കുരുവില്ലാത്ത പപ്പായ കൈയില്‍ കിട്ടിയപ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒറ്റ കുരു പോലുമില്ലാത്ത പഴുത്ത പപ്പായ കഴിക്കാന്‍ പറ്റുമോയെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും നിങ്ങളുടെ പപ്പായയില്‍ കുരുവില്ലാതെ വരാം. സംഗതി എന്തായാലും ആസ്വദിച്ച് കഴിക്കാമെന്നതില്‍ ഒരു സംശയവും വേണ്ട. ഇതാ, കുരുവില്ലാത്ത പപ്പായ ഉണ്ടാകുന്നതിന്റെ പിന്നിലെ രഹസ്യങ്ങള്‍.

പപ്പായയില്‍ ആണ്‍മരങ്ങളും പെണ്‍മരങ്ങളും ഈ രണ്ടു പ്രത്യുത്പാദനാവയവങ്ങളുമുള്ള മരങ്ങളുമുണ്ട്. പെണ്‍മരങ്ങള്‍ പെണ്‍പൂക്കളെ ഉത്പാദിപ്പിക്കുകയും ആണ്‍മരങ്ങള്‍ ആണ്‍പൂക്കളെ ഉത്പാദിപ്പിക്കുകയും ചെയ്യും. ദ്വിലിംഗ ഗുണമുള്ള മരങ്ങളില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളുമുണ്ടാകും. പെണ്‍മരങ്ങളില്‍ പരാഗണം നടക്കാനായി ആണ്‍പൂക്കളില്‍ നിന്നുള്ള പരാഗരേണുക്കള്‍ ആവശ്യമാണ്. അപ്പോള്‍ വ്യാവസായികമായി പപ്പായ കൃഷി ചെയ്യാനായി ഉപയോഗിക്കുന്നത് ദ്വിലിംഗഗുണങ്ങളുള്ള പപ്പായച്ചെടികളാണ്. അവയില്‍ സ്വപരാഗണം നടക്കുന്നുവെന്നതാണ് ഗുണം. പെണ്‍മരങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പപ്പായയിലാണ് വിത്തുകളില്ലാതിരിക്കുന്നത്.

എന്താണ് യഥാര്‍ഥത്തില്‍ കുരുവില്ലാത്ത പപ്പായ? പെണ്‍മരങ്ങളില്‍ നിന്നുള്ള പരാഗണം നടക്കാത്ത പപ്പായയാണിത്. അതായത് പരാഗരേണുക്കള്‍ പതിക്കാതെ വന്നാല്‍ പെണ്‍മരങ്ങളില്‍ പഴങ്ങളുണ്ടാകാതിരിക്കാം. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം മരങ്ങള്‍ കുരുവില്ലാത്ത പപ്പായ ഉത്പാദിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത. ഇത്തരം പഴങ്ങളെ പാര്‍ത്തനോകാര്‍പിക് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. നൂറ് ശതമാനം ഭക്ഷ്യയോഗ്യമാണ് ഇവയും. പ്രാഥമിക ബീജസങ്കലനം കൂടാതെയുള്ള ഫലോല്‍പാദനമാണ് ഇവിടെ നടക്കുന്നതെന്ന് മാത്രം.

ഇന്ന് സസ്യശാസ്ത്രജ്ഞന്‍മാര്‍ കുരുവില്ലാത്ത പപ്പായ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇവ ഗ്രീന്‍ഹൗസില്‍ വളര്‍ത്തി വിളവെടുക്കുകയാണ് ചെയ്യുന്നത്. പപ്പായയിലെ ഹൈബ്രിഡ് ഇനമായ മൗണ്ടന്‍ പപ്പായ എന്നറിപ്പെടുന്ന കാരിക്ക പെന്റഗോണ എന്നയിനത്തില്‍ ഒറ്റ കുരുപോലുമില്ല. നല്ല മധുരവും രുചിയുമുള്ള ഈ പപ്പായ അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രചാരമുള്ളതും കാലിഫോര്‍ണിയയിലും ന്യൂസിലാന്റിലും കൃഷി ചെയ്യുന്നുമുണ്ട്.