളകളുടെ ഉദാ. ഉള്ളി, തക്കാളി എന്നിവയ്ക്ക് വില വല്ലാതെ കുറയുന്നതും അവയുടെ വില തീരെ കുറഞ്ഞ്, കർഷകന് നഷ്ടം വരുന്ന സാഹചര്യം ഉണ്ടാക്കുന്നു. ആ ഒരു സാഹചര്യം വിപണി നിരന്തരം നിരീക്ഷിച്ചു കൊണ്ട് നിശ്ചയിക്കപ്പെടുന്ന താങ്ങുവിലകൾ വഴി ഒരു പരിധിവരെ പരിഹരിക്കാൻ ഗവണ്മെന്റ് ശ്രമിക്കാറുണ്ട്.  

Follow Us:
Download App:
  • android
  • ios