ചെറിയ ഉള്ളി പലരും വീട്ടില്‍ വളര്‍ത്താറുണ്ട്. തുടക്കക്കാര്‍ക്ക് പലപ്പോഴും വിളവെടുക്കാന്‍ പാകമായോ എന്ന് അറിയാന്‍ പ്രയാസമായിരിക്കും. ഇലകള്‍ മഞ്ഞനിറമാകുമ്പോള്‍ പിഴുതെടുത്ത് നോക്കിയവര്‍ക്ക് ഒരു ചെറിയ ഉള്ളി പോലും കിട്ടാതെ നിരാശപ്പെടേണ്ടിയും വന്നേക്കാം. എപ്പോഴാണ് ചെറിയ ഉള്ളി വിളവെടുക്കുന്നത്?

വേനല്‍ക്കാലത്തിന് തൊട്ടുമുമ്പ് നട്ടുവളര്‍ത്തുന്ന ചെറിയ ഉള്ളി ഏകദേശം 120 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാന്‍ പാകമാകും. ചെടിയുടെ മുകള്‍ഭാഗം ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ വിളവെടുപ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഇലകള്‍ കൊഴിഞ്ഞുവീഴാന്‍ തുടങ്ങുകയും ചെയ്യും. മണ്ണില്‍ കുഴിച്ചിടുന്ന ചെറിയ ഉള്ളിയുടെ ഒരു വിത്തില്‍ നിന്ന് നാല് മുതല്‍ 12 വരെ പുതിയ ഉള്ളികള്‍ ലഭിക്കാം. പൂക്കളുണ്ടാകാന്‍ തുടങ്ങുന്നതായി മനസിലായാല്‍ മുറിച്ചുമാറ്റണം. അല്ലെങ്കില്‍ ഉള്ളിയുടെ ഗുണത്തില്‍ വ്യത്യാസം വരും. വിത്തിനായി സൂക്ഷിച്ച് വെക്കണമെങ്കില്‍ മാത്രം പൂക്കളുണ്ടാകാന്‍ അനുവദിക്കാം.

വിളവെടുക്കുന്നതിന് മുമ്പായി മണ്ണ് അല്‍പ്പം ഈര്‍പ്പമുണ്ടാക്കി എളുപ്പത്തില്‍ ഇളക്കിയെടുക്കാന്‍ പാകത്തിലാക്കണം. മണ്ണില്‍ നിന്ന് ഇളക്കിയെടുത്തശേഷം അഴുക്കുകള്‍ മാറ്റി ഉണക്കിയെടുക്കാന്‍ പറ്റുന്ന സ്ഥലത്ത് തൂക്കിയിടണം. നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശം ലഭിച്ചാല്‍ പെട്ടെന്ന് ഉണങ്ങും. തൂക്കിയിടാതെ നല്ല വായുസഞ്ചാരമുള്ളതും ഒട്ടും ഈര്‍പ്പമില്ലാത്തതുമായ തറയില്‍ നിരത്തിയിട്ടും ഉണക്കിയെടുക്കാം. രണ്ടാഴ്ചത്തോളം ഉണക്കിയെടുത്താല്‍ ഇലകള്‍ ബ്രൗണ്‍ നിറമായി ഉള്ളിയുടെ തൊലി പൂര്‍ണമായും ഈര്‍പ്പമില്ലാതെ ഉണങ്ങും. ഇങ്ങനെ ഉണക്കിയെടുത്താല്‍ ദീര്‍ഘകാലം ഉള്ളി കേടുകൂടാതെ സൂക്ഷിക്കാം. വല കൊണ്ടുള്ള ബാഗിലോ ബ്രൗണ്‍ പേപ്പര്‍ ഉപയോഗിച്ചുള്ള ബാഗിലോ ഉള്ളി ആറ് മാസത്തോളം സൂക്ഷിക്കാം.